പാലായില്‍ ഇത്തവണ യു ഡി എഫിന് കൊട്ടിക്കലാശമില്ല. പകരം കെ എം മാണിയോടുള്ള ആദരസൂചകമായി പ്രാര്‍ഥനാ സംഗമത്തോടെ പ്രചരണ സമാപനം

ന്യൂസ് ബ്യൂറോ, പാലാ
Friday, April 19, 2019

പാലാ: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയ കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമാപന പരിപാടികളിലും മാറ്റം. ഇത്തവണ പതിവുപോലെ ആഘോഷപൂര്‍വ്വമായ കൊട്ടിക്കലാശം ഒഴിവാക്കി. പകരം ഞായറാഴ്ച വൈകുന്നെരത്തെ സമാപനം പ്രാര്‍ത്ഥന സംഗമത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം.

പാലായില്‍ കെ എം മാണിയുടെ സ്ഥിരം വേദികളില്‍ ഒന്നായിരുന്ന കുരിശുപള്ളി കവലയില്‍ ആയിരിക്കും പ്രാര്‍ഥനാ സംഗമമെന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ഫിലിപ്പ് കുഴികുളവും അറിയിച്ചു.

അന്തരിച്ച യു.ഡി.എഫ് ലീഡര്‍ കെ.എം മാണിയോടുള്ള ആദരസൂചകമായാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള പ്രചാരണ സമാപനമെന്നും നേതാക്കള്‍ പറഞ്ഞു. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് പ്രാര്‍ത്ഥനാസംഗമം നടത്തപ്പെടുക. പാലാ നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കും.

കെ എം മാണിയുടെ മരണത്തെ തുടര്‍ന്ന്‍ പ്രചരണ പരിപാടികളില്‍ നിന്ന് ചെണ്ടമേളം, ബാന്റ് മേളം, കലാപരിപാടികള്‍, തെരുവ് നാടകങ്ങള്‍ തുടങ്ങി എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കിയിരുന്നു. പല തെരഞ്ഞെടുപ്പ് യോഗങ്ങളും നടന്നത് കെ എം മാണി സ്മൃതിയാത്ര എന്ന പേരിലാണ്.

തോമസ്‌ ചാഴികാടനെ കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായിരുന്നു കെ എം മാണിയുടെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. അവസാനമായി മാണിസാര്‍ മാധ്യമങ്ങളെ കണ്ടതും ചാഴികാടന് വേണ്ടിയായിരുന്നു. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു മാണിസാറിന്‍റെ വിയോഗം. ഇതേ തുടര്‍ന്ന്‍ പ്രചരണ പരിപാടികള്‍ വ്യാപകമായി വെട്ടിച്ചുരുക്കുകയായിരുന്നു.

×