പാലക്കാട്: പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ റാലിയില്‍ പങ്കെടുത്ത ബൈക്കില്‍ നിന്നും വടിവാള്‍ നടുറോഡില്‍ വീണ സംഭവം വിവാദത്തില്‍. പാലക്കാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് ജില്ലയെ കണ്ണൂരാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് മാരകായുധങ്ങളുമായി സി പി എം പ്രവര്‍ത്തകര്‍ റാലിക്കെത്തിയതെന്ന ആരോപണമാണ് യു ഡി എഫ് ഉയര്‍ത്തുന്നത്.
പാലക്കാട്ടും ആലത്തൂരും പതിവില്ലാത്ത വിധം യു ഡി എഫ് പ്രതിരോധം തീര്‍ത്ത സാഹചര്യത്തില്‍ ഗുണ്ടാ വിളയാട്ടത്തിലൂടെ തെരഞ്ഞെടുപ്പ് രംഗം കൈപ്പിടിയിലൊതുക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന ആരോപണമാണ് യു ഡി എഫ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ബൈക്ക് റാലിക്കിടെയാണ് ഇടത് പ്രവര്‍ത്തകന്റെ ബൈക്കില്‍ നിന്നും വടിവാള്‍ അബദ്ധത്തില്‍ താഴെ വീണത്. ഇതിന്റെ ചിത്രം അടുത്തുണ്ടായിരുന്നവര്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ സംഭവം വിവാദമായി.
മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഭീഷണിയും കൈയ്യേറ്റ ശ്രമവും ഉണ്ടായത് സി പി എം ജില്ലയില്‍ അക്രമ രാഷ്ട്രീയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായ നീക്കമായാണ് യു ഡി എഫ് ആരോപിക്കുന്നത്. രാത്രി യു ഡി എഫിന്റെ പോസ്റ്റര്‍ പതിക്കുന്നതിനുപോലും ഇടത് പ്രവര്‍ത്തകരുടെ വിലക്കുള്ള ഭാഗങ്ങള്‍ മണ്ഡലത്തിലുണ്ട്.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിലും അക്രമ രാഷ്ട്രീയം പ്രയോഗിക്കാനുള്ള സി പി എം നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് യു ഡി എഫ് നീക്കം. ഇതിനിടെ സംഭവം നാണക്കേടായെന്ന വിലയിരുത്തല്‍ സി പി എം നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ച ഉണ്ടായതായാണ് വിലയിരുത്തല്‍. സംഭവം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തില്‍ ആക്കിയെന്നാണ് സി പി എം കരുതുന്നത്.