Advertisment

സംസ്ഥാനത്ത് ആദ്യമായി സ്ത്രീകളുടെ റോഡ്‌ ഷോയുമായി സ്ഥാനാര്‍ഥിയുടെ പത്രികാ സമര്‍പ്പണം. പാലക്കാട് വി കെ ശ്രീകണ്ഠന്‍ പത്രികാ സമര്‍പ്പണത്തിനെത്തിയത് നൂറുകണക്കിന് വനിതകളെ അണിനിരത്തി പ്രകടനമായി

New Update

പാലക്കാട്:  സംസ്ഥാനത്ത് വനിതകളെ മാത്രം അണിനിരത്തിയുള്ള റോഡ്‌ ഷോ 2019 തെരഞ്ഞെടുപ്പില്‍ ആദ്യം.  പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റെ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായാണ് സ്ത്രീകളുടെ റോഡ്‌ ഷോ അരങ്ങേറിയത്.

Advertisment

publive-image

കൊലപാതക രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് നൂറു കണക്കിന് അമ്മമാർ സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിന്റെ പ്രകടനത്തിൽ പങ്കെടുത്തത്. വിക്ടോറിയ കോളേജിൽ നിന്നും ഡിസിസി ഓഫീസ് പരിസരം വരെ നടത്തിയ പ്രകടനത്തിൽ സ്ത്രീകൾ മാത്രമാണ് പങ്കെടുത്തത്.

തുടർന്ന് മുതിർന്ന യുഡിഎഫ് നേതാക്കൾക്കും നൂറിലേറെയുള്ള പ്രവർത്തകർക്കുമൊപ്പം ജില്ലാ കളക്ട്രേറ്റ് പരിസരം വരെ ആവേശ പ്രകടനത്തോടെയാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിനായി എത്തിയത്.

മുൻ എംപി വി എസ് വിജയരാഘവൻ, മുൻ എംഎൽഎ സി പി മുഹമ്മദ്, ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം എന്നിവർക്കൊപ്പം ജില്ലാ കളക്ടർ ഡി ബാലമുരളിക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.

പത്രികയോടൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തനിക്ക് ഭൂസ്വത്തും അധിക ബാങ്ക് സമ്പാദ്യവുമില്ലെന്നു ശ്രീകണ്ഠന്‍ സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ട്. മൂന്ന്‍ ബാങ്കുകളിലായി പതിനായിരത്തോളം രൂപയുടെ നിക്ഷേപം മാത്രമാണ് ഉള്ളത്. നെന്മാറ കോളേജില്‍ പ്രൊഫസറായ ഭാര്യ പ്രൊഫ. കെ തുളസിയുടെ പേരില്‍ ഷൊര്‍ണൂരിലുള്ള ഫ്ലാറ്റില്‍ ശ്രീകണ്ഠനും ഉടമസ്ഥാവകാശമുണ്ട്.

ഷൊര്‍ണൂര്‍ കോണ്‍വെന്റ് റോഡില്‍ ഉണ്ടായിരുന്ന ശ്രീകണ്ഠന്റെ തറവാടുവീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന്‍റെ ചികിത്സാര്‍ത്ഥം വില്‍ക്കുകയായിരുന്നു. സ്വര്‍ണ്ണമായുള്ളത് ഭാര്യയുടെ പേരില്‍ 20 പവനും സ്വന്തം പേരില്‍ ഒരു പവന്‍ വരുന്ന വിവാഹമോതിരവുമാണ്.

vk sreekandan
Advertisment