Advertisment

പാലക്കാട് വി കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായി വരുന്നതിനുമുമ്പുള്ള രണ്ടു സര്‍വ്വേകളിലും വ്യക്തമായ മുന്‍‌തൂക്കം എം ബി രാജേഷിന് ! ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായ ശേഷമുള്ള ഏഷ്യാനെറ്റ് സര്‍വ്വേയില്‍ രാജേഷും ശ്രീകണ്ഠനും 1 % ല്‍ ഒപ്പത്തിനൊപ്പം ! പിന്നീടുണ്ടായ വിവാദങ്ങള്‍ രാജേഷിന് ഭീഷണിയാകുമോ ? രാഹുലിന്‍റെ വയനാട് പ്രവേശനവും യുഡിഎഫിന്റെ അവസാന ഘട്ടത്തിലെ ഉഷാര്‍ പ്രചരണവും ശ്രീകണ്ഠന് തുണയാകുമോ ? വേനല്‍ച്ചൂടിനെ കടത്തിവെട്ടുന്ന പ്രചരണച്ചൂടില്‍ പാലക്കാട് !

New Update

പാലക്കാട്:  ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം ഇടതുപക്ഷം ആദ്യം പ്രചരണം തുടങ്ങിയ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്.  സിറ്റിംഗ് എംപി എം ബി രാജേഷ് തന്നെ ഇത്തവണയും സ്ഥാനാര്‍ഥിയാകും എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രാജേഷിനെ ഇത്തവണ മാറ്റി നിര്‍ത്തണം എന്ന് പാര്‍ട്ടിയില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും പാലക്കാട്ടെ സാഹചര്യം പരിഗണിച്ച് മൂന്നാം തവണയും രാജേഷിനെ തന്നെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിക്കുകയായിരുന്നു.

Advertisment

publive-image

രാജേഷ് പ്രചരണം തുടങ്ങി 1 മാസം കഴിഞ്ഞാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി വി കെ ശ്രീകണ്ഠനെ പ്രഖ്യാപിക്കുന്നത്. ശ്രീകണ്ഠന്‍ പ്രചരണം ആരംഭിക്കുമ്പോള്‍ എം ബി രാജേഷിന്റെ പ്രചരണം ഒരു ഘട്ടം മുന്നോട്ട് പോയിരുന്നു. ഇതിനിടെയില്‍ പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വ്വേകള്‍ പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നടന്നു.

publive-image

അതില്‍ രണ്ടു സര്‍വേകളിലും എം ബി രാജേഷിന് വന്‍ മുന്നേറ്റമായിരുന്നു പ്രവചിച്ചിരുന്നത്. തുടര്‍ന്നായിരുന്നു സ്ഥാനാര്‍ഥിയായി പാലക്കാട് ഡി സി സി അധ്യക്ഷന്‍ കൂടിയായ വി കെ ശ്രീകണ്ഠന്റെ രംഗപ്രവേശം. ജില്ലയില്‍ 25 ദിവസം കൊണ്ട് 400 കി.മീറ്റര്‍ പിന്നിട്ട 'ജയ്ഹോ' പദയാത്ര സമാപിച്ച പിന്നാലെയായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതോടെ തെരഞ്ഞെടുപ്പ് രംഗം ഉണര്‍ന്നു.

publive-image

അതിനുശേഷം നടന്ന അഭിപ്രായ സര്‍വേയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന ഏഷ്യാനെറ്റ് സര്‍വേ. അതുവരെ കേരളത്തില്‍ ഏറ്റവും സുരക്ഷിതമെന്ന് സി പി എം കരുതിയിരുന്ന പാലക്കാട് എം ബി രാജേഷും വി കെ ശ്രീകണ്ഠനുമായി ഉണ്ടായിരുന്നത് 1 % മാത്രം വ്യത്യാസമായിരുന്നു. അതിനുശേഷമാണ് പാലക്കാട് യു ഡി എഫിന്റെ പ്രവര്‍ത്തനം ഉണരുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കെ പി സി സി നിയോഗിച്ച അജയ് തറയില്‍ മണ്ഡലത്തില്‍ ചുമതലയേല്‍ക്കുന്നത് സര്‍വേയ്ക്ക് ശേഷമായിരുന്നു.

publive-image

സി പി എമ്മിനെ പാലക്കാട് അങ്കലാപ്പിലാക്കിയിരിക്കുന്നത് ഇതാണ്. പോരാട്ടം ഇഞ്ചോടിഞ്ച് എന്നതായി മാറിയിരിക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തിയതോടെ പാലക്കാട്ടെ ചിത്രവും മാറി. യു ഡി എഫ് ക്യാമ്പുകള്‍ അതോടെ സടകുടഞ്ഞെഴുന്നേറ്റു.

ഇതിനിടെ എം ബി രാജേഷിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത വാഹനത്തില്‍ നിന്നും ആയുധം താഴെ വീണതും വിവാദമായി. കഴിഞ്ഞ ദിവസം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ശബരിമല മേല്‍ശാന്തിയെ സന്ദര്‍ശിച്ച് ആചാരപരമായ സമ്മാനങ്ങള്‍ സ്വീകരിച്ചതും രാജേഷിനെതിരെ ആയുധമായി ഉപയോഗിക്കുകയാണ് യു ഡി എഫ് ക്യാമ്പ്.

publive-image

ഇതിനോടകം വി കെ ശ്രീകണ്ഠന്‍ വലിയ മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നത്. യു ഡി എഫിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ചിട്ടയോടെ മുന്നോട്ട് പോകുന്നതും ശ്രീകണ്ഠന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ തവണ പാലക്കാട് 1 ലക്ഷത്തിലേറെ വോട്ടിന് കോണ്‍ഗ്രസുകാര്‍ തോല്‍പ്പിച്ചെന്ന്‍ ആരോപണം ഉന്നയിച്ച യു ഡി എഫ് വിട്ട എം പി വീരേന്ദ്രകുമാറിന്റെ മാതൃഭൂമി യു ഡി എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പുറത്തുവിട്ട അഭിപ്രായ സര്‍വേ മനപൂര്‍വ്വമായിരുന്നെന്നു തെളിയിക്കുന്നത് കൂടിയാണ് പുതിയ സര്‍വേ വിലയിരുത്തലുകള്‍. മാതൃഭൂമി കണ്ടെത്തിയതിന്റെ പകുതിയോളം ശതമാനം മാത്രമാണ് മറ്റ്‌ സര്‍വ്വേകളില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം.

publive-image

ഏഷ്യാനെറ്റ് സര്‍വെയില്‍ വി കെ ശ്രീകണ്ഠനും എം ബി രാജേഷും ഒപ്പത്തിനൊപ്പം എന്‍ ഡി എ ഏറെ പിന്നിലുമാണ്. അതിനുശേഷമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും എം ബി രാജേഷിന്റെ വിവാദങ്ങളും എന്നത് ശ്രീകണ്ഠന്റെ പ്രതീക്ഷകള്‍ പിന്നെയും ഉയര്‍ത്തുന്നു.

publive-image

ഒപ്പത്തിനൊപ്പം എന്ന സാഹചര്യം വന്നതോടെ ഏത് വിധേനയും മറുവിഭാഗത്തെ കടത്തിവെട്ടുന്നതിനുള്ള പോരാട്ടമാണ് ശ്രീകണ്ഠനും രാജേഷും നടത്തുന്നത്. ബി ജെ പി സ്ഥാനാര്‍ഥി കൃഷ്ണകുമാറും ഓരോ ദിവസവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ ഫോട്ടോ ഫിനീഷിങ്ങില്‍ ഫലപ്രഖ്യാപനം എത്തുന്ന മണ്ഡലങ്ങളുടെ നിരയിലേക്ക് പാലക്കാട് മാറുകയാണ്. അതോ വി കെ ശ്രീകണ്ഠന്റെ നിലവിലെ മുന്‍‌തൂക്കം വന്‍ ഭൂരിപക്ഷമായി ഇടതുപക്ഷത്തിന് ഇരുട്ടടിയായി മാറുമോ എന്നറിയാനും ജനം കാതോര്‍ക്കുന്നു.

 

vk sreekandan
Advertisment