പി വി അന്‍വറിന്റെ പൊതുജീവിതത്തില്‍ ‘കത്രിക’ വച്ചതാര് ? പ്രചാരണചൂടില്‍ നില്‍ക്കവേ ‘തോല്‍വി’ വിവാദമാക്കിയ അന്‍വറിന്റെ പ്രസ്താവനകളില്‍ ഇടത് ക്യാമ്പുകളില്‍ അതൃപ്തി ! തെരഞ്ഞെടുപ്പിനുശേഷവും പൊന്നാനിയിലെ രാഷ്ട്രീയത്തില്‍ തീപാറുമെന്ന് തീര്‍ച്ച ! 

ന്യൂസ് ബ്യൂറോ, മലപ്പുറം
Friday, April 19, 2019

മലപ്പുറം:  ഇടത് രാഷ്ട്രീയത്തില്‍ സ്വസ്ഥജീവിതം നയിക്കുകയായിരുന്ന വ്യവസായി പി വി അന്‍വര്‍ എം എല്‍ എയുടെ പൊതുജീവിതത്തില്‍ കത്രിക വച്ചതാരെന്ന വിവാദമാണ് ഇപ്പോള്‍ മലബാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു.

മത്സരിക്കാന്‍ താല്പര്യമില്ലെന്നു പലതവണ ആവര്‍ത്തിച്ചിട്ടും അന്‍വറിനെ നിര്‍ബന്ധിച്ച് പൊന്നാനിയില്‍ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പ്രചരണം അവസാന ഘട്ടത്തിലെത്തുകയും പ്രചരണ രംഗത്ത് ഉദ്ദേശിച്ചത് പോലെ മുന്നോട്ട് പോകാന്‍ കഴിയാതെ വരുകയും ചെയ്തതോടെയാണ് തോറ്റാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി അന്‍വര്‍ രംഗത്ത് വന്നിരിക്കുന്നത്.

പൊന്നാനിയില്‍ തോറ്റാല്‍ നിയമസഭാംഗത്വം വരെ രാജിവയ്ക്കുമെന്ന ഭീഷണിയാണ് അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഏത് വിധേനയും അന്‍വറെ വിജയിപ്പിക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിതരാണ്.

പക്ഷെ, പൊന്നാനിയിലെ സാഹചര്യം കടുത്ത മോഡി വിരുദ്ധതയുടെതാണ്. നരേന്ദ്രമോഡി അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഉറച്ച പിന്തുണ നല്‍കുന്ന മുന്നണി ഭൂരിപക്ഷം നേടണമെന്ന വികാരമാണ് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളത്. മാത്രമല്ല, ന്യൂനപക്ഷ മേഖലകളില്‍ ഈ വികാരം മോഡി വിരുദ്ധ തരംഗമായി മാറിയിരിക്കുകയാണ്.

യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന് ഈ തരംഗം ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. അതിനിടയില്‍ പിടിച്ചുകയറാന്‍ ഇടതുപക്ഷത്തിന് പരിമിതികളുണ്ടെന്നതാണ് നിലവിലെ സാഹചര്യം.

ഈ സാഹചര്യത്തില്‍ വലിയ പരാജയം ഉണ്ടായാല്‍ അത് നിലവില്‍ കരുത്തുറ്റ നിലയില്‍ താനുണ്ടാക്കിയെടുത്ത പൊതുജീവിതത്തിന്റെ ശോഭ കെടുത്തുമെന്ന ഭയം അന്‍വറിനുണ്ട്. അതിനാലാണ് തെരഞ്ഞെടുപ്പ് കഴിയാന്‍ പോലും കാത്ത് നില്‍ക്കാതെ തോറ്റാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും രാജിവയ്ക്കുമെന്നുമൊക്കെയുള്ള പ്രസ്താവനകള്‍ അന്‍വറില്‍ നിന്നുണ്ടായത്.

അന്‍വറിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് സി പി എമ്മിന്റെ വിലയിരുത്തല്‍. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും നേതൃത്വം ഭയപ്പെടുന്നുണ്ട്. എന്തായാലും തെരഞ്ഞെടുപ്പിനുശേഷവും പൊന്നാനിയിലെ രാഷ്ട്രീയം തീപാറുമെന്ന് തീര്‍ച്ച.

 

×