Advertisment

കെപിസിസിക്ക് ഒരു കമ്മിറ്റിയില്ല ? ആകെയുണ്ടായിരുന്ന പ്രസിഡന്റ് വയനാട്ടിലും ബാക്കിയുള്ളവര്‍ സ്ഥാനാര്‍ഥികളും !! ആഴ്ചകള്‍ക്ക് മുമ്പേ സ്ഥാനാര്‍ഥികളുമായിറങ്ങിയ ഇടത് മുന്നേറ്റത്തിന് തടയിട്ടത് പ്രതിപക്ഷത്തിന്റെ വജ്രായുധങ്ങള്‍. ശബരിമലയും പ്രളയ ദുരന്തവും മസാലാ ബോണ്ടും കത്തിക്കയറിയപ്പോള്‍ ഇടതിന് കാലിടറി. ഒടുവില്‍ മോഡി സുനാമി തടഞ്ഞ് 20 ല്‍ 19 ഉം നേടിയപ്പോള്‍ യുഡിഎഫില്‍ കരുത്തനായി ചെന്നിത്തല !

New Update

തിരുവനന്തപുരം:  20:20 ആയിരുന്നു യു ഡി എഫ് ആഗ്രഹിച്ചിരുന്നതെങ്കിലും ഒന്ന് കൊഴിഞ്ഞുപോയി.  പക്ഷെ, രാജ്യം മുഴുവന്‍ (പഞ്ചാബ് ഒഴികെ) കോണ്‍ഗ്രസിനെ കൈവിട്ടപ്പോഴും A+ വിജയങ്ങളുടെ കരുത്തില്‍ കേരളത്തെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ആശ്വസിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്.

Advertisment

ഫലം തിരിച്ചായിരുന്നെങ്കില്‍ ആക്രമണങ്ങള്‍ പ്രതിപക്ഷ നേതാവിനെതിരെ തിരിയുകയും നേതൃമാറ്റം എന്ന ആവശ്യം പോലും ഉയരുകയും ചെയ്യുവായിരുന്നു.

publive-image

രാജ്യമാകെ രാഷ്ട്രീയ കാലാവസ്ഥ പ്രതികൂലമായിരുന്നിടത്ത് നിന്ന് കേരളത്തിലെ സാഹചര്യം യു ഡി എഫിന് അനുകൂലമാക്കിയതിന് പിന്നില്‍ രമേശ്‌ ചെന്നിത്തലയുടെ ഇടപെടലുകളായിരുന്നു.

ശബരിമല യുവതീ പ്രവേശന വിധിയുണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധി വരെ അതിനെ അനുകൂലിച്ചു. പക്ഷേ, പ്രശ്നത്തിലെ അപകടം മണത്ത ചെന്നിത്തലയാണ് ആ നിലപാട് കേരളത്തില്‍ നടക്കില്ലെന്നു ആദ്യം തറപ്പിച്ച് പറയുന്നത്. ആ വിഷയത്തില്‍ പിന്നെ കോണ്‍ഗ്രസ് എടുത്ത നിലപാടുകളും നടപടികളും തന്ത്രപരമായിരുന്നു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളോട് ഇന്ന് ബി ജെ പി നേതാവ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചതുപോലെ കോരിവച്ച വെള്ളം ബക്കറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എടുത്തുകൊണ്ടുപോയി എന്ന അവസ്ഥ അതിന്റെ ഫലമായിരുന്നു.

publive-image

പ്രളയം രാഷ്ട്രീയ സുനാമികള്‍

കേരളം നേരിട്ട മഹാപ്രളയത്തിന് കാരണങ്ങളായ വിഷയങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ രമേശ്‌ ചെന്നിത്തല കൈക്കൊണ്ട നിലപാടുകള്‍ ജനം ഏറ്റുപിടിച്ചു. പ്രചരണം നടന്നുകൊണ്ടിരിക്കെയാണ് മഹാപ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. പ്രതിപക്ഷം പറഞ്ഞതിനുള്ള അംഗീകാരമായി അത് മാറി.

പ്രചരണത്തിനിടെ മസാലാ ബോണ്ട്‌ വിവാദത്തില്‍ സര്‍ക്കാരിനെ അടിമുടി പ്രതിരോധത്തിലാക്കിയതും പ്രതിപക്ഷ നേതാവിന്റെ ഇടപെടലായിരുന്നു.

publive-image

പുനസംഘടനയില്ല, ഭാരവാഹികളില്ല, പ്രസിഡന്റ് വയനാടിന്റെ ചുമതലയിലും

കെ പി സി സി ഇത്രയും ദുര്‍ബലമായ ഒരു സാഹചര്യത്തില്‍ കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. പാര്‍ട്ടിക്ക് ഭാരവാഹികളില്ല, പുനസംഘടന നടന്നില്ല, ഫണ്ടില്ല, നേതാക്കളില്ല എന്നതായിരുന്നു അവസ്ഥ. ആകെയുണ്ടായിരുന്നത് പ്രസിഡന്റും രണ്ടു വൈസ് പ്രസിഡന്റുമാരും പ്രചരണ സമിതി ചെയര്‍മാനും യു ഡി എഫ് കണ്‍വീനറുമായിരുന്നു.

ഇവരെല്ലാം ഒറ്റയടിക്ക് സ്ഥാനാര്‍ഥികളായി മാറിയപ്പോള്‍ കെ പി സി സി ഓഫീസ് നാഥനില്ലാ കളരിയായി. എന്ത് ചെയ്യണം ? എവിടെ തുടങ്ങണമെന്ന് മുല്ലപ്പള്ളിക്ക് പോലും അറിയാന്‍ വയ്യാത്ത സാഹചര്യം.

അതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വയനാട്ടില്‍ പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് അവിടെയ്ക്ക് പോയി. പിന്നെ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ ആര് എവിടെയൊക്കെ പോകണം എന്ന കാര്യത്തില്‍ നിശ്ചയം ഇല്ലാത്ത സ്ഥിതിയായി.

പ്രചരണ രംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികള്‍ ബഹളം വച്ചപ്പോള്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇടപെട്ടാണ് തങ്ങളുടെ നേതാക്കളെ തെരഞ്ഞു പിടിച്ച് മണ്ഡലങ്ങളുടെ ചുമതലകളില്‍ നിയമിക്കുകയും ഇവര്‍ക്ക് ഫണ്ട് ഏര്‍പ്പാടക്കുകയും ചെയ്തത്.

publive-image

സ്ഥാനാര്‍ഥി ലിസ്റ്റ് മാസായി !!

സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ് കോണ്‍ഗ്രസില്‍ എല്ലാ കാലത്തും തെരഞ്ഞെടുപ്പില്‍ തലവേദനയായി മാറുക പതിവുള്ളത്. ഇത്തവണ വയനാട് സീറ്റിന്റെ കാര്യത്തില്‍ മാത്രമാണു തര്‍ക്കമുണ്ടായത്. വയനാട് തര്‍ക്കത്തിലായപ്പോള്‍ വയനാട് പായ്ക്കെജിന്റെ ഭാഗമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകി.

പക്ഷെ, വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി വിസമ്മതിച്ചപ്പോള്‍ അവിടെ കെ മുരളീധരനെ രംഗത്തിറക്കാന്‍ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചു. ആറ്റിങ്ങലില്‍ ഐ ഗ്രൂപ്പിലെ ശക്തനായ അടൂര്‍ പ്രകാശിനെ രംഗത്തിറക്കിയപ്പോള്‍ ആ മണ്ഡലത്തിലെ എല്ലാ സമവാക്യങ്ങളും യു ഡി എഫിനനുകൂലമായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി കൂടി എത്തിയപ്പോള്‍ സ്ഥാനാര്‍ഥി ലിസ്റ്റ് മാസായി.

publive-image

ആദ്യഘട്ടത്തിലെ ഇടത് മുന്നേറ്റം പിടിച്ചുകെട്ടിയത് ചെന്നിത്തലയുടെ വജ്രായുധങ്ങള്‍

പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ആദ്യമേ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പ്രചാരണം നടത്തി മേല്‍ക്കൈ നേടിയ ഇടതുപക്ഷത്തിന്റെ മുന്നേറ്റം ചെറുത്തത്  ചെന്നിത്തല പുറത്തുകൊണ്ടുവന്ന പ്രളയ ദുരന്തവും മസാല ബോണ്ടുമായിരുന്നു.

കേന്ദ്രത്തില്‍ കാവല്‍ക്കാരന്‍ കള്ളനാണെങ്കില്‍ കേരളത്തിലും കാവല്‍ക്കാരന്‍ കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചതോടെ സര്‍ക്കാരിനും കാലിടറി. അതിനിടെയാണ് മഹാപ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

മഹാപ്രളയം മനുഷ്യ നിര്‍മ്മിതമായിരുന്നെന്ന് സംസ്ഥാനത്ത് ആദ്യം ആരോപണം ഉന്നയിച്ചത് രമേശ്‌ ചെന്നിത്തലയായിരുന്നു.

33  ഡാമുകള്‍ ഒരര്‍ത്ഥ രാത്രി ഒന്നാകെ തുറന്നുവിട്ടത്തിന്റെ സമയവും സാഹചര്യവും വെള്ളത്തിന്റെ അളവും ഉള്‍പ്പെടെ കണക്കുകളും ശാസ്ത്രീയ വാദങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്വന്തം നിലയില്‍ തയാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് കേരളത്തില്‍ വിവാദമായി മാറുകയായിരുന്നു. അത് പിന്നീട് കോടതി വരെ അംഗീകരിക്കുന്ന സ്ഥിതിയെത്തി.

ശക്തനായി പ്രതിപക്ഷ നേതാവ്

ഈ വിധത്തില്‍ വിഷയങ്ങളും വിവാദങ്ങളും രാഷ്ട്രീയ മെയ്വഴക്കത്തോടെ സമര്‍ത്ഥമായി ഉപയോഗിച്ച യു ഡി എഫ് നേതൃത്വത്തിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു കോണ്‍ഗ്രസിന് ചരിത്ര വിജയത്തിലേക്ക് വഴി തുറന്നത്. ഇതോടെ 19 എം പിമാര്‍ കസേര ഉറപ്പിച്ചപ്പോള്‍ രമേശ്‌ ചെന്നിത്തലയുടെ കസേര യു ഡി എഫിന്റെ തലപ്പത്ത് കൂടുതല്‍ ബലവത്തായി മാറുകയാണ്.

Advertisment