Advertisment

മൂന്നാംഘട്ടത്തില്‍ 4 യുഡിഎഫ് സ്ഥാനാര്‍ഥികളും 3 എല്‍ ഡി എഫ് സ്ഥാനാര്‍ഥികളും സേഫ് സോണില്‍ നിന്നും ഡേയ്ഞ്ചര്‍ സോണിലേക്ക്. 2 യു ഡി എഫ് സ്ഥാനാര്‍ഥികള്‍ ഡേയ്ഞ്ചര്‍ സോണില്‍ നിന്നും സേഫ് സോണിലേക്കും. യു ഡി എഫ് ലിസ്റ്റില്‍ സേഫ് സോണിലുള്ളത് 10 മണ്ഡലങ്ങളും എല്‍ ഡി എഫിന് 3 ഉം

New Update

കൊച്ചി:  ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുന്നേറ്റത്തില്‍ സേഫ് സോണില്‍ നിന്ന് ഡേയ്ഞ്ചര്‍ സോണിലേയ്ക്ക് മാറിയവരില്‍ 4 യു ഡി എഫ് സ്ഥാനാര്‍ഥികളും 3 എല്‍ ഡി എഫ് സ്ഥാനാര്‍ഥികളും. അതേസമയം, ഡേയ്ഞ്ചര്‍ സോണില്‍ നിന്നും മൂന്നാം ഘട്ടത്തില്‍ സേഫ് സോണിലേക്ക് മാറിയവരില്‍ 2 യു ഡി എഫ് സ്ഥാനാര്‍ഥികളും ഉള്‍പ്പെടുന്നു.

Advertisment

publive-image

മൂന്നാം ഘട്ടത്തില്‍ സേഫ് സോണില്‍ നിന്നും ഡേയ്ഞ്ചര്‍ സോണിലെത്തിയ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ കോഴിക്കോട് കോഴക്കുരുക്കിലകപ്പെട്ട എം കെ രാഘവന്‍, തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍ നിന്ന് തന്നെ പിന്നില്‍ നിന്നും കുത്തുകൊള്ളുന്നുവെന്ന് പറയുന്ന ശശി തരൂര്‍, അനാവശ്യ വിവാദങ്ങളിലും അസുഖത്തിലും കുടുങ്ങിയ ചാലക്കുടിയിലെ ബെന്നി ബെഹന്നാന്‍, പാര്‍ട്ടി പ്രവര്‍ത്തകരുമായി തുടക്കം മുതല്‍ കാര്യമായ ബന്ധങ്ങളില്ലാതെ മത്സരിക്കാനെത്തി പ്രവര്‍ത്തകരുടെ എതിര്‍പ്പ് നേരിടുന്ന പത്തനംതിട്ടയിലെ ആന്‍റോ ആന്റണി എന്നിവരാണ്.

സേഫ് സോണില്‍ നിന്നും ഡേയ്ഞ്ചര്‍ സോണിലെത്തിയ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ ആറ്റിങ്ങലിലെ സിറ്റിംഗ് എംപി എ സമ്പത്തും പാലക്കാട്ടെ സിറ്റിംഗ് എംപി എം ബി രാജേഷും ആലപ്പുഴയിലെ സ്ഥാനാര്‍ഥി എ എം ആരിഫുമാണ്.

publive-image

ആറ്റിങ്ങലിലേക്ക് സിറ്റിംഗ് എം എല്‍ എ ആയ അടൂര്‍ പ്രകാശിന്റെ വരവ് കാര്യങ്ങള്‍ മാറ്റിമറിച്ചു. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളൊക്കെ അടൂര്‍ പ്രകാശിന്റെ മുന്നേറ്റത്തിന് സഹായകരമായി.

ആലപ്പുഴയില്‍ യു ഡി എഫിന്റെ പ്രചരണ രംഗത്ത് തുടക്കത്തിലുണ്ടായിരുന്ന ആലസ്യം മാറിയതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വരവും കെ സി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെയും സംയുക്ത റോഡ്‌ ഷോയും കൂടി ആയതോടെ പ്രചരണത്തില്‍ മുന്നേറ്റമായി.

publive-image

പാലക്കാട് എം ബി രാജേഷ് തുടക്കത്തില്‍ സി പി എമ്മിന്റെ ഒന്നാം നമ്പര്‍ പ്രതീക്ഷയായിരുന്നെങ്കില്‍ ഇപ്പോള്‍ ഉറപ്പിക്കാവുന്ന മണ്ഡലങ്ങളില്‍ പാലക്കാടില്ല. അവിടെ ഡി സി സി അധ്യക്ഷന്‍ തന്നെ ശക്തനായ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ പ്രചാരണം ഉഷാറാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും ഇല്ലെന്നായി. സമീപകാല വിവാദങ്ങള്‍ രാജേഷിന്റെ മാര്‍ക്കറ്റ് ഇടിക്കുക കൂടി ചെയ്തതോടെ ശ്രീകണ്ഠനും രാജേഷും ഒപ്പത്തിനൊപ്പമെത്തി. ഏറ്റവും ഒടുവിലെ ഏഷ്യാനെറ്റ് സര്‍വേയിലും രാജേഷും ശ്രീകണ്ഠനും തമ്മിലുള്ള മാര്‍ജിന്‍ ഒരു ശതമാനമാണ്.

നേരെ തിരിച്ച് ഡേയ്ഞ്ചര്‍ സോണില്‍ നിന്നും സേഫ് സോണിലെത്തിയ യു ഡി എഫ് സ്ഥാനാര്‍ഥികളും ഇപ്രകാരം വി കെ ശ്രീകണ്ഠനും ആലപ്പുഴയിലെ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലിലെ അടൂര്‍ പ്രകാശുമാണ്.

publive-image

രണ്ടാംഘട്ടത്തിന്റെ പകുതിയോടെ തിരുവനന്തപുരത്ത് ഡേയ്ഞ്ചര്‍ സോണിലായിരുന്ന ശശി തരൂര്‍ മൂന്നാ൦ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുന്‍പില്‍ തന്നെയുണ്ടെങ്കിലും കാര്യങ്ങള്‍ പന്തിയല്ല. തരൂരിന്റെ ശത്രുക്കള്‍ അദ്ദേഹത്തിന്റെ ഒപ്പം തന്നെയുണ്ടെന്നതാണ് അപകടം. അത് മുന്‍കൂട്ടി പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതും അവര്‍ക്ക് താക്കീത് നല്‍കാന്‍ കഴിഞ്ഞതും ഗുണകരമായി മാറി.

തരൂരിന്റെ ഒപ്പമുള്ള ചില നേതാക്കള്‍ ബി ജെ പിയുമായി ധാരണയിലാണെന്ന സംശയമാണ് തിരുവനന്തപുരത്ത് കാര്യങ്ങള്‍ വഷളാക്കിയത്. എന്തായാലും ആ അപകട സ്ഥിതി തരണം ചെയ്തിട്ടുണ്ട്.

മറ്റ്‌ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പരിപാടി കിട്ടാതിരുന്നപ്പോഴും പത്തനംതിട്ടയില്‍ രാഹുലിന്‍റെ വേദി ഒപ്പിക്കാന്‍ ചില ഡല്‍ഹി ബന്ധങ്ങള്‍ ആന്‍റോ ആന്റണിക്ക് തുണയായി. അതിന്റെ ഗുണം മണ്ഡലത്തിലുണ്ടാകുകയും ചെയ്യും. പക്ഷേ, പരിഭാഷകനായി വന്ന പി ജെ കുര്യന്‍ അതിന്റെ തിളക്കം നശിപ്പിച്ചുവെന്ന് മാത്രം.

publive-image

ചാലക്കുടിയില്‍ ബെന്നി ബെഹന്നാണ് ദോഷകരമായി മാറുന്നത് കിഴക്കമ്പലത്തെ ട്വന്റി 20യും യാക്കോബായ സമുദായത്തിന്റെ എതിര്‍പ്പുമാണ്. പക്ഷേ, നിലവിലും ചാലക്കുടിയില്‍ ബെന്നി ബെഹന്നാണ് തന്നെയാണ് മുന്‍‌തൂക്കം.

കോഴിക്കോട് തുടക്കത്തില്‍ സേവ് സോണിലായിരുന്ന എം കെ രാഘവന് സംഭവിച്ചത് ഒളിക്യാമറ വിവാദമാണ്. സംഭവം തട്ടിക്കൂട്ടിയതാണെങ്കിലും കുറച്ചുദിവസങ്ങളെങ്കിലും യു ഡി എഫിനെ പ്രതിരോധത്തിലാക്കാന്‍ അത് ധാരാളമായിരുന്നു.

യു ഡി എഫിനെ സംബന്ധിച്ച് ആകെ സേഫ് സോണിലുള്ളത് 10 മണ്ഡലങ്ങളാണ്. 4 എണ്ണം ഡേയ്ഞ്ചര്‍ സോണിലും. ആറിടത്ത് കുഴപ്പങ്ങളുണ്ടാകില്ലെന്നു പ്രതീക്ഷയും. എല്‍ ഡി എഫ് സേഫ് സോണില്‍ കാണുന്നത് 3 മണ്ഡലങ്ങള്‍ മാത്രമത്രെ.

 

 

loksabha ele 2019 cong
Advertisment