രാഹുല്‍ തരംഗമോ? ശബരിമലയോ? ജനം വാശിയോടെ, ക്ഷമയോടെ കാത്തുനിന്ന് വോട്ട് ചെയ്തതിന് കാരണം വിലയിരുത്തി നിരീക്ഷകര്‍. ഉയര്‍ന്ന പോളിംഗ് ആര്‍ക്ക് ഗുണം ചെയ്യും ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 24, 2019

തിരുവനന്തപുരം:  മൂന്നര പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന പോളിംഗ് ആര്‍ക്ക് തുണയാകും ? ആര്‍ക്ക് ദോഷമാകും ? എന്നതിനേക്കാള്‍ വലിയ ചര്‍ച്ച എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതാകുന്നു. പോളിംഗ് ഇത്രയും ഉയരാന്‍ ഒരു കാരണമുണ്ട് ! അത് എന്താണ് എന്നാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.

രണ്ട് കാരണങ്ങളാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്; ഒന്ന്, രാഹുല്‍ തരംഗം. രണ്ട്, ശബരിമല.

രണ്ടിലേതായാലും ഇടതുപക്ഷത്തിനാണ് തിരിച്ചടി. അതിലേറെ പ്രധാനം ആ തിരിച്ചടി ഇടത് മുന്നണിയിലും പിണറായി സര്‍ക്കാരിലും ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ആയിരിക്കും. തിരിച്ചടി കനത്തതെങ്കില്‍ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് അതിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാകില്ല.

രാജി ആവശ്യം ഉയരുമെന്നും തീര്‍ച്ച. അത് സ്വന്തം മുന്നണിയില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ ആയാല്‍ പിണറായി വിജയന്‍റെ നിലനില്‍പ്പ്‌ പ്രതിസന്ധിയിലാകും. പാര്‍ട്ടിയില്‍ കോടിയേരി ശക്തനാകും. പിണറായിയുടെ ശൈലിയേക്കാള്‍ പാര്‍ട്ടിയില്‍ സ്വീകാര്യതയുള്ളത് കോടിയേരിയുടെ സൌമ്യമായ പെരുമാറ്റത്തിനാണ്.

പോളിംഗ് ഉയരാന്‍ കാരണം എന്തെന്നതാണ് വീണ്ടും അവശേഷിക്കുന്ന ചോദ്യം. ജനം വാശിയോടെ, ക്ഷമയോടെ കാത്തുനിന്ന് വോട്ടു ചെയ്തു എന്നതാണ് പ്രത്യേകത. രാഹുല്‍ തരംഗത്തിന്റെ പേരിലാണെങ്കില്‍ ഒരു വാശിയുടെ കാര്യമുണ്ടോ ?

പലരും മണിക്കൂറുകള്‍ കാത്തുനിന്നാണ് വോട്ടു ചെയ്ത് മടങ്ങിയത്. രാത്രി 10 മണിക്കുവരെ വോട്ടു ചെയ്തവരുണ്ട്‌. ക്യൂ മണിക്കൂറുകള്‍ നീണ്ടുപോയിട്ടും ആരും മടങ്ങി പോകാന്‍ തയാറായില്ല. അങ്ങനെ മടങ്ങിപ്പോയവര്‍ വീണ്ടും മടങ്ങിവന്ന്, നിരയായി നിന്ന് വോട്ടുചെയ്തു.

എല്ലാ ബൂത്തുകളിലും രാവിലെ മുതല്‍ തുടര്‍ന്ന നീണ്ടനിര രാത്രി വരെ നീണ്ടു. രാവിലത്തെ ക്യൂ വൈകിട്ടത്തെ മഴയെ ഭയന്നാണെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ, ക്യൂ ഉച്ചകഴിഞ്ഞും വൈകുന്നേരവും രാത്രിവരെയും നീണ്ടപ്പോള്‍ അതിനര്‍ത്ഥങ്ങള്‍ ഉണ്ടെന്നു വ്യക്തം. അവിടെയാണ് ജനം വാശിയോടെ വോട്ട് ചെയ്യുന്നു എന്ന വിലയിരുത്തല്‍ ഉണ്ടായത്.

അങ്ങനൊരു വാശി ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുകാരണം ശബരിമല തന്നെ ആയിരിക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാരും പോലീസും സ്വീകരിച്ച നിലപാട് ജനങ്ങളുടെ കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. അത് വോട്ടെടുപ്പില്‍ പ്രതികരിച്ചു എന്നാണു വിലയിരുത്തല്‍.

ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനോട് ജനങ്ങള്‍ക്ക് തിരിച്ചുപ്രതികരിക്കാന്‍ ലഭിച്ച ആദ്യ അവസരം തന്നെ അവര്‍ ഭംഗിയായി നിര്‍വഹിച്ചു എന്നതാണ് പോളിംഗിലെ തിരക്ക് നല്‍കുന്ന സൂചന.

ഇനി അത് ആര്‍ക്കാണ് ഗുണം ചെയ്തതെന്നാണ് അറിയേണ്ടത്. യു ഡി എഫിനാണോ ബി ജെ പിക്കാണോ നേട്ടം ഉണ്ടാകുക എന്നതാണ് ചോദ്യം. അതറിയാന്‍ മേയ് 23 ലെ വോട്ടെണ്ണല്‍ കഴിയും വരെ കാത്തിരിക്കേണ്ടി വരും. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ജനങ്ങളെ സ്വാധീനിച്ചു എന്നത് വ്യക്തമാണ്. കേന്ദ്രത്തിലെ മോഡി സര്‍ക്കാരിനെതിരെയുള്ള വികാരം നിഷ്പക്ഷ വോട്ടര്‍മാരില്‍ ഉണ്ടായിരുന്നെന്ന വിലയിരുത്തലുണ്ട്.

എന്നാല്‍ ശബരിമലയിലെ നിലപാടുകളുടെ പേരില്‍ ഹിന്ദു വോട്ടുകളില്‍ ബി ജെ പിക്കനുകൂലമായ വികാരം ഉണ്ടായിട്ടുണ്ടെന്നും വിലയിരുത്തെണ്ടി വരും. എന്തായാലും അന്തിമ വിലയിരുത്തല്‍ വോട്ടെണ്ണലിന് ശേഷമേ അറിയാന്‍ കഴിയൂ.

×