Advertisment

രാഹുല്‍ ഇഫക്റ്റ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഇടത് ശക്തികേന്ദ്രങ്ങളായ 4 മണ്ഡലങ്ങളെ ? ആടിനിന്ന 6 മണ്ഡലങ്ങളിലും യുഡിഎഫിന് ആത്മവിശ്വാസം ! രാഹുല്‍ഗാന്ധിയുടെ വരവ് യുഡിഎഫ് സമവാക്യങ്ങളിലുണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെ !

New Update

കൊച്ചി:  കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ നേതാവാണ്‌ രാഹുല്‍ ഗാന്ധി.  പൂര്‍വ്വികരില്‍ 3 പേരും മുന്‍ പ്രധാനമന്ത്രിമാര്‍.

Advertisment

പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയുടെ നേതാവ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷമുള്ള മുക്കാല്‍ കാലയളവും ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ പുതിയ നായകന്‍ - അങ്ങനൊരാള്‍ കേരളത്തിലേക്ക് മത്സരത്തിനെത്തുമ്പോള്‍ അണികളിലും ജനങ്ങളിലും ആവേശ൦ തോന്നുക സ്വാഭാവികമാണ്. നിഷ്പക്ഷ വോട്ട് ബാങ്കുകളെ അത് വല്ലാതെ സ്വാധീനിക്കും. കാരണം മുന്നണി വിജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെന്നുറപ്പുള്ള നേതാവാണ്‌ വയനാട്ടില്‍ മത്സരിക്കുന്നത്.

publive-image

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന വിഷയം രാഹുല്‍ ഗാന്ധിയായി മാറിക്കഴിഞ്ഞു. അതിന്റെ ഫലം കൊയ്യുക യു ഡി എഫായിരിക്കും.

ആദ്യ നേട്ടം ഒത്തൊരുമ ! പരസ്പരം പാരവയ്പ്പില്ല !

എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് മുന്നണിയ്ക്ക് വെറുതെ കിട്ടുന്ന കുറെ സീറ്റുകളുണ്ട്‌ കേരളത്തില്‍.  അത് യു ഡി എഫ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നോ, പരസ്പരം പാരവച്ചോ, എതിരാളികള്‍ക്ക് സമ്മാനിക്കുന്നതാണ്. രാഹുല്‍ ഗാന്ധി തങ്ങള്‍ക്കിടയിലേക്ക് ഒരു സ്ഥാനാര്‍ഥിയായി വരുന്നതോടെ അത്തരം പണികള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മാറും.

യു ഡി എഫ് ഒന്നിച്ചു നിന്നാല്‍ രാഷ്ട്രീയമായി അതിനെ നേരിടുക ഇടതുപക്ഷത്തിന് സാധ്യമല്ലെന്നാണ് മുന്‍ ചരിത്രങ്ങള്‍ നല്‍കുന്ന വിലയിരുത്തലുകള്‍. അതിനൊപ്പം രാഹുല്‍ തരംഗത്തില്‍ വന്നുചേരുന്ന നിഷ്പക്ഷ വോട്ടുകള്‍ കൂടിയാകുമ്പോള്‍ അത് ബാധിക്കുന്നത് ഇടതുപക്ഷം കാലങ്ങളായി കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലങ്ങളെക്കൂടിയാണ്.

publive-image

അടിപതറുന്നത് നാലിടത്ത് !

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഇടതുപക്ഷം കൈപ്പിടിയിലാക്കി വച്ചിരിക്കുന്ന മണ്ഡലങ്ങള്‍ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളാണ്. ഇത്തവണ രാഹുല്‍ തരംഗത്തില്‍ സി പി എം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ഈ മണ്ഡലങ്ങളിലായിരിക്കും. മറ്റ്‌ മണ്ഡലങ്ങളൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വന്നുചേരുകയോ വിട്ടുപോകുകയോ ഒക്കെ ചെയ്യുന്ന മണ്ഡലങ്ങളാണ്. പക്ഷേ, ഈ നാലും ഉറച്ച ഇടതുകോട്ടകളായി മാറിയിടത്താണ് ഇന്നത്തെ ഇടതുപക്ഷത്തിന്റെ വെല്ലിവിളികളേറെയും.

കോട്ടകള്‍ മലര്‍ത്തിയടിച്ച് രമ്യയുടെ മുന്നേറ്റം

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലൂടെ ആദ്യം തന്നെ ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അതില്‍ ഏറ്റവും പ്രധാനം ആലത്തൂരാണ്. ഇവിടുത്തെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വരുന്നതിന് ഒരു മാസം മുമ്പേ പ്രചരണം ആരംഭിച്ച പി കെ ബിജു എന്ന സിറ്റിംഗ് എം പി ഇപ്പോള്‍ രമ്യയ്ക്ക് മുമ്പില്‍ കിതയ്ക്കുകയാണ്.

കാല്‍ നൂറ്റാണ്ടിലേറെയായി സി പി എം കയ്യടക്കിവച്ചിരിക്കുന്ന ആലത്തൂരില്‍ ഇപ്പോള്‍ രമ്യ ഏകപക്ഷീയ മുന്നേറ്റം നടത്തുന്നതായിപ്പോലും വിലയിരുത്തുന്നവരുണ്ട്‌.

publive-image

നാലാംവട്ടം സമ്പത്ത് പ്രതിരോധനത്തില്‍

രണ്ടാമത്തെ മണ്ഡലം ആറ്റിങ്ങലാണ്. എ സമ്പത്ത് ഇവിടെ നാലാമത്തെ പോരാട്ടത്തിനാണ് ഇറങ്ങുന്നത്. അവിടെ മുന്‍ മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ അടൂര്‍ പ്രകാശിനെ ഇറക്കിയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. ആറ്റിങ്ങലിലെ സാമുദായിക സമവാക്യങ്ങളും ശബരിമല വിഷയത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളും അടൂര്‍ പ്രകാശിന് അനുകൂലമായി മാറിയിട്ടുണ്ട്.

അവിടെയും ജനപ്രിയ എംപി എ സമ്പത്തിനെ കടുത്ത പ്രതിരോധത്തിലാക്കാന്‍ അടൂര്‍ പ്രകാശിന് ദിവസങ്ങള്‍ മതിയായിരുന്നു. അതോടെ ആറ്റിങ്ങലിലും ഇടതുപക്ഷ പ്രതീക്ഷകള്‍ മങ്ങുകയാണ്. അതിനൊപ്പമാണ് രാഹുല്‍ ഇഫക്ടിന്റെ വരവ്.

publive-image

രാഹുല്‍ ഇഫക്റ്റ് ഏറ്റവും പെട്ടെന്ന് ബാധിക്കുന്നത് പാലക്കാട്

രാഹുലിന്‍റെ വരവ് ഏറ്റവും പെട്ടെന്ന് ബാധിക്കുന്ന ഇടത് അനുകൂല മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടത് പാലക്കാടാണ്. വയനാടുമായി അടുത്ത് കിടക്കുന്ന മണ്ഡലം. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ രാഹുലിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വി കെ ശ്രീകണ്ഠനാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി.

മാത്രമല്ല 25 ദിവസങ്ങള്‍ കൊണ്ട് പാലക്കാട് ജില്ല മുഴുവന്‍ കാല്‍നടയായി താണ്ടിയ ജയ്‌ഹോ പദയാത്രയുടെ അലയടികള്‍ അടങ്ങിയിട്ടുമില്ല. സംസ്ഥാനത്ത് തന്നെ പാര്‍ട്ടി അടിത്തട്ട് മുതല്‍ ഉഴുതുമറിച്ച പരിപാടിയായിരുന്നു 'ജയ്ഹോ' ! വി കെ ശ്രീകണ്ഠന്‍ നയിച്ച പദയാത്രയായിരുന്നിത്.

ഫലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് 25 ദിവസം മുമ്പ് ജില്ല മുഴുവന്‍ നടന്നെത്തിയ വി കെ ശ്രീകണ്ഠന്‍ സ്വന്തം മണ്ഡലത്തിലും ആലത്തൂര്‍ മണ്ഡലത്തിന്റെ പകുതി പ്രദേശത്തും ഒരു റൌണ്ട് പ്രചരണം പൂര്‍ത്തിയാക്കിയെന്നു പറയാം.

കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഡി സി സി അധ്യക്ഷനെന്ന നിലയില്‍ ജില്ലയിലെ പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വി കെ ശ്രീകണ്ഠനും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. സി പി എം അനായാസം എന്ന് കരുതിയ പാലക്കാട് ഇപ്പോള്‍ ഏത് വിധേനയും നിലനില്‍പ്പിനുള്ള കടുത്ത പോരാട്ടം എന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ ചിത്രം.

അതിനിടെയാണ് വയനാട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ കടന്നുവരവ്. ഇതോടെ പാലക്കാട്ടും യു ഡി എഫ് മുന്നേറ്റമെന്ന് ഉറപ്പിച്ച രീതിയിലാണ് യു ഡി എഫ് നേതാക്കളുടെ വിലയിരുത്തല്‍.

publive-image

ഉരുളയ്ക്ക് ഉപ്പേരി പോലെ കാസര്‍കോട് ഉണ്ണിത്താന്‍ !

മികച്ച സ്ഥാനാര്‍ഥി എന്ന നിലയില്‍ മുന്‍ ജില്ലാ സെക്രട്ടറി കെ പി സതീശ് ചന്ദ്രനെ സ്ഥാനാര്‍ഥി ആക്കിയതോടെ കാസര്‍കോടും ഇടതുപക്ഷ തട്ടകത്തില്‍ ഏകപക്ഷീയ മുന്നേറ്റമാണ് നടത്തിയിരുന്നത്. അതിനിടയിലെക്കാണ് കോണ്‍ഗ്രസ് തങ്ങളുടെ തീപ്പൊരി നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയത്. അതോടെ മത്സരം കടുത്തു. അതിനിടയില്‍ രാഹുല്‍ തരംഗം കൂടിയായപ്പോള്‍ ഉറച്ച മറ്റൊരു ഇടതുകോട്ടയിലും പോരാട്ടം കടുത്തതായി മാറുകയാണ്.

ഇതിനൊപ്പം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലൂടെ ഇടതുപക്ഷം യു ഡി എഫിനെ പ്രതിരോധത്തിലാക്കിയ മണ്ഡലങ്ങളില്‍ ഇപ്പോള്‍ യു ഡി എഫ് ക്യാമ്പുകള്‍ ആത്മവിശ്വാസത്തിലുമായി. അതില്‍ പ്രധാനം കോഴിക്കോട്, കണ്ണൂര്‍, പൊന്നാനി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ എന്നിവയാണ്. ഇവിടങ്ങളിലെല്ലാം ഭീഷണി അകന്നുവെന്നാണ് യു ഡി എഫ് വിലയിരുത്തല്‍.

 

loksabha ele 2019 cong
Advertisment