Advertisment

വടകരയില്‍ ഒടുവില്‍ തുറുപ്പുഗുലാന്‍ - കെ മുരളീധരന്‍ സ്ഥാനാര്‍ഥി. ആകെ ആവേശമായി കോണ്‍ഗ്രസ് ക്യാമ്പുകള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  അനന്തമായി നീണ്ട സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയില്‍ തുറുപ്പുഗുലാനെയിറക്കി കോണ്‍ഗ്രസിന്റെ പടയൊരുക്കം.  കോണ്‍ഗ്രസിന്റെ ലിസ്റ്റിലെ അവസാന മണ്ഡലമായ വടകരയില്‍ മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരനെ തന്നെ രംഗത്തിറക്കാനാണ് ഹൈക്കമാന്റ് തീരുമാനം. ഇതോടെ കേരളത്തിലെ 20 സീറ്റുകളിലും യു ഡി എഫിലേ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുകയാണ്.

Advertisment

publive-image

എ ഐ സി സി ഔദ്യോഗികമായി പുറത്തുവിടാനുള്ള വടകരയുള്‍പ്പെടെ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലെ പട്ടിക ഉടന്‍ എ ഐ സി സി പുറത്തുവിടും. വടകര - കെ മുരളീധരന്‍, വയനാട് - ടി സിദ്ദിഖ്, ആലപ്പുഴ - ഷാനിമോള്‍ ഉസ്മാന്‍, ആറ്റിങ്ങല്‍ - അടൂര്‍ പ്രകാശ് എന്നിവരാണ് പ്രഖ്യാപിക്കാനിരിക്കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ സിറ്റിംഗ് എം പിയായ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ മുരളീധരനുമായി രാവിലെ സ്ഥാനാര്‍ഥി ആകുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മുരളി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായ സന്തോഷവാര്‍ത്ത മുല്ലപ്പള്ളിയും പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

കേരളത്തിലെ കോണ്‍ഗ്രസ്, ബി ജെ പി കക്ഷികള്‍ ഏറ്റവുമധികം എതിര്‍ക്കുന്ന സി പി എം നേതാവ് പി ജയരാജന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ശക്തനായ എതിരാളിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു. ഇന്നലെ രാവിലെ മുതല്‍ നൂറുകണക്കിന് ഇമെയില്‍ സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് എ ഐ സി സിയിലേക്ക് എത്തിയത്.

ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കൂടി താല്പര്യമെടുത്താണ് വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ കെ മുരളീധരനെ നിര്‍ദ്ദേശിച്ചത്.

രണ്ടു തവണ എം പി ആയിരുന്ന മുരളീധരന്‍ നിലവില്‍ വട്ടിയൂര്‍ക്കാവ് എം എല്‍ എ ആണ്. കെ മുരളീധരനെ സംബന്ധിച്ച് ഇത് സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുവരവാണ്. കോഴിക്കോട് ബിലാത്തിക്കുളം റോഡിലാണ് കെ മുരളീധരന്റെ താമസം.

ഇതോടെ വീണ്ടും സ്വന്തം നാട്ടില്‍ തന്നെ മത്സരിക്കാനുള്ള സാഹചര്യമാണ് മുരളീധരനെ തേടിയെത്തിയിരിക്കുന്നത്.  ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് മുരളീധരനെ സംബന്ധിച്ച് പുതിയ ദൗത്യം.

loksabha ele 2019 cong
Advertisment