ഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാടും പരിഗണിക്കുന്ന കാര്യം ആദ്യം അറിഞ്ഞത് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്നലെയോടെയാണ് വിഷയം എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി എ ഐ സി സി നേതൃത്വം സംസാരിക്കുന്നത്.
പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രനുമായും നേതാക്കള്‍ ആശയവിനിമയം നടത്തി. അതീവ രഹസ്യമായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയായിരുന്നു നേതാക്കളുമായിപ്പോലും എ ഐ സി സി കാര്യങ്ങള്‍ ചര്‍ച്ച നടത്തിയത്.
വടകരയിലും വയനാട്ടിലും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതെന്തെന്ന കെ പി സി സിയുടെ ചോദ്യത്തോട് പോലും കഴിഞ്ഞ ദിവസം വരെ രഹസ്യം ചോരാതെയായിരുന്നു നേതാക്കളുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ഒപ്പുവയ്ക്കാന്‍ മറന്നു, ഫയല്‍ രാഹുലിന്റെ ഓഫീസിലാണ് എന്നൊക്കെ പറഞ്ഞൊഴിയുകയായിരുന്നു. അതോടെ വയനാട്ടില്‍ സ്ഥാനാര്‍ഥി മാറും എന്നുവരെയുള്ള അഭ്യൂഹങ്ങള്‍ ചര്‍ച്ചയില്‍ നിറഞ്ഞു.
വയനാടിനൊപ്പം വടകര ഒഴിച്ചിട്ടത് വയനാടിന്റെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനായിരുന്നു. വയനാട് മാത്രമായി ഒഴിച്ചിട്ടാല്‍ രണ്ടു തരത്തിലുള്ള പ്രചരണങ്ങളായിരുന്നു കോണ്‍ഗ്രസ് ഭയപ്പെട്ടിരുന്നത്.
1. യു ഡി എഫിന്റെ സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്ണ്ണമായില്ലെന്നതും വയനാട്ടില്‍ തര്‍ക്കം തുടരുകയാണെന്നതും
2. രാഹുല്‍ ഗാന്ധിയ്ക്കായി പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമാകുമായിരുന്നു.