Advertisment

'ഹൊറർ മാജിക്കി'ന് പുതിയമുഖം: മജീഷ്യൻ സാമ്രാജിന്റെ 'സൈക്കോ മിറാക്കുള' അരങ്ങിലേക്ക്. "കഥകളി ആസ്വദിക്കുവാൻ കഥ അറിയണം. എന്നാൽ മാജിക് ആസ്വദിക്കുവാൻ കഥയറിയാതെ കാണുക" - മജീഷ്യൻ സാമ്രാജ്

author-image
സാജു സ്റ്റീഫന്‍
Updated On
New Update

മാജിക്കുമായി യാതൊരു ബന്ധവും ഇല്ലാത്ത കുടുംബത്തിൽ ജനിക്കുക. തുടർന്ന് വിദേശത്ത് എൻജിനീയർ ആയി ജോലി ചെയ്യുക. പെട്ടെന്നൊരുനാൾ കലയോടുള്ള അഭിനിവേശത്തിൽ ജോലി ഉപേക്ഷിച്ച് മാജിക്കിൽ രംഗപ്രവേശനം ചെയ്യുക. മലയാളികൾ അന്നുവരെ കണ്ടിട്ടില്ലാത്ത ജാലവിദ്യയാൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുക. മൂന്നര പതിറ്റാണ്ടായി എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കലാരംഗത്ത് തൻറെ സാന്നിധ്യം ഉറപ്പിച്ചു മുന്നേറുക.

Advertisment

publive-image

ഒരുപക്ഷേ ഒരു സാധാരണക്കാരന് ചിന്തിക്കാൻ ആവുന്നതിനും അപ്പുറമാണ് ഈ വക കാര്യങ്ങൾ. എന്നാൽ ഇവയെല്ലാം വിജയകരമായി നടപ്പിലാക്കി കലാരംഗത്ത് സജീവസാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന മജീഷ്യൻ ആണ് 'ഇന്ത്യൻ ഹൗഡിനി' എന്നറിയപ്പെടുന്ന മജീഷ്യൻ സാമ്രാജ്. അദ്ദേഹത്തിൻറെ പുതിയ അവതരണം 'സൈക്കോ മിറാക്കുള' വേദികളിൽ എത്താൻ തയ്യാറായി നിൽക്കുന്നു.

തുടക്കം

പ്രൈമറി വിദ്യാഭ്യാസ കാലത്താണ് ആണ് ആദ്യമായി സാമ്രാജ് ജാലവിദ്യയിൽ ആകൃഷ്ടനാകുന്നത്. സ്കൂളിൽ അവതരിപ്പിച്ച മാജിക് ഷോ അദ്ദേഹത്തിൽ ചെലുത്തിയ സ്വാധീനം വളരെയധികം ആയിരുന്നു. ഒരു മജിഷ്യൻ ആകണമെന്ന ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ പ്രതികരണം ആശാവഹമായിരുന്നില്ല. എന്നാൽ പഠനത്തിൽ മുന്നേറിയപ്പോഴും എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയപ്പോഴും ജാലവിദ്യയോടുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹം മനസ്സിൽ കാത്തു സൂക്ഷിച്ചു.

ബോംബെയിൽ തുടക്കം, ശേഷം വിദേശത്ത്

മജീഷ്യൻ സാമ്രാജിൻറെ കലാജീവിതത്തിന് വഴിത്തിരിവായ രണ്ടു ഘട്ടങ്ങൾ ആയിരുന്നു ബോംബെയിലും ദുബായിലും സംഭവിച്ചത്. ഒരിക്കൽ മലാഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സാമ്രാജ് കാണുന്നത് അവിടെ ജാലവിദ്യ അവതരിപ്പിക്കുന്ന തെരുവ് മാന്ത്രികനെ. മാന്ത്രികനോട് അദ്ദേഹം ചോദിച്ചു " എന്നെ കൂടി ശിഷ്യനാക്കുമോ? " ലഭിച്ച മറുപടി "ഇല്ല"

വീണ്ടും ചോദിച്ചപ്പോൾ മറുപടി "കയ്യിൽ എന്തുണ്ട്"

"25 രൂപ"

" വൈകുന്നേരം മാഹിം റെയിൽവേസ്റ്റേഷനിൽ എത്തുക, ഇന്നുതന്നെ തന്നെ പഠനം തുടങ്ങാം "

എന്നാൽ ഏറെ പ്രതീക്ഷയോടെ മാന്ത്രികനെ കാത്തുനിന്ന സാമ്രാജിന് മാന്ത്രികൻറെ പൊടിപോലും കണ്ടു കിട്ടിയില്ല. എന്നാൽ ആ അനുഭവം അദ്ദേഹത്തിൻറെ ജീവിതത്തിൽ പുതിയ ഒരു ഉൾക്കാഴ്ച പകർന്നു നൽകി. 'മാജിക് പഠിക്കാൻ ആർക്കും സാധിക്കും, പക്ഷേ അവതരിപ്പിക്കുവാൻ അഭിനിവേശം കൂടിയേ കഴിയൂ'.

തുടർന്ന് ദുബായിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകനിൽ നിന്ന് പാഠങ്ങൾ സ്വീകരിച്ചാണ് വേദിയിലേക്ക് രംഗപ്രവേശനം നടത്തിയത്.

publive-image

മുഴുവൻ സമയ കലാകാരൻ

എൻജിനീയർ ജോലി രാജിവെച്ച് മുഴുവൻ സമയം കലാകാരനായി മാജിക്കിലേക്ക് ഇറങ്ങുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ. ഒപ്പം ഭാര്യയുടെയും കുടുംബത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ പിന്തുണയും. പല സുഹൃത്തുക്കളും പല രീതിയിൽ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ എന്നാൽ അവയെ അവഗണിച്ച് വേദിയിലേക്ക് ഇറങ്ങിയ മജീഷ്യൻ സാമ്രാജിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 35 വർഷമായി ആയി പന്തിരായിരത്തിൽ അധികം വേദികളിൽ നാല്പതോളം രാജ്യങ്ങളിൽ കലാപരിപാടി അവതരിപ്പിച്ചു.

അവതരണത്തിലെ വ്യത്യസ്തത

മലയാളികൾക്ക് അത്ര പരിചയമില്ലാത്ത അവതരണ ശൈലിയാണ് മജീഷ്യൻ സാമ്രാജിന്റെ പരിപാടിയെ തൻറെ സമകാലികരായ മറ്റ് മാന്ത്രികരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അവതരണ മികവിന്റെ പൂർത്തീകരണത്തിനായി ഏതറ്റം വരെയും പോകാനുള്ള ധൈര്യവും തൻറെ ടീമംഗങ്ങൾക്ക് അദ്ദേഹം നൽകുന്ന പ്രചോദനവും എന്നും എടുത്തു പറയേണ്ട വസ്തുതയാണ്.

സാമൂഹ്യ പ്രതിബദ്ധത

മാജിക്ക് കേവലം വിനോദോപാധിയായി കണക്കാക്കാതെ അവയെ സാമൂഹ്യ പ്രതിബദ്ധതയോടെ അവതരിപ്പിക്കുവാൻ അദ്ദേഹം ജാഗരൂകൻ ആണ്. യുവാക്കളിൽ അവബോധം വളർത്താൻ ലഹരി വർജ്ജന ക്യാമ്പയിൻ , ഹെൽമറ്റ് - സീറ്റ് ബെൽറ്റ് ഉപയോഗത്തിലെ ആവശ്യകത, ഹർത്താൽ വിരുദ്ധ ക്യാമ്പയിൻ എന്നിവ അദ്ദേഹം വിവിധ പരിപാടികളിൽ കൂടി അവതരിപ്പിച്ചു.

നടൻ മോഹൻലാൽ 'ഫയർ ഇല്യൂഷൻ' പരിപാടി അവതരിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ അതിനെ ശക്തമായി എതിർത്തു. പരിപാടി നിർത്തലാക്കിയപ്പോഴും മജീഷ്യൻ സാമ്രാജിന്റെ നിലപാടിൽ മാറ്റം ഇല്ലായിരുന്നു. വർഷങ്ങളായി നിരന്തര പരിശ്രമത്തിലൂടെ ഒരു മജീഷ്യൻ ആർജ്ജിച്ചെടുക്കേണ്ട സിദ്ധികൾ ദിവസങ്ങളുടെ പരിശീലനത്തിൽ അവതരിപ്പിക്കുവാൻ ശ്രമിച്ചാൽ മലയാളികളുടെ അഭിമാനമായ മോഹൻലാലിൻറെ ജീവനിൽ ഉണ്ടായേക്കാവുന്ന അപകടം മനസ്സിലാക്കിയാണ് അദ്ദേഹം അങ്ങനെ നിലപാട് സ്വീകരിച്ചത്. ഒടുവിൽ മജീഷ്യൻ സാമ്രാജിന്റെ നിലപാടിനെ മോഹൻലാലും പൊതുസമൂഹവും അംഗീകരിച്ചു.

publive-image

മെർലിൻ അവാർഡ്

മാജിക് ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരത്തിനും മജീഷ്യൻ സാമ്രാജ് 2014-ൽ അർഹനായി. ന്യൂയോർക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര മജീഷ്യൻസ് സൊസൈറ്റിയാണ് (IMS) ' ട്രാജിക് എൻഡ് ഓഫ് ടൈറ്റാനിക് ' , 'ദി റേറ്റ് ഇന്ത്യൻ റോപ്പ് ട്രിക് ' , 'ദി ഗ്രേവ്യാഡ് എസ്കേപ് ' എന്നിവ പരിഗണിച്ച് 'സംഭ്രമജനക വിഭാഗത്തിൽ'( SCARY CATEGORY ) പുരസ്കാരം നൽകിയത്. ഇന്ത്യയിൽ നിന്നും ആദ്യമായാണ് അന്താരാഷ്ട്ര തലത്തിലുള്ള ഈ നേട്ടത്തിന് ഒരു മജീഷ്യൻ അർഹനായത്.

സൈക്കോ മിറാക്കുള

രണ്ടായിരത്തിന്റെ തുടക്കത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച 'മിറാക്കുള'യുടെ തുടർച്ചയായാണ് 'സൈക്കോ മിറാക്കുള'യുടെ അവതരണം. മുപ്പത്തഞ്ചിലേറെ കലാകാരന്മാർ അവതരണത്തിൽ അദ്ദേഹത്തോടൊപ്പം പങ്കാളികളാകുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിവിധ സംഘടനകൾക്കും അധ്യാത്മിക പ്രസ്ഥാനങ്ങൾക്കും പ്രത്യേക ഇളവ് നൽകിയാണ് അദ്ദേഹം 'സൈക്കോ മിറാക്കുള' പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികൾക്ക് എപ്പോഴും വ്യത്യസ്ത കാട്ടിത്തന്ന ഈ കലാകാരന്റെ പുതിയ അവതരണത്തിനായി കാത്തിരിക്കാം.

Advertisment