Advertisment

ചിരട്ടപ്പാലിനെയും ഒട്ടുപാലിനെയും റബര്‍ ഉത്പാദക ബോണസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: മാണി സി കാപ്പന്‍

New Update

തിരുവനന്തപുരം:  സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ചിരട്ടപാലിനും ഒട്ടുപാലിനും കമ്പോളവില നിശ്ചയിച്ച് റബ്ബര്‍ ഉത്പാദക ബോണസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു മാണി സി കാപ്പന്‍ എം എല്‍ എ നിയമസഭാ ശ്രദ്ധ ക്ഷണിക്കലില്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

ഇങ്ങനെ വില നിശ്ചയിച്ചാല്‍ കര്‍ഷകര്‍ക്ക് ഗുണപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടയര്‍ നിര്‍മ്മാതാക്കള്‍ ചിരട്ടപ്പാല്‍ വാങ്ങിക്കുമെന്നതിനാല്‍ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് ലഭ്യമാകും. ചിരട്ടപ്പാലും ഒട്ടുപാലും ഉത്പാദിപ്പിക്കാന്‍ റബ്ബര്‍ഷീറ്റ് ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ ചെലവ് കുറവാണ്.

റബ്ബര്‍ വെട്ടി പോയി പിറ്റേ ദിവസം വെട്ടാന്‍ വരുമ്പോള്‍ ചിരട്ടപ്പാല്‍ എടുത്താല്‍ മതിയാകും. ചിരട്ടപ്പാലില്‍ ആസിഡ് ഉപയോഗിക്കേണ്ടി വരുന്നതുമില്ല.

എന്നാല്‍ റബ്ബര്‍ ഷീറ്റാക്കാന്‍ റബ്ബര്‍വെട്ടി വച്ചിട്ട് പിന്നീട് വന്ന് പാല്‍ ശേഖരിച്ച് ഉറ ഒഴിച്ച ശേഷം വൈകുന്നേരമാകുമ്പോള്‍ വന്ന് ഷീറ്റാക്കണം. ഈ കാര്യത്തിന് സമയവും മനുഷ്യവിഭവശേഷിയും കൂടുതലായി ഉപയോഗിക്കേണ്ടിവരും.

ചിരട്ടപ്പാലിനും ഒട്ടുപാലിനും കാലാനുസൃതമായ വിലയും ആനുകൂല്യങ്ങളും ലഭ്യമാക്കിയാല്‍ കുറഞ്ഞ ചെലവിലും കുറഞ്ഞ മനുഷ്യവിഭവശേഷിയിലും കുറഞ്ഞ സമയത്തിലും ഇവ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. സര്‍ക്കാര്‍ നടപടിയെടുത്ത് സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും മാണി സി കാപ്പന്‍ നിര്‍ദ്ദേശിച്ചു.

പുതിയ റബ്ബര്‍ നയത്തിന്റെ ഭാഗമായി ചിരട്ടപ്പാലിന്റെ ഇന്ത്യന്‍ സ്റ്റാന്റഡൈസ് നിശ്ചയിക്കുന്നതിന് റബ്ബര്‍ ബോര്‍ഡിലെ വിദഗ്ദരുടെ പാനല്‍ ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്റഡൈസ് നിയോഗിച്ചിട്ടുണ്ടെന്നും ചിരട്ടപ്പാലിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു നല്‍കുന്ന മുറയ്ക്ക് ചിരട്ടപ്പാലിനെക്കൂടി റബ്ബര്‍ ഉത്പാദക ബോണസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നു കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ മാണി സി കാപ്പനെ അറിയിച്ചു.

സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മാണി സി കാപ്പന്‍ എം എല്‍ എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

Advertisment