Advertisment

മന്ത്രി മാത്യു ടി തോമസിന് ജനതാദള്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടമായി ! രാജിയല്ലാതെ പോംവഴിയില്ലെന്ന് കൃഷ്ണന്‍കുട്ടി വിഭാഗം. അടുക്കാനാകാതെ ജനതാദള്‍ വിഭാഗങ്ങള്‍ ?

New Update

തിരുവനന്തപുരം:  മന്ത്രിസ്ഥാനം ലാക്കാക്കിയുള്ള ജനതാദളിലെ ചക്കുളത്തിപ്പോര് ഇടത് മുന്നണിക്ക്‌ തലവേദനയാകുന്നു.  തര്‍ക്കം പരിഹരിക്കണമെന്ന സി പി എമ്മിന്റെ കര്‍ശന നിര്‍ദ്ദേശവും ദള്‍ ദേശീയ നേതൃത്വത്തിന്റെ ഒത്തുതീര്‍പ്പ്‌ ശ്രമവും തള്ളിയ മന്ത്രി മാത്യു ടി തോമസ്‌ ഒരുകാരണവശാലും രാജിക്കില്ലെന്ന നിലപാടിലാണ്.

Advertisment

publive-image

അതേസമയം, ജനതാദളിന്റെ 3 എം എല്‍ എമാരില്‍ 2 പേരും മന്ത്രിക്കെതിരായതോടെ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടമായ മന്ത്രി പദവിയില്‍ തുടരുന്നതിലെ അനൗചിത്യമാണ് മറുവിഭാഗം ഉയര്‍ത്തിക്കാട്ടുന്നത്.

publive-image

മാത്യു ടി തോമസ്‌ പദവി ഒഴിഞ്ഞ് ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ ആവശ്യം.  പാര്‍ട്ടിയുടെ മൂന്നാമത് എം എല്‍ എ ആയ വടകര എംഎല്‍എ സി കെ നാണു കൃഷ്ണന്‍കുട്ടിയെ ആണ് പിന്തുണയ്ക്കുന്നത്.  എന്നാല്‍ നാണുവിനെ വശത്താക്കാന്‍ മാത്യു ടി തോമസും ശ്രമിക്കുന്നുണ്ട്. അതിന് ഒരു പരിധിവരെ നാണു വശംവദനാകുന്നുണ്ടെന്ന വിലയിരുത്തലും നേതാക്കള്‍ക്കുണ്ട്.

publive-image

സര്‍ക്കാര്‍ രൂപീകരണ സമയത്ത് നേര്‍ പകുതി വീതം കാലയളവ് മാത്യു ടി തോമസും കൃഷ്ണന്‍ കുട്ടിയും മന്ത്രി പദവി വീതം വച്ചെടുക്കണമെന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് കൃഷ്ണന്‍കുട്ടിയുടെ അവകാശവാദം.  എന്നാല്‍ അങ്ങനെ ഒരു ധാരണയും ഉണ്ടായിരുന്നില്ലെന്ന നിലപാടില്‍ മാത്യു ടി ഉറച്ചു നില്‍ക്കുകയാണ്.

പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ പ്രശ്ന പരിഹാരത്തിനായി മൂന്ന്‍ എം എല്‍ എമാരെ ബാംഗ്ലൂര്‍ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ നേതാക്കളെ വിളിക്കാതെ എം എല്‍ എമാരെ വിളിച്ചതിലെ അപകടം മനസിലാക്കി മാത്യു ടി തോമസ്‌ ഈ ഒത്തുതീര്‍പ്പ്‌ നീക്കം തള്ളി.

publive-image

ദേവഗൌഡയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മൂന്നില്‍ രണ്ട് എം എല്‍ എമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അത് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടമാകലാകും. അങ്ങനെ വന്നാല്‍ രാജിയല്ലാതെ മന്ത്രിക്ക് മുമ്പില്‍ മറ്റ്‌ പോംവഴികള്‍ ഇല്ലാതെയുമാകും. അതൊഴിവാക്കാനാണ് കൃഷ്ണന്‍കുട്ടിയെ ഒപ്പമിരുത്തി ചര്‍ച്ചയ്ക്കില്ലെന്ന് മാത്യു ടി തോമസ്‌ നിലപാട് സ്വീകരിച്ചത്. അതോടെ പാര്‍ട്ടി തലത്തില്‍ നടന്ന അനുരഞ്ജന നീക്കവും പാളി.

publive-image

അതേസമയം, മാത്യു ടി തോമസിന്റെ ഭാര്യയെപ്പോലും വിവാദങ്ങളിലേക്ക് വലിച്ചിഴച്ച കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ നീക്കങ്ങളാണ് മാത്യു ടിയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ വീട്ടുജോലിക്കാരി മന്ത്രി പത്നിക്കെതിരെ ആരോപണവുമായി രംഗത്ത് വരികയായിരുന്നു.  തന്നെ അപമാനിതനാക്കി രാജി വയ്പ്പിക്കാനായിരുന്നു ഈ നീക്കമെന്നാണ് മന്ത്രിയുടെ പരാതി.

എന്തായാലും ജനതാദളിലെ ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ തര്‍ക്കങ്ങള്‍ അനന്തമായി നീളാനാണ് സാധ്യത.

Advertisment