Advertisment

കാര്‍ത്തികേയന് പിന്നാലെ ഷാനവാസും : പഴയ തിരുത്തല്‍വാദ മുന്നേറ്റത്തില്‍ ഇനി ചെന്നിത്തല ഒറ്റയാന്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കോണ്‍ഗ്രസിന് അടുത്തിടെ അകാലത്തില്‍ നഷ്ടമായ 2 പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ജി കാര്‍ത്തികേയനും എം ഐ ഷാനവാസും. ഇരുവരും ഉദരസംബന്ധമായ ഗുരുതര അസുഖങ്ങളെ തുടര്‍ന്ന്‍ മാസങ്ങളോളം രോഗത്തോടു മല്ലടിച്ച് മരണത്തിന് കീഴടങ്ങിയവരാണ്.

Advertisment

publive-image

ഇരുവരും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സമകാലികരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.  അതിനുപുറമേ സംസ്ഥാന കോണ്‍ഗ്രസില്‍ തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ കോളിളക്കം സൃഷ്ടിച്ച തിരുത്തല്‍വാദ മുന്നേറ്റത്തിന്റെ മുന്നണി പോരാളികളുമായിരുന്നു. ചെന്നിത്തല, കാര്‍ത്തികേയന്‍, ഷാനവാസ് ത്രിമൂര്‍ത്തികളായിരുന്നു അന്നത്തെ തിരുത്തല്‍ വാദികള്‍.

publive-image

ഐ ഗ്രൂപ്പിനുള്ളില്‍ കാലങ്ങളോളം കരുണാകരന്റെ വിശ്വസ്തരായിരുന്നവരാണ് പിന്നീട് ഗ്രൂപ്പില്‍ കെ മുരളീധരന്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചതോടെ ഗ്രൂപ്പ് വിട്ട് തിരുത്തല്‍വാദവുമായി രംഗത്തിറങ്ങിയത്. ആ മുന്നേറ്റം ഒരു പരിധിവരെ വിജയവുമായിരുന്നു. പിന്നീട് കരുണാകരനുമായി ഇവര്‍ വീണ്ടും രമ്യതയിലെത്തുകയും പിന്നെയും പിണങ്ങുകയും ചെയ്തിരുന്നു.

publive-image

അതിനുശേഷം തിരുത്തല്‍വാദികളെന്നും മൂന്നാം ഗ്രൂപ്പുകാരെന്നും അറിയപ്പെട്ട ഇവര്‍ ഐ ഗ്രൂപ്പിലെത്തി. കരുണാകരന് ശേഷം ഐ ഗ്രൂപ്പ് അന്നത്തെ തിരുത്തല്‍ മുന്നേറ്റത്തിന്റെ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയ്ക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്തു; കെ മുരളീധരന്‍ ഉള്‍പ്പെടെ.

പക്ഷേ, അന്ന് ഈ നിര്‍ണ്ണായക മുന്നേറ്റത്തിന് ഒപ്പം നിന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ രണ്ടുപേരും ഇപ്പോള്‍ രമേശ്‌ ചെന്നിത്തലയെ വിട്ടുപോയിരിക്കുന്നു. ആദ്യം കാര്‍ത്തികേയനും പിന്നെ എം ഐ ഷാനവാസും.

publive-image

മരിക്കുന്നതിന് മുമ്പ് കാര്‍ത്തികേയനെ കെ പി സി സി അധ്യക്ഷനാക്കാന്‍ രമേശ്‌ ചെന്നിത്തല ആവുന്നത് ശ്രമം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും ആ നീക്കത്തിനുണ്ടായിരുന്നു. പക്ഷേ, രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍ വി എം സുധീരന്‍ ആ പദവിയിലെത്തി.

publive-image

ഒടുവില്‍ മരണത്തിന് തൊട്ടുമുമ്പ് എം ഐ ഷാനവാസിനെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാക്കി. മൂന്നു പതിറ്റാണ്ടിലേറെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ മുന്നണി പോരാളിയായിരുന്ന ഷാനവാസ് അങ്ങനെ മരിക്കുമ്പോള്‍ എം പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്നു.

ഇതോടെ പഴയ തിരുത്തല്‍ വാദമുന്നേറ്റത്തിന്റെ നേതൃത്വത്തിലുള്ളവരില്‍ ഇനിയുള്ളത് രമേശ്‌ ചെന്നിത്തല മാത്രമാണ്.

 

Advertisment