Advertisment

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണിപ്പോള്‍. ചെന്നിത്തലയ്ക്കും കെ. സുധാകരനും ബിജെപി ജ്വരം - എം എം മണി

New Update

ഇടുക്കി:  ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നു വൈദ്യുതി മന്ത്രി എം എം മണി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ബിജെപി ജ്വരം ബാധിച്ചിരിക്കുകയാണ്. ബിജെപിയുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എം. മണി പറയുന്നു.

Advertisment

publive-image

എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും പാർലമെന്റ് ഇലക്ഷനു മുൻപ് ബി.ജെ.പി.യിലെത്തും എന്ന് ബി.ജെ.പി. പ്രസിഡന്റ് ശ്രീധരൻ പിള്ള അടിക്കടി പറയുന്നത് ഈ അവസരത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്.

ബി.ജെ.പി. യുടെ വർഗ്ഗീയ ഫാസിസത്തിനെ എതിർക്കുമെന്ന് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, കേരളത്തിൽ ചില കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ബി.ജെ.പി.യുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെപ്പോലെയാണ്.

ആർ.എസ്.എസ്സുകാർ കൊടുത്ത ഹർജിയിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടായതെന്ന കാര്യവും, ഈ വിധി നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ് എന്ന സത്യവും സൗകര്യപൂർവ്വം മറച്ചുവച്ച് ഒരു വിഭാഗം ജനങ്ങളെ കബളിപ്പിക്കുകയാണ് ബി.ജെ.പി. നേതൃത്വം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

'ശരണ മന്ത്രം ചൊല്ലിയുള്ള സമരം' എന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നതെങ്കിലും, വളരെ പ്രതിഷേധാർഹവും, കേരള ജനത ലജ്ജിച്ചുപോയതുമായ രീതിയിൽ ബഹുമാന്യനായ മുഖ്യമന്തിയെത്തന്നെ ജാതിപ്പേര് ചേർത്ത് തെറിവിളിക്കുന്ന ദൃശ്യങ്ങൾ വരെ നമ്മൾ കണ്ടതാണല്ലോ. ഇതിൽനിന്നു തന്നെ ഈ സമരത്തിൽക്കൂടി അവർ ഉദ്ദേശിക്കുന്നതെന്തെന്നും, ഈ സമരം ആർക്കു വേണ്ടിയാണ് എന്നതും മനസ്സിലാക്കാവുന്നതാണ്.

ഈ അവസരത്തിലാണ് ഇത്തരം സമരങ്ങളിൽ കോൺഗ്രസ്സുകാർക്ക് അവരുടെ കൊടി ഉപേക്ഷിച്ച്, ബി.ജെ.പി. യുടെ നേതൃത്വത്തിൽ മറ്റ് വർഗ്ഗീയ കക്ഷികളുമായി ചേർന്ന് നടത്തുന്ന സമര പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുന്നത്. അതായത് ബി.ജെ.പി.യുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം.

'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും' എന്ന ചൊല്ലു പോലെ ബി.ജെ.പി. ജ്വരം ബാധിച്ച ചെന്നിത്തലയും, സുധാകരനും മററും വളരെനാളായി ആഗ്രഹിച്ചിരുന്നതും ഇത് തന്നെയാണ്. കോൺ‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാൽ കോൺഗ്രസ്സ് പാർട്ടിയിൽത്തന്നെ തിരിച്ചെത്തുമെന്നതിൽ ഉറപ്പില്ല.

ഇത് ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നിട്ടും സ്വന്തം പാർട്ടിയുടെ ശവക്കുഴി തോണ്ടുന്ന ഒരു നിലപാട് എടുത്തതിന്റെ രഹസ്യം എന്താണെന്നറിയാൻ പാഴൂർപ്പടി വരെ പോകേണ്ടതില്ല.

Advertisment