Advertisment

1000 ദിവസങ്ങള്‍: 29 രാഷ്ട്രീയ കൊലപാതകങ്ങള്‍. പിണറായി വിജയന്‍ കേരളം ഭരിക്കുകയും, കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ അമരത്തിരിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ രക്തപ്പുഴകള്‍ ഒഴുകിക്കൊണ്ടിരിക്കും - ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ കൊലപാതകമായി അറിയപ്പെടുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ വധക്കേസിലെ പ്രതിയായ പിണറായി വിജയന്‍ കേരളം ഭരിക്കുകയും, കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ അമരത്തിരിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ രക്തപ്പുഴകള്‍ ഒഴുകിക്കൊണ്ടിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Advertisment

എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന കോടിയേരിയുമായി ബന്ധപ്പെട്ട കശപിശയാണ് അന്നു വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് 1000 ദിവസമാകുമ്പോള്‍ കേരളത്തില്‍ 28-ാമത്തെയും 29-ാമത്തെയും രാഷ്ട്രീയ കൊലപാതകങ്ങളാണ് കാസര്‍കോഡ് പെരിയ കല്യോട്ട് നടന്നിരിക്കുന്നത്.

publive-image

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത അത്രയും കൊലപാതകങ്ങളാണ് വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലുമൊക്കെ ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് സിപിഎമ്മും ആര്‍എസ്എസും നടത്തുന്നത്. കേരളവും ഓരോ മലയാളിയും ഇന്ന് ലോകത്തിനു മുന്നില്‍ ലജ്ജിച്ചു തലകുനിച്ചു നില്ക്കുന്നു - മുല്ലപ്പള്ളി പറഞ്ഞു.

കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലലിന്റെയും ഇരട്ടക്കൊലപാതകം ആസൂത്രിതമായ രാഷ്ട്രീയകൊലപാതകമാണെന്ന് പോലീസ് എഫ്‌ഐആറില്‍ തന്നെ വ്യക്തമാണ്. കോളജില്‍ വച്ച് ഉണ്ടായ കശപിശ ഒടുവില്‍ കലാശിച്ച് നിഷ്ഠൂരമായ കൊലപാതകത്തില്‍.

നിസാരമായ ഒരു തര്‍ക്കം, എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്‌നം. അവിടെയാണ് സിപിഎം കൊലക്കത്തിയുമായി ചാടിവീണത്. ശരത്‌ലാലിന്റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിനു താഴെ മാത്രം അഞ്ചിടത്ത് വെട്ടുണ്ട്. കൃപേഷന്റെ മൂര്‍ധാവില്‍ ആഴത്തിലുള്ള വെട്ടേറ്റ് തലയോട്ടി തകര്‍ന്നുപോയി.

വിദഗ്മായ ആയുധപരിശീലനം ലഭിച്ച ക്രിമിനിലുകളാണു കൊലനടത്തിയതെന്നു സുവ്യക്തം. ഇതു കണ്ണൂര്‍ മോഡല്‍ കൊലപാതകമാണെന്ന് അഭിജ്ഞ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആര്‍ക്കുവേണ്ടി നടത്തിയെന്നും ആരാണ് യഥാര്‍ത്ഥ പ്രതികള്‍ എന്നുമാണ് കേരളത്തിന് ഇനി അറിയേണ്ടത്.

സമാനമായ രീതിയിലാണ് ടിപി ചന്ദ്രേശേഖരനും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും ഉള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരകളായത്. ഷുഹൈബ് കൊല്ലപ്പെട്ടിട്ടിട്ട് ഫെബ്രു 12 ന് ഒരു വര്‍ഷം ആയതേയുള്ളു. ഷുഹൈബിന്റെ പൊള്ളുന്ന ഓര്‍മകള്‍ ഇപ്പോഴും നമ്മുടെ മനസില്‍ നീറുകയാണ്.

നിസാരമായ ഒരു തര്‍ക്കത്തിന്റെ പേരിലാണ് ഷുഹൈബിനെയും സിപിഎമ്മുകാര്‍ വകവരുത്തിയത്. ഷുഹൈബുമായി യാതൊരു വൈരാഗ്യവും ഇല്ലാത്ത സംഘമാണ് കൊലപാതകം നടത്തിയത്. ഇത് പാര്‍ട്ടിയുടെ അറിവോടെ ചെയ്ത ക്വട്ടേഷനാണെന്നു കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.

കൊലപാതകം ആസൂത്രണം ചെയ്തവരെയും നീതിപീഠത്തിനു മുന്നില്‍ എത്തിക്കണം എന്നാവശ്യപ്പെട്ടാണ് ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അതിന് ഉത്തരവിട്ടെങ്കിലും പിണറായി സര്‍ക്കാര്‍ അതിനെതിരേ അപ്പീല്‍ നല്കി. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ്് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഈ കേസില്‍ കോടതിയില്‍ ഹാജരാകുന്നത്.

ഒരു സിറ്റിംഗിന് ലക്ഷങ്ങളാണ് ഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ അഡ്വക്കേറ്റ് ജനറല്‍, രണ്ട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, 150 ഓളം ഗവ. വക്കീല•ാര്‍, പത്തോളം ഗവ. പ്ലീഡര്‍മാര്‍ തുടങ്ങിയ വന്‍ സന്നാഹമുള്ളപ്പോഴാണ് ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള വക്കീലിനെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഷുഹൈബിനെ സര്‍ക്കാരും സിപിഎമ്മും ഇപ്പോഴും ഭയക്കുന്നുവെന്നു വ്യക്തം.

സിബിഐ അന്വേഷണസംഘത്തിന് ഏറ്റവും ജോലിഭാരമുള്ള സ്ഥലമാണിന്നു കേരളം. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലു രാഷ്ട്രീയ കൊലക്കേസുകളില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടിവി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചാര്‍ത്തി സിബിഐ തലശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്കിക്കഴിഞ്ഞു.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു കല്ലെറിഞ്ഞെന്ന കുറ്റംചാര്‍ത്തി വയലിന്റെ നടുവില്‍ വച്ച് താലിബാന്‍ മോഡല്‍ വിചാരണ നടത്തിയാണ് മുസ്‌ളിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ വധിച്ചത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയരാജനും രാജേഷും ചികിത്സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ച് സിപിഎം പ്രദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

കതിരൂര്‍ കെ. മനോജ് കൊല്ലപ്പെട്ട കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി. ജയരാജന്‍ 25-ാം പ്രതിയാണ്. പി. ജയരാജനെ 15 വര്‍ഷംമുമ്പ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതികാരമായാണ് മനോജിനെ കൊന്നതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ കേസില്‍ അറസ്റ്റിലായ വിക്രമന്‍. മറ്റു 13 പ്രതികളും സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ്.

സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് 2006 ഒക്ടോ. 22നു കൊല്ലപ്പെടുന്നത്. സിബിഐ അന്വേഷണത്തില്‍ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നീ സിപിഎം നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്.

കേസ് നിലനില്‍ക്കെത്തന്നെ രാജന്‍ ജില്ലാ പഞ്ചായത്തിലും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും ജനവിധി തേടുകയും അധ്യക്ഷ•ാരായി സ്ഥാനമേല്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ എറണാകുളം ജില്ല വിടാന്‍ സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവുചെയ്തില്ല.

തുടര്‍ന്ന് ഇരുവരും തല്‍സ്ഥാനങ്ങള്‍ രാജിവച്ചു. ഇതൊക്കെ സിപിഎമ്മില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്നാം പ്രതി കൊടി സുനിയാണ് ഈ കേസിലെ ഒന്നാം പ്രതി. ടിപി കേസില്‍ മൂന്നു സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ടിപി കേസിലെ ആസൂത്രകര്‍ നീതിപീഠത്തിനു മുന്നില്‍ എത്തണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്ക്കുന്നുണ്ട്. ബിഎംഎസ് നേതാവ് പയ്യോളി മനോജ് കൊല്ലപ്പെട്ട കേസില്‍ 7 സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 9 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമാണു കേരളം. നാഷണല്‍ ക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോ യുടെ കണക്കു പ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം യുപിക്കും ബിഹാറിനും തൊട്ടു താഴെ മൂന്നാമതാണ്. കഴിഞ്ഞ നാലു ദശകങ്ങള്‍ക്കിടയില്‍ 225 രാഷ്ട്രീയ കൊലപാതകങ്ങള്‍ കണ്ണൂരില്‍ മാത്രം അരങ്ങേറിയെന്നു കരുതപ്പെടുന്നു.

ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു ചെറിയ പ്രദേശത്ത് നടക്കുകയെന്നത് ആരെയും അമ്പരപ്പിക്കും. സമീപകാലത്തു മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതല്‍ ഇരകളാകുന്നത്. അരിയില്‍ ഷുക്കൂര്‍, ഷുഹൈബ്, ഫസല്‍ തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍.

പിണറായി വിജയന്റെ ആത്മസുഹൃത്തും സിപിഎം നേതാവുമായിരുന്ന പാട്യം ഗോപാലന്റെ മകനും പ്രശസ്ത പത്രപ്രവര്‍ത്തകനും രാഷ്ട്രീയ വിമര്‍ശകനുമായ എന്‍. പി. ഉല്ലേഖ് കണ്ണൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ (ഗമിിൗൃ: കിശെറല കിറശമ’ െആഹീീറശലേെ ഞല്‌ലിഴല ജീഹശെേശര) പല വെളിപ്പെടുത്തലുകളുമുണ്ട്.

16 വയസുള്ള എസ്എഫ് ഐ പ്രവര്‍ത്തകനും സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ ചെട്ടിപ്പീടികയില്‍ വച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ കോടാലി കൊണ്ട് അരിഞ്ഞുവീഴ്ത്തിയത്. അന്ന് ആ സംഘത്തില്‍ പിണറായി വിജയനും ഉണ്ടായിരുന്നെന്നു ദൃക്‌സാക്ഷികളുണ്ട്. കേസില്‍ അദ്ദേഹം പ്രതിയുമായിരുന്നു. പിന്നീട് ഇഎംഎസ് സര്‍ക്കാര്‍ പിണറായി രക്ഷിച്ചെടുക്കുകയായിരുന്നത്രേ.

പിണറായി വിജയന്‍ ചെറുപ്പം മുതല്‍ തന്നെ കാര്‍ക്കശ്യക്കാരനും കടുംപിടിത്തക്കാരനുമായ നേതാവായിരുന്നുവെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിണറായി കായിക പരിശീലനം പരസ്യമായി നല്കാറുണ്ടായിരുവെന്നും പുസ്തകത്തില്‍ പറയുന്നു. സിപിഎമ്മിന്റെ പ്രതിരോധ ക്യാമ്പുകളില്‍ പിണറായി പങ്കെടുക്കാറുണ്ടായിരുന്നു. സിപിഎമ്മിന്റെ അക്രമാസക്ത രാഷ്ട്രീയത്തിന്റെ ചിഹ്നമായി പിണറായി വളര്‍ന്നു.

അദ്ദേഹം പാര്‍ട്ടി അണികളുടെ ആരാധ്യനായ നേതാവായി. വര്‍ഗസമരവും വര്‍ഗശത്രുക്കളുടെ ഉ•ൂലനവും സൈദ്ധാന്തികമായി തന്നെ കമ്യൂണിസ്റ്റുകള്‍ക്കുണ്ട്. അവരുടെ മാര്‍ഗം ലക്ഷ്യത്തെ ന്യായീകരിക്കുന്നു. അക്രമം അവര്‍ക്കു നിഷിദ്ധമല്ല. എന്നാല്‍, രാഷ്ട്രീയ മേധാവിത്വം കൈവരിച്ച് സിപിഎമ്മിന് 1990 കളില്‍ അക്രമരാഷ്ട്രീയവുമായി മുന്നോട്ടു പോകേണ്ട ഒരു കാര്യവുമില്ലെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു.

കമ്യൂണിസ്റ്റ് സിദ്ധാന്തം തന്നെ കാലഹരണപ്പെടുകയും കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ഭൂമുഖത്തുനിന്നും ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിട്ടും കേരളത്തില്‍ മാത്രം ഉ•ൂലസിദ്ധാന്തവും അതിന്റെ പ്രയോക്താക്കളും അവശേഷിക്കുകയാണ്.

പിണറാരി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായില്‍പ്പോലും കൊലപതാക രാഷ്ട്രീയം അരങ്ങുതകര്‍ത്തു. എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതുവരെ കോണ്‍ഗ്രസിന് വിശ്രമമില്ല. ഫാസിസ്റ്റുകള്‍ക്കും സ്റ്റാലിനിസ്റ്റുകള്‍ക്കും കേരളത്തില്‍ ഇടമില്ല. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് എനിക്ക് ഉറച്ച വിശ്വാസവമുണ്ട് - മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Advertisment