Advertisment

മുല്ലപ്പള്ളിക്ക് ഹിഡൻ അജണ്ട ? യു ഡി എഫ് കൺവീനർ ബെന്നി ബെഹന്നാനെ എ' ഗ്രൂപ്പ് പുറത്താക്കി, ഐ'യിൽ കയറ്റിയതുമില്ല. കെപിസിസി, യൂത്ത് കോൺഗ്രസ് പുനഃസംഘടനകളും അനിശ്ചിതത്വത്തിൽ. കുട്ടനാട് ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പുകൾ ആസന്നമാകുമ്പോൾ കോൺഗ്രസ് നാഥനില്ലാ കളരി !

New Update

തിരുവനന്തപുരം:  സംസ്ഥാനം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് കൂടി നീങ്ങുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തിട്ടും കെ പി സി സി, യൂത്ത് കോൺഗ്രസ് പുനഃസംഘടനകൾ പൂർത്തിയാകാത്തതിൽ കോൺഗ്രസിൽ അമർഷം ശക്തമായി.

Advertisment

പാർട്ടിയും മുന്നണിയും കടുത്ത നേതൃത്വ പ്രതിസന്ധി നേരിടുകയാണെന്ന വിലയിരുത്തൽ കോൺഗ്രസിൽ ശക്തമാണ്.

ഇതിനിടെ 'ഹിഡൻ അജണ്ട'യിൽ ഒറ്റയാൻ നടപടികളുമായി മുന്നോട്ടുപോകുന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, എ ഗ്രൂപ്പിൽ നിന്നും പുറത്താക്കപ്പെടുകയും ഐ ഗ്രൂപ്പിൽ ബർത്ത് കിട്ടാതിരിക്കുകയും ചെയ്ത യു ഡി എഫ് കൺവീനർ ബെന്നി ബെഹന്നാനും കോൺഗ്രസിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.

publive-image

ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പൗരത്വ പ്രക്ഷോഭത്തിനെതിരെ മുല്ലപ്പള്ളിയും ബെന്നി ബെഹന്നാനും പരസ്യ വിമർശനങ്ങളുമായി രംഗത്ത് വന്നത് ഇവരെ പാർട്ടി നേതൃത്വങ്ങൾ തള്ളിയ സാഹചര്യത്തിൽ സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു.

രാജ്യത്താകമാനം നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്കിടെ ദേശീയ തലത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സമരം കേരളത്തിൽ ഭരണ - പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നടത്തിയ സംയുക്ത പ്രക്ഷോഭമായിരുന്നു. കോൺഗ്രസിലെ മിക്ക നേതാക്കളും യു ഡി എഫിലെ പ്രധാന ഘടകകക്ഷികളും സംയുക്ത സമരത്തിനനുകൂലമായി നിലപാട് സ്വീകരിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചത് കോൺഗ്രസ്, യു ഡി എഫ് നേതാക്കളാണ്. ഇത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.

എന്നാൽ പിന്നീട് ഈ സമരത്തിനെതിരെ കെ പി സി സി അധ്യക്ഷനും യു ഡി എഫ് കൺവീനറും പരസ്യ വിമർശനങ്ങളുമായി രംഗത്ത് വന്നത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി.

അധ്യക്ഷനായി ചുമതലയേറ്റ ശേഷം പാർട്ടി കാര്യങ്ങളിൽ ജാഗ്രത കാണിക്കാതെ അടുത്ത തവണ നിയമസഭയിലേക്ക് മത്സരിക്കാനും മുഖ്യമന്ത്രിയാകാനും മുല്ലപ്പള്ളി കരുക്കൾ നീക്കുന്നുവെന്ന വിലയിരുത്തലാണ് എ, ഐ ഗ്രൂപ്പുകൾക്കുള്ളത്.

publive-image

അടുത്ത തവണ കൊടുവള്ളിയിലോ വടകരയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനും എ, ഐ ഗ്രൂപ്പുകൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ഹൈക്കമാന്റ് സഹായത്തോടെ മുഖ്യമന്ത്രിയാകാനും മുല്ലപ്പള്ളി പദ്ധതിയൊരുക്കുന്നുവെന്ന സംശയം ഗ്രൂപ്പുകൾക്കുണ്ട്. പക്ഷെ പാർട്ടിയിൽ മുല്ലപ്പള്ളിക്ക് കാര്യമായ പിന്തുണയില്ല.

ബെന്നി ബെഹന്നാന്റെ പ്രശ്‌നം എ ഗ്രൂപ്പും ഉമ്മൻചാണ്ടിയും കയ്യൊഴിഞ്ഞതാണ്. ബെന്നി ഉമ്മൻചാണ്ടിയോടും ഗ്രൂപ്പിനോടും വിശ്വസ്തത കാണിച്ചില്ലെന്നതാണ് എ ഗ്രൂപ്പിന്റെ പരാതി. പത്ത് വർഷത്തോളഎം,ആയി എ ഗ്രൂപ്പ് മാനേജരായിരുന്നു ബെന്നി.

എ യുടെ പുതിയ ഗ്രൂപ്പ് മാനേജർ കെ സി ജോസഫാണ്. എ തള്ളിയ ബെന്നിയെ ഒപ്പം കൂട്ടാൻ ഐ ഗ്രൂപ്പും തയാറായില്ല. അതിനാലാണ് സംയുക്ത പ്രക്ഷോഭത്തിൽ പങ്കെടുത്ത ചെന്നിത്തലയെ തള്ളി ബെന്നി പത്രസമ്മേളനം നടത്തിയത്.

ഡൽഹിയിൽ എ, ഐ ഗ്രൂപ്പ് എം പിമാരെ ഒപ്പംകൂട്ടി ബദൽ ഗ്രൂപ്പിന് ബെന്നി ബെഹനാന് ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. നിൽക്കുന്നിടത്ത് വിശ്വസ്തത കാട്ടുന്നില്ലെന്നതാണ് ബെന്നിക്കെതിരെ കോൺഗ്രസ് നേതാക്കൾക്കുള്ള പ്രധാന ആക്ഷേപം.

ഈ സാഹചര്യത്തിൽ പുനഃസംഘടനയിലൂടെ കെ പി സി സിയെയും യൂത്ത് കോൺഗ്രസിനേയും ശക്തിപ്പെടുത്തിയില്ലെങ്കിൽ യു ഡി എഫിന്റെ നില പരുങ്ങലിലാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുമ്പ് കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടി വരും. അതിനു മുമ്പ് മുന്നണി ശക്തിപ്പെടുത്തുകയാണ് ആവശ്യം.

 

Advertisment