Advertisment

മുല്ലപ്പള്ളിയുടെ 'ഞാനും ഹൈക്കമാന്റും' ശൈലിയില്‍ ഇടഞ്ഞ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. പുനസംഘടന നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ തയാറാകാതെ മുല്ലപ്പള്ളിയുടെ ഒറ്റയാന്‍ കളി. നേതാക്കള്‍ക്കൊക്കെ അതൃപ്തി. കെപിസിസിയില്‍ പുനസംഘടന വീണ്ടും തഥൈവ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കെ പി സി സി പുനസംഘടന വീണ്ടും വൈകും. ഞായറാഴ്ച നടന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിലും പുനസംഘടന സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ല.

Advertisment

publive-image

സെക്രട്ടറിമാരെ നിലനിര്‍ത്തി 15 ജനറല്‍ സെക്രട്ടറിമാരെ നിശ്ചയിക്കാന്‍ ധാരണ ആയെന്നും ഇതിനായി മുല്ലപ്പള്ളി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല - മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയെന്നും പ്രമുഖ ചാനല്‍ ഉള്‍പ്പെടെ വാര്‍ത്ത പുറത്തുവിട്ടെങ്കിലും അങ്ങനൊരു കാര്യം കെ പി സി സി നേതാക്കളോ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളോ അറിഞ്ഞിട്ടുമില്ല.

മാത്രമല്ല, പുനസംഘടനയുടെ കാര്യത്തില്‍ തീരുമാനം വൈകാനുമാണ് സാധ്യത.  പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് ലഭിച്ച പ്രാതിനിധ്യങ്ങളില്‍ എ, ഐ ഗ്രൂപ്പുകള്‍ തൃപ്തരല്ലെന്നതാണ് പ്രധാന കാര്യം.

ഗ്രൂപ്പുകളുമായി ആലോചിക്കാരെ കേരളത്തിലെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പുനസംഘടന കോണ്‍ഗ്രസില്‍ സാധ്യവുമല്ല. അതിനനുസരിച്ചുള്ള മുന്‍കൈ പുതിയ കെ പി സി സി അധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ലെന്നാണ് റിപ്പോര്‍ട്ട്.

publive-image

പണിയെടുക്കാതെ ഭാരവാഹികള്‍, പരിഭവവുമായി ഗ്രൂപ്പുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പുനസംഘടന ഉണ്ടാകണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തമാണ്.  വിജയകരമായി പ്രവര്‍ത്തിച്ച ശേഷവും പദവി ഒഴിയേണ്ടി വന്ന ഡി സി സി അധ്യക്ഷന്മാരെ പാര്‍ട്ടിയില്‍ പുനരധിവസിപ്പിച്ചിട്ടില്ല.

പണിയെടുത്തിട്ട് കാര്യമുണ്ടാകുമോ, നാളെയും പദവി ഉണ്ടാകുമോ എന്നുറപ്പില്ലാത്തവരാണ് നിലവിലെ ഭാരവാഹികള്‍. അതിനാല്‍ തന്നെ അവര്‍ സജീവവുമല്ല.

നിലവില്‍ കെ പി സി സി അധ്യക്ഷനും 3 വര്‍ക്കിംഗ് പ്രസിഡന്റുമാരും മാത്രമാണ് ശരിയായ ഭാരവാഹികള്‍.  ഇവരെ നിശ്ചയിച്ചപ്പോള്‍ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം പരിഗണിച്ചില്ലെന്ന പരിഭവം എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന എം ഐ ഷാനവാസ് മരിച്ച ഒഴിവില്‍ പകരക്കാരനെ ചുമതല ഏല്‍പ്പിക്കാത്തതിന് കാരണവും ഗ്രൂപ്പുകളുമായി ധാരണയിലെത്താത്തതാണ്.

പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായി കാര്യങ്ങള്‍ നടക്കണമെന്നതാണ് ഹൈക്കമാന്റിന്റെത് ഉള്‍പ്പെടെയുള്ള താല്പര്യമെങ്കിലും ഗ്രൂപ്പില്ലാതെ പാര്‍ട്ടി ചലിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം എന്ന തിരിച്ചറിവിലേക്ക് കേരളത്തിലെ കോണ്‍ഗ്രസും എത്തുകയാണ്.

publive-image

മുല്ലപ്പള്ളിക്ക് പണി കൊടുത്ത് നേതാക്കള്‍

എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാന്‍ പുതിയ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിയുന്നില്ലെന്ന പരാതി ശക്തമാണ്.  ഇതുവരെ പാര്‍ട്ടിയെ നയിച്ചവരും ഇപ്പോഴും കൊണ്ടുനടക്കുന്നവരുമായ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പോലുള്ള പ്രവര്‍ത്തക പിന്തുണയുള്ള നേതാക്കളെ മാറ്റി നിര്‍ത്തി 'ഞാനും ഹൈക്കമാന്റും' എന്ന നിലയിലാണ് മുല്ലപ്പള്ളിയുടെ പോക്ക്.

അത് നടക്കില്ലെന്നതിന് മനസിലാകുന്ന 'ഭാഷയില്‍' നേതാക്കള്‍ മുല്ലപ്പള്ളിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

അതിന് ഉദാഹരണമായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ നേതാക്കളുടെ സാന്നിധ്യം സംബന്ധിച്ച മുല്ലപ്പള്ളിയുടെ നിലപാട്.  രാഷ്ട്രീയകാര്യ സമിതി യോഗത്തിന് വൈകിയെത്തിയ ഉമ്മന്‍ചാണ്ടിയോട് ഇനി ഇത് ആവര്‍ത്തിക്കരുതെന്നും കൃത്യമായി യോഗത്തിനെത്തണമെന്നും താന്‍ നിര്‍ദ്ദേശിച്ചെന്ന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് മുല്ലപ്പള്ളി തന്നെയാണ്.

എന്നാല്‍ തൊട്ടടുത്ത രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും ഉള്‍പ്പെടെ പ്രധാന നേതാക്കളാരും പങ്കെടുത്തില്ല. പങ്കെടുത്തത് വിരലിലെണ്ണാവുന്ന നേതാക്കള്‍ മാത്രം. അതോടെ മുല്ലപ്പള്ളിയുടെ ഒരു ഗീര്‍വാണം പൊളിഞ്ഞു.

നിരവധി വര്‍ഷങ്ങള്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും ഭാരവാഹിയുമായിരുന്നിട്ടും ഭൂരിപക്ഷം യോഗങ്ങളിലും പങ്കെടുക്കാതെ മാറി നിന്നിട്ടുള്ള മുല്ലപ്പള്ളി എങ്ങനെ ഇപ്പോള്‍ പങ്കെടുക്കാന്‍ വൈകിയെത്തിയവരെയും പങ്കെടുക്കാത്തവരെയും ശിക്ഷിക്കുമെന്ന ചോദ്യത്തിന് മുല്ലപ്പള്ളിക്ക് ഉത്തരമില്ല.

publive-image

ഒറ്റയാന്‍കളിയില്‍ മുല്ലപ്പള്ളിക്കും ചുവടുപിഴയ്ക്കുന്നു

കെ പി സി സി അധ്യക്ഷ പദവിയിലേക്കുള്ള മുല്ലപ്പള്ളിയുടെ വരവിനെ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം. എന്നാല്‍ പിന്നീട് ഇവരെക്കൂടി സഹകരിപ്പിച്ച് കാര്യങ്ങള്‍ ഭംഗിയായി കൊണ്ടുനടക്കാന്‍ നോക്കുന്നതിനുപകരം മുല്ലപ്പള്ളി ഒറ്റയാന്‍ രാഷ്ട്രീയം കളിക്കുന്നതാണ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്.

എ കെ ആന്റണിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലും പഴയ സ്വാധീനമില്ല.  കേരളത്തെ സംബന്ധിച്ച് ആന്റണി ഒരു താരപ്രചാരകനായി തുടരാനുള്ള സാധ്യത പോലും മങ്ങി. ആന്റണി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ജനപങ്കാളിത്തം കുറഞ്ഞുവരികയാണ്.

അതേസമയം, ഉമ്മന്‍ചാണ്ടി ക്രൌഡ് പുള്ളറായി മാറുകയും ചെയ്തു.  രമേശ്‌ ചെന്നിത്തലയ്ക്കും പ്രതിപക്ഷ നേതാവെന്ന നിലയില്‍ അണികളില്‍ സ്വാധീനവും സ്വീകാര്യതയും വര്‍ധിച്ചുവരികയാണ്.  പ്രതിപക്ഷം എന്നത്തേക്കാളും ശക്തമായി എന്ന പൊതുവികാരം യു ഡി എഫിനുണ്ടായി കഴിഞ്ഞു.

publive-image

മുല്ലപ്പള്ളിയും സുധീരന്റെ വഴിക്കോ ?

ഈ സാഹചര്യത്തില്‍ ആളുകളെ ആകര്‍ഷിക്കാനും അണികളെ കൂട്ടാനും ചിലര്‍, ഗ്രൂപ്പില്ലെന്ന് പറഞ്ഞ് ആളാകാന്‍ വേറെ ചിലര്‍ എന്ന പരിപാടി ഇനി നടക്കില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതറിഞ്ഞു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സുധീരന്റെ ഗതി തന്നെയാകും മുല്ലപ്പള്ളിയെയും കാത്തിരിക്കുന്നത്.

കൊടുത്ത അവസരം വിജയകരമായി ഉപയോഗിക്കുകയും ഫലം കൊയ്യുകയും ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പിന്നെ തിരിഞ്ഞു നോക്കില്ലെന്ന കാര്യം മുല്ലപ്പള്ളിക്കറിയാം. അതിനാല്‍ കോണ്‍ഗ്രസില്‍ വൈകിയാണെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

Advertisment