Advertisment

പാര്‍ട്ടിയിലും സോഷ്യല്‍ മീഡിയയിലും സ്വന്തം സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന നേതാക്കളുടെ ശൈലി അനുവദിക്കില്ല. പാര്‍ട്ടി ചട്ടക്കൂടിനെതിരെ പ്രതികരിക്കുന്ന ഒറ്റയാള്‍ ശൈലിക്കും വിലക്ക് ! മുല്ലപ്പള്ളി നയം വ്യക്തമാക്കുമ്പോള്‍ പിന്തുണച്ച് രാഹുലും !

New Update

തിരുവനന്തപുരം:  പുതിയ കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ചുമതല ഏറ്റെടുത്തതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയിലും മാറ്റങ്ങള്‍ ഉറപ്പായി. നേതാക്കള്‍ ഒറ്റയ്ക്കും ഗ്രൂപ്പായും പാര്‍ട്ടിയില്‍ സ്വന്തം സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന ഏര്‍പ്പാട് ഇനി അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

മാത്രമല്ല, സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടിയില്‍ നിന്നും ഭിന്നമായ അഭിപ്രായങ്ങള്‍ സ്വന്തം നിലയില്‍ പ്രചരിപ്പിച്ച് ശ്രദ്ധ നേടാനുള്ള വി ടി ബാലറാം മോഡല്‍ പരീക്ഷണങ്ങള്‍ക്കും വിലക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നും മാറിനിന്ന് അല്പം ആദര്‍ശത്തിന്റെ മേമ്പൊടി ചാര്‍ത്തിയ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ മോഡല്‍ പ്രതികരണങ്ങളും അനുവദനീയമായിരിക്കില്ല.

publive-image

ഇത്തരത്തില്‍ കോണ്‍ഗ്രസിലെ കപട ആദര്‍ശത്തിന്റെ തലതൊട്ടപ്പനായ വി എം സുധീരന്‍ തന്നെ ഒറ്റപ്പെട്ട പ്രതികരണവുമായി രംഗത്ത് വന്നാലും പാര്‍ട്ടി വക കടിഞ്ഞാണ്‍ വീഴുമെന്നുറപ്പാണ്.  ചുരുക്കത്തില്‍ നിയന്ത്രിക്കാന്‍ ആളില്ലാതെ സോഷ്യല്‍ മീഡിയ വഴിയും പ്രവര്‍ത്തകര്‍ക്കിടയിലും സ്വന്തം സാമ്രാജ്യങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന പാര്‍ട്ടിയിലെ ഒറ്റയാന്മാരുടെ ശൈലികള്‍ ഇനി വച്ചുപൊറുപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതികരണങ്ങള്‍ കൂടി പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമാക്കി മാറ്റുമെന്ന സൂചന മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയിട്ടുണ്ട്. പുതിയ പ്രസിഡന്റിന്റെ മാറ്റങ്ങള്‍ എന്നതിനേക്കാള്‍ ഇത്തരം മാറ്റങ്ങള്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പാര്‍ട്ടിയുടെ ശൈലി മാറ്റത്തിന്റെ ഭാഗമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

publive-image

അതിനാല്‍ തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് ഹൈക്കമാന്റിന്റെ ഉറച്ച പിന്തുണയും ഉറപ്പായിട്ടുണ്ട്. അച്ചടക്ക ലംഘനം, അത് എത്ര ഉന്നതനില്‍ നിന്നായാലും വച്ചുപൊറുപ്പിക്കില്ലെന്ന നയമാണ് രാഹുല്‍ ഗാന്ധിയുടേത്.

publive-image

മുല്ലപ്പള്ളി രാമചന്ദ്രനെ സംബന്ധിച്ച് അദ്ദേഹം ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ള നേതാവല്ലെന്നതാണ് മറ്റ്‌ നേതാക്കള്‍ക്കാശ്വാസം പകരുന്നത്. കാരണം, ആഗ്രഹിച്ചതൊക്കെ നേടിയിട്ടാണ് മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷന്റെ കസേരയിലെത്തുന്നത്. അദ്ദേഹം ആഗ്രഹിച്ചതില്‍ ഏറ്റവും വലുതും അത് തന്നെയാണ്. ഒടുവില്‍ അതും കൈയ്യെത്തി പിടിച്ചതിനാല്‍ ഇനി മുല്ലപ്പള്ളിയെ സംബന്ധിച്ച് ആഗ്രഹിച്ചു കിട്ടിയ പുതിയ പദവി ഏറ്റവും ഭംഗിയായി കൊണ്ടുനടക്കുക എന്നത് മാത്രമാണ്.

publive-image

തികഞ്ഞ ഗാന്ധിയനായിരിക്കുമ്പോഴും ആ ശൈലി തന്റെ പാര്‍ട്ടിക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഭാരമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നേതാവ് എന്നതാണ് മുല്ലപ്പള്ളിയുടെ പ്രത്യേകത. 'എന്‍റെ ശൈലി. അത് എന്റേതായിരിക്കട്ടെ' എന്ന നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ മുല്ലപ്പള്ളി മറ്റാര്‍ക്കും തടസമാകാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്.

സുധീരനും മറ്റും പറ്റിയ തകരാറ് അവിടെയാണ്.  അതിനാല്‍ തന്നെ സ്ഥാനം ഏറ്റെടുത്ത ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ മുല്ലപ്പള്ളിയുടെ ഗ്രാഫ് പൊടുന്നനെ ഉയര്‍ന്നിട്ടുമുണ്ട്.

Advertisment