Advertisment

എന്‍സിപി ലയനത്തോടെ ബാലകൃഷ്ണപിള്ള അന്ത്യം കുറിക്കുന്നത് അര നൂറ്റാണ്ടുപിന്നിട്ട കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്. പിള്ള കേരളാ കോണ്‍ഗ്രസിന് പുറത്തുകടക്കുന്ന ആദ്യ സ്ഥാപക നേതാവ് 

New Update

കൊല്ലം:  എന്‍ സി പി - ആര്‍ ബാലകൃഷ്ണ പിള്ള ലയനം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പായതോടെ അര നൂറ്റാണ്ട് പിന്നിടുന്ന പിള്ളയുടെ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് പരിസമാപ്തിയാകുന്നു.  കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ ആര്‍ ബാലകൃഷ്ണ പിള്ള എക്കാലവും ആ പാര്‍ട്ടിയുടെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു.

Advertisment

publive-image

1964 ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരണത്തിനു തന്നെ കാരണമായ കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകളില്‍ പി ടി ചാക്കോ പക്ഷത്തിനൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു പിള്ള. മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി ചാക്കോയാണ് പിള്ളയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത്.

പിന്നീട് ചാക്കോയുടെ മരണം വരെ പിള്ള അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിരുന്നു, 64 ല്‍ ചാക്കോ മരിച്ച ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായി പിള്ള മാറി.

publive-image

തുടര്‍ന്ന്‍ കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പുകളിലും ലയനങ്ങളിലുമെല്ലാം ഭാഗഭാക്കായ ബാലകൃഷ്ണ പിള്ള പക്ഷേ ഒരിക്കല്‍പ്പോലും കേരളാ കോണ്‍ഗ്രസ് എന്ന ഭൂമികയ്ക്ക് അപ്പുറം കടക്കാന്‍ തയാറായിരുന്നില്ല. ആ ചരിത്രമാണ് ഇപ്പോള്‍ വഴിമാറുന്നത്. കേരളാ കോണ്‍ഗ്രസിന്റെ മുഖ്യധാരാ നേതാക്കളിലൊരാള്‍ ആദ്യമായി കേരളാ കോണ്‍ഗ്രസിന് പുറത്ത് കടക്കുകയാണ്.

കെ എം മാണിയുടെ ഭാഷയില്‍ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് കേരളാ കോണ്‍ഗ്രസ്. എത്ര തവണ പിളര്‍ന്നാലും അതൊക്കെ ഒരു കേരള കോണ്‍ഗ്രസ് കഷണമായി കേരള രാഷ്ട്രീയത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ അവശേഷിച്ചിരുന്നു.

publive-image

ഏറ്റവും ഒടുവില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസും സ്കറിയാ തോമസിന്റെ കേരള കോണ്‍ഗ്രസും പിള്ള കേരളാ കോണ്‍ഗ്രസും ഇടത് മുന്നണിയിലും പി സി തോമസിന്റെ കേരളാ എന്‍ ഡി എയിലും മാണിയും ജേക്കബ്ബ് ഗ്രൂപ്പും യു ഡി എഫിലുമായി നിലയുറപ്പിക്കുകയാണ്. ജേക്കബ് ഗ്രൂപ്പ് ഇടക്കാലത്ത് ഡിഐസിയിലൊക്കെ പോയെങ്കിലും അതും ശാശ്വതമായില്ല. ഒടുവില്‍ ജേക്കബും പഴയ കേരളാ കോണ്‍ഗ്രസ് പുനസംഘടിപ്പിച്ചു.

ഇതിനിടയില്‍ പി സി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ് വിട്ട് സെക്യുലര്‍ കേരളാ കോണ്‍ഗ്രസും പിന്നെ ജനപക്ഷവുമൊക്കെ രൂപീകരിച്ചത് മാത്രമാണ് ഈ വാദത്തിന് അപവാദമായി ആകെയുള്ളത്. പക്ഷേ, പി സി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവോ അത്തരം നേതാക്കളുടെ കുടുംബത്തില്‍ നിന്നോ അല്ല.

publive-image

ബാലകൃഷ്ണ പിള്ള കെ എം ജോര്‍ജ്ജും മാണിയും മുതലുള്ള പിളര്‍പ്പുകള്‍ മുതല്‍ ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ ശക്തനാണ്.  1975 ല്‍ ആദ്യമായി കേരളാ കോണ്‍ഗ്രസ് പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിമാരായി ചുമതലയേറ്റപ്പോള്‍ അതിലൊരാളും പിള്ളയായിരുന്നു. കേരളാ കോണ്‍ഗ്രസ് ചരിത്രത്തിലെ ആദ്യ മന്ത്രിമാരില്‍ ഒരാള്‍ എന്ന റെക്കോര്‍ഡ് പിള്ള അന്ന് നേടിയതാണ്.

പിന്നീട് 77 ല്‍ അന്നത്തെ കേരളാ കോണ്‍ഗ്രസിലെ പിള്ള ഗ്രൂപ്പ് ജനതാ പാര്‍ട്ടിയില്‍ ലയിച്ചെങ്കിലും ആ യാത്ര പിള്ളയെ സംബന്ധിച്ച് അത്ര സുഗമമായിരുന്നില്ല. അന്നത്തെ ജനതാ പാര്‍ട്ടി യോഗത്തില്‍ നിന്നും പിള്ളയെ മുണ്ടും പറിച്ചാണ് ഓടിച്ചതെന്ന പഴയ കഥകളൊക്കെ ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ രസമുള്ള കഥകളാണ്. ആ ചുരുങ്ങിയ ജനതാ കാലഘട്ടത്തില്‍ നിന്നും പിള്ള ഉടന്‍ തന്നെ കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറി.

പിന്നീട് പി ജെ ജോസഫിനൊപ്പം നിലയുറപ്പിച്ച പിള്ള 91 ലാണ് സ്വന്തമായി പിള്ള ഗ്രൂപ്പ് രൂപീകരിച്ച് കേരളാ കോണ്‍ഗ്രസിലെ ഒറ്റയാനായി മാറുന്നത്. പിന്നീടിതുവരെ പല തവണ ഐക്യ കേരളാ കോണ്‍ഗ്രസായും ഇരട്ട കേരളാ കോണ്‍ഗ്രസായുമൊക്കെ ലയിക്കാനുള്ള ചര്‍ച്ചകള്‍ പലത് നടന്നെങ്കിലും പിള്ളയെ ഒപ്പം കൂട്ടാന്‍ ആരും തയാറായില്ല.

publive-image

ഏറ്റവും ഒടുവിലായി ഇതിനു തൊട്ടുമുമ്പ് ഇടത് മുന്നണിയുടെ ഭാഗമായ സ്കറിയാ തോമസിന്റെ പാര്‍ട്ടിയുമായി ലയിക്കാനും ധാരണ ആയെങ്കിലും അതും പാളി. ഒടുവിലാണ് സി പി എമ്മിന്റെ കൂടി സഹായത്തോടെ ഇപ്പോള്‍ എന്‍ സി പിയുമായുള്ള ധാരണകള്‍ വിജയത്തിലെത്തുന്നത്.

1982 ലൊഴികെ ഒരിക്കലും വലതുപക്ഷ രാഷ്ട്രീയത്തെ തള്ളിക്കളയാതിരുന്ന പിള്ള പിന്നീട് ഇടതു രാഷ്ട്രീയത്തിനൊപ്പം ചേരുന്നത് 2016 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ഒടുവില്‍ ഇപ്പോള്‍ തന്നെ താനാക്കിയതെന്ന് പിള്ള തന്നെ പറയാറുള്ള കേരളാ കോണ്‍ഗ്രസിനെ പിള്ള ഉപേക്ഷിക്കുകയാണ്. വീണ്ടും പിള്ളതന്നെ പണ്ട് ജനതയില്‍ നിന്നും മടങ്ങിയതുപോലെയും ജേക്കബ് ഡി ഐ സിയില്‍ നിന്നും മടങ്ങിയതുപോലെയും അദ്ദേഹം വീണ്ടും കേരളാ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവരുമെന്ന വാദമാണ് പാര്‍ട്ടിയിലെ പഴയ സഹപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത് .

Advertisment