Advertisment

എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കേരളം: ബ്രെറ്റ് ലീ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങള്‍ ശക്തമാക്കാനും തുടരാനും കോക്ലിയറിന്റെ ആഗോള ഹിയറിങ് അംബാസിഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായ ബ്രെറ്റ് ലീ കേരളം സന്ദര്‍ശിച്ചു. കേരളത്തിലെ എല്ലാ ആശുപത്രികളിലും ഇതു നിര്‍ബന്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ നീക്കങ്ങള്‍.

Advertisment

publive-image

എല്ലാ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ശ്രവണ പരിശോധന നിര്‍ബന്ധമാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ഈ മേഖലയില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ കേരളം മികച്ച പുരോഗതിയാണു കൈവരിച്ചിട്ടുള്ളതെന്നും ഇതിനെ പ്രശംസിക്കുകയാണു വേണ്ടതെന്നും കേരളത്തിന്റെ മുന്നേറ്റത്തെക്കുറിച്ചു സംസാരിക്കവെ ബ്രെറ്റ് ലീ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 61 മെറ്റേണിറ്റി കേന്ദ്രങ്ങളാണുള്ളത്. ഇവിടെയെല്ലാം ശ്രവണ പരിശോധനാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിലൊരു ആരോഗ്യ സംരക്ഷണ നീക്കം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നടത്താനുള്ള കേരളത്തിന്റെ നടപടി.

സര്‍ക്കാര്‍ സംവിധാനത്തില്‍ ഓരോ വര്‍ഷവും ശരാശരി ഒരു ലക്ഷം കുട്ടികള്‍ക്കാണ് ശ്രവണ ശേഷി നഷ്ടത്തെക്കുറിച്ചു പരിശോധന നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ രീതിയിലുള്ള വിജയ നിരക്ക് സ്വകാര്യ ആശുപത്രികളിലും ദര്‍ശിക്കാനാവും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഒരു കുട്ടിക്കും നിശബ്ദ ലോകത്തു ജീവിക്കേണ്ട സാഹചര്യം ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാന്‍ നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തിലേറെ പേര്‍. അതായത് 466 ദശലക്ഷം പേര്‍, ശ്രവണ ശേഷി നഷ്ടം മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതില്‍ 34 ദശലക്ഷം പേരും കുട്ടികളാണ്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2050 ഓടെ 900 ദശലക്ഷം പേര്‍ കഠിനമായ ശ്രവണ ശേഷി നഷ്ടം അനുഭവപ്പെടുന്നവരാകും.

ചികില്‍സിക്കാതെ പോയാല്‍ ഇത് ആശയ വിനിമയത്തെ ബാധിക്കുകകയും സാമൂഹികമായി ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. ആശങ്ക, വിഷാദം തുടങ്ങിയവയിലേക്കും ഇതു നയിച്ചേക്കും. ഇതേ സമയവും മിക്കവാറും പേര്‍ക്ക് ഈ രംഗത്തു ലഭ്യമായ ആധുനിക ചികില്‍സാ സൗകര്യങ്ങളെക്കുറിച്ച് അറിവില്ല. ഗുരുതരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 1.05 ലക്ഷം പേരാണ് കേരളത്തില്‍ തന്നെയുള്ളത്.

സംസ്ഥാനത്തു ജനിക്കുന്ന ഓരോ കുട്ടിയുടേയും ശ്രവണ ശേഷി പരിശോധിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഇതേക്കുറിച്ചു സംസാരിച്ച ദേശീയ ആരോഗ്യ മിഷന്‍ ശിശു ആരോഗ്യ വിഭാഗം സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. ശ്രീഹരി മാധവന്‍കുട്ടി നായര്‍ പറഞ്ഞു. കുട്ടിക്ക് ആറു മാസം പ്രായമാകുന്നതിനു മുന്നേ തന്നെ നേരത്തെ ഇതു കണ്ടെത്തുകയും ഇടപെടലുകള്‍ നടത്തുകയും പിന്തുണ നല്‍കുകയും അതോടൊപ്പം മാതാപിതാക്കളുടെ ‘ഭാഗത്തു നിന്നു വേണ്ട മാറ്റങ്ങള്‍ നടത്തുകയുമെല്ലാം ചെയ്താല്‍ കുട്ടിയുടെ ‘ഭാഷാ വികസനം മെച്ചപ്പെട്ട നിലയിലായിരിക്കും എന്നതിനു തെളിവുകളുണ്ട്.

2017-ല്‍ കാതോരം പദ്ധതി അവതരിപ്പിച്ചതോടെ കേള്‍വി ശേഷി പരിശോധന പുതിയൊരു തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കേള്‍വി നഷ്ടം ഉണ്ടെന്നു കണ്ടെത്തിയിട്ടുള്ളവരുടെ ജീവിതത്തില്‍ ക്രിയാത്മകമായ രീതിയില്‍ മാറ്റമുണ്ടാക്കാന്‍ ഇതു സഹായകമായിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും നവജാത ശിശുക്കളുടെ ശ്രവണ പരിശോധന നിര്‍ബന്ധമാക്കുന്നതിന് ദേശീയ ആരോഗ്യ ദൗത്യം ആര്‍.ബി.എസ്.കെ.യുടെ ‘ഭാഗമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലും ഇതു പ്രോല്‍സാഹിപ്പിക്കുവാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ എല്ലാ നവജാത ശിശുക്കള്‍ക്കും ശ്രവണ പരിശോധന നടത്തിക്കൊണ്ട് 2003-ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ കൊച്ചി ശാഖയാണ് ഈ രംഗത്ത് സമഗ്രമായ ചുവടു വെച്ച ആദ്യ പ്രസ്ഥാനമെന്ന് ഇതേക്കുറിച്ചു സംസാരിച്ച സെന്‍ട്രല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ മുന്‍ പ്രസിഡന്റും ശിശുരോഗ വിദഗ്ധനുമായ ഡോ. സച്ചിദാന്ദ കമ്മത്ത് ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു കൊണ്ട് 2014-ല്‍ ഹിയറിങ് ഫ്രണ്ട്‌ലി എറണാകുളം ഡിസ്ട്രിക്ട് എന്ന പേരില്‍ ഇതു കൂടുതല്‍ വികസിപ്പിച്ചു. 2019 ഏപ്രില്‍ വരെ 1,70,168 നവജാത ശിശുക്കള്‍ക്കാണ് പരിശോധന നടത്തിയത്. ഇതില്‍ 4009 കുട്ടികള്‍ക്ക് ശ്രവണ പ്രശ്‌നങ്ങള്‍ കണ്ടെത്താനുമായി.

ഡോ. ഏബ്രഹാം കെ. പോള്‍ അവതരിപ്പിച്ച പദ്ധതി പ്രകാരം ഈ കുട്ടികളെ ഇതു നിര്‍ണയിക്കുന്നതിനുള്ള അടുത്ത പരിശോധനയ്ക്ക് അയക്കുകയും പരിഹാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. കേരളത്തിലെ മറ്റു ജില്ലകളിലേക്കും ഇതു വ്യാപിപ്പിക്കുവാന്‍ അക്കാദമി തയ്യാറെടുത്തിട്ടുണ്ട്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ദേശീയ പ്രസിഡന്റിന്റെ കര്‍മ പരിപാടിയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോ. സച്ചിദാനന്ദ കമ്മത്ത് ചൂണ്ടിക്കാട്ടി.

ജീവിതം കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കുന്നതിനു സഹായകമായ നിരവധി മാര്‍ഗങ്ങള്‍ ഇന്നു ലഭ്യമാണെന്ന് ഈ രംഗത്തെ ആരോഗ്യ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളെ കുറിച്ചു സംസാരിച്ച സീനിയര്‍ ഇ.എന്‍.ടി. കണ്‍സള്‍ട്ടന്റും കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനുമായ ഡോ. മനോജ് മാണിക്കോത്ത് പറഞ്ഞു. കേള്‍വി ശേഷി നഷ്ടമുള്ളവര്‍ക്ക് ശാശ്വത പരിഹാരം ലഭ്യമാക്കുന്ന നിരവധി ബദല്‍ സംവിധാനങ്ങള്‍ ഇന്നു ലഭ്യമാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കോക്ലിയര്‍ ഇംപ്ലാന്റ് സ്വീകരിച്ചിട്ടുള്ളവരുമായ പി.എ. റിസ്വാന, കെ. അഭിരാമി തുടങ്ങിയവര്‍ സാങ്കേതികവിദ്യ തങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റം വരുത്തും എന്നതിന്റെ മികച്ച ഉദാഹരണമാണ്. കോക്ലിയര്‍ പോലുള്ള ഇംപ്ലാന്റ് ചെയ്യാവുന്ന ശ്രവണ പരിഹാര മാര്‍ഗങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment