നിഷ പറഞ്ഞതെന്ത് ? കേട്ടതെന്ത് ? ചര്‍ച്ച ചെയ്തത് ഉഷയുടെ പ്രായവും നിഷയുടെ പ്രായവും .. പിന്നെ രാഷ്ട്രീയവും ! അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നങ്ങ് തെളിയിച്ചു ?

ജോബി ജോസഫ്
Wednesday, March 21, 2018

നിഷാ ജോസ് കെ മാണി ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ പറയാന്‍ ശ്രമിച്ച വിവാദമായ ഭാഗം സ്ത്രീ അബലയാക്കപ്പെടുന്ന സാഹചര്യത്തിലേക്ക് നയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളെ അവള്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചാണ്.

അത് തെല്ലും വായിക്കാന്‍ നില്‍ക്കാതെ ചിലര്‍ വിവാദത്തിനിറങ്ങിയതോടെ അവരെന്ത് പറയാന്‍ ശ്രമിച്ചോ അതുതന്നെ സംഭവിച്ചു. അങ്ങനൊരനുഭവം തുറന്നുപറയാന്‍ തയ്യാറായ ഒരു സ്ത്രീയെ അതിന്‍റെ പേരില്‍ മാനസികമായി അങ്ങ് തളര്‍ത്തി . എന്നിട്ട് സ്ത്രീ ശാക്തീകരണവും ഒലക്കേടെ മൂടും !!

രാജ്യമാകെ മീ ടൂ ക്യാമ്പയിന്‍ അതിരുകളില്ലാതെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കേരളത്തില്‍ ഒരു സ്ത്രീയ്ക്ക് അവരെത്ര പ്രഗല്‍ഭയാണെങ്കിലും താനനുഭിച്ച പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള സാഹചര്യം പോലും മലയാളി ഒരുക്കുന്നില്ലെന്ന് ഈ വിവാദം തെളിയിച്ചു.

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം ! എന്ന നിലപാടുകാരാണ് നമ്മുടെ ചാനലുകള്‍.

തന്റെ സുഖ/സുരക്ഷിത യാത്രയ്ക്ക് ഭംഗം വരുത്തുന്ന സാന്നിധ്യവും സംസാരവും മനപൂര്‍വ്വമായോ അല്ലാതെയോ സംഭവിച്ച സ്പര്‍ശിക്കലും ഒരു സഹയാത്രികനില്‍ നിന്നും ഉണ്ടായി എന്നാണു നിഷ പുസ്തകത്തില്‍ പറഞ്ഞത്.

പക്ഷേ ചര്‍ച്ചയായത് പ്രശസ്തയായ ഒരു സ്ത്രീയ്ക്ക് പോലും കേരളത്തിലെ രാത്രിയാത്ര സുരക്ഷിതമല്ലെന്ന യാഥാര്‍ത്ഥ്യത്തേക്കുറിച്ചായിരുന്നില്ല, കഷ്ടം !!

എവിടെ നിന്നാണ് ആ യാത്ര തുടങ്ങിയതെന്നു പുസ്തകത്തില്‍ വ്യക്തമല്ല. കോട്ടയത്തേക്ക് പോകാന്‍ എന്ന് മാത്രം വ്യക്തം. ആരാണ് ആരോപണ വിധേയന്‍ എന്നും പറഞ്ഞിട്ടില്ല. കാരണം അതല്ലായിരുന്നു ആ തുറന്നെഴുത്തിന്‍റെ ലക്‌ഷ്യം.

അവര്‍ ആരെക്കുറിച്ചും പരാതി പറയുകയോ പരാതിപ്പെടുമെന്നു പറയുകയോ ചെയ്തിട്ടില്ല. കാരണം, ആ സംഭവത്തിന്റെ മറുവശമാണ് അവര്‍ പറയാന്‍ ശ്രമിച്ചത്. അക്കാര്യം വ്യക്തമായി ആ അധ്യായത്തിന്റെ അവസാന ഭാഗത്ത് ശുദ്ധമായ ഇംഗ്ലീഷില്‍ എഴുതിയിട്ടുമുണ്ട്.

പക്ഷെ, ചര്‍ച്ചയായത് വേറെ കാര്യങ്ങള്‍. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള യാത്രാമദ്ധ്യേ എന്നായി ചര്‍ച്ചകള്‍. തിരുവനന്തപുര൦ യാത്രയിലായിരുന്നു ആ സംഭവം എന്ന് ആ പുസ്തകത്തിലൊരിടത്തുമില്ല, നിഷ അങ്ങനെ ഒരിടത്തും പറഞ്ഞിട്ടുമില്ല, തിരുവനന്തപുരം എന്ന് ചിലര്‍ പറഞ്ഞു .. അല്ലെന്നും അവര്‍ തന്നെ പറഞ്ഞു.

പക്ഷേ, ‘എന്നേത്തന്നെയാണ് ഉദ്ദേശിച്ചത്’ എന്ന് പറഞ്ഞുകൊണ്ട് പിതാവായ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് വിവാദത്തില്‍ ഇടപെട്ടു. ഞാനാണോ ആ തെണ്ടി ? എന്ന് പറയണമെന്നായി.

എന്താണ് അതിന്റെ ആവശ്യം എന്ന് വ്യക്തമല്ല. നിഷ അത് ഇതേവരെ പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ആ പേരിന്റെ ഉടമസ്ഥന്‍ കുറഞ്ഞത് 14 ദിവസം സബ് ജയിലില്‍ കഴിയേണ്ടിവരുമെന്നുറപ്പ്. പേര് പറയാത്തതിന്റെ പേരില്‍ നിഷ ജോസിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ ഒരു വകുപ്പുമില്ല. പിന്നെയെന്തിനാണ് അങ്ങനൊരാവശ്യം ?

യാത്ര എവിടെ തുടങ്ങി എന്ന് നിഷ പറഞ്ഞില്ലെങ്കിലും ആ യാത്രയില്‍ ഞാനും ഒപ്പമുണ്ടായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞുകഴിഞ്ഞു. ആദ്യം അങ്ങനായിരുന്നില്ല ഷോണ്‍ പറഞ്ഞത്.

പിന്നെ ഞാന്‍ യാത്ര ചെയ്തെന്നു പറഞ്ഞു . അതും കഴിഞ്ഞു നിഷയ്ക്കൊപ്പം ഞാനാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞുകഴിഞ്ഞു . ഇനി യെസ് എന്ന് നിഷ പറഞ്ഞാല്‍ ബാക്കിയൊക്കെ ഒക്കെ .. പിന്നെ ജാമ്യത്തിന്റെ കാര്യം നോക്കിയാല്‍ മതി .

എന്നാല്‍ ഷോണ്‍ ആണോ പ്രതിയെന്നു ഇപ്പോഴും വ്യക്തമല്ല. അത് നിഷ പറയുന്നില്ല . അവര്‍ പുസ്തകത്തില്‍ എന്ത് എഴുതിയോ അതിന്‍റെ ഉദ്ദേശ്യ ശുദ്ധിയില്‍ തന്നെ ഉറച്ചു നല്ക്കുകയാണ്. അവര്‍ ആ രീതിയില്‍ ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തം.

കാരണം തനിക്കുണ്ടായ അനുഭവത്തില്‍ നിഷ ജോസ് അപ്പോള്‍ത്തന്നെ പ്രതികരിച്ചു എന്ന് പുസ്തകത്തില്‍ നിന്ന് വ്യക്തമാണ്. ആ സഹയാത്രികനോട് തന്റെ സമീപത്ത് നിന്നും എഴുന്നേറ്റ് പുറത്തുപോകണമെന്ന് അപ്പോള്‍ തന്നെ ആവശ്യപ്പെട്ടു.

എന്നിട്ടും നാണമില്ലാതെ ആ എമ്പോക്കി അവിടെത്തന്നെ ഇരുന്നപ്പോള്‍ ട്രെയിനിലെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനായ ടി ടി ആറിനെ കണ്ട് നേരിട്ട് പരാതി പറഞ്ഞു.

ആ ഇരുന്നവനേക്കാള്‍ എരപ്പാളിയായ ടി ടി ആര്‍ ആ സ്ത്രീയുടെ പരാതി പ്രകാരം നടപടി സ്വീകരിച്ചില്ല. ആ ഇരിക്കുന്ന പയ്യന്റെ അപ്പനെയായിരുന്നു അയാള്‍ക്ക് പേടി.

’55 വയസുള്ള എന്റെ അമ്മയേക്കാള്‍ 3 വയസ് മാത്രം കുറവുള്ള ഒരു സ്ത്രീയോട് ഞാന്‍ അങ്ങനെ ചെയ്യുമോ’ എന്നൊക്കെയാണ് ഷോണ്‍ ജോര്‍ജ്ജിന്റെ അടുത്ത ചോദ്യം. ഷോണിന് നിഷയുടെ പ്രായത്തെക്കുറിച്ച് നിശ്ചയമില്ലെന്നത് ക്ഷമിക്കാം. പക്ഷെ സ്വന്തം അമ്മയുടെ പ്രായം അറിവില്ലാതിരിക്കില്ല. പിതാവ് ജോര്‍ജിന്‍റെ പ്രായം ( ജനനം- ഓഗസ്റ്റ് 28, 1951 ) 67 ആണ്.

1973 ല്‍ ജനിച്ച നിഷയ്ക്ക് 2018 ല്‍ എത്തുമ്പോള്‍ എന്തായാലും 52 തികയില്ലെന്ന് വ്യക്തം. കണക്ക് ശരിയെങ്കില്‍ 45 .  പിന്നെ ഉഷയാണോ നിഷയാണോ മൂത്തത് എന്നല്ല , പീഡനവും പ്രായവും തമ്മിലുള്ള കണക്കുകളൊക്കെ പറയാന്‍ ഇവരൊക്കെ ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത് എന്നാണ് ചോദ്യം  ?

70 കഴിഞ്ഞ നമ്മുടെ നാട്ടിലെ മുത്തശ്ശന്മാര്‍ പീഡിപ്പിക്കുന്ന പിള്ളേരുടെ ശരാശരി പ്രായം 10 ല്‍ താഴെയാണ്. ബൈബിള്‍ കഴിഞ്ഞാല്‍ കത്തോലിക്കര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ചടി ‘ഗ്രന്ഥമായ’ ദീപികയുടെ മുന്‍ നാഥനായിരുന്ന 50 കാരന്‍ വൈദികന്‍ കണ്ണൂരിലെ ആ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയപ്പോള്‍ അവളുടെ പ്രായം 16.

2004 ല്‍ കാഞ്ഞിരപ്പള്ളി തമ്പലയ്ക്കാട്ട് ദേവകിയമ്മ എന്ന 76 കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ആജീവനാന്ത തടവ് അനുഭവിക്കുന്ന പ്രതിയുടെ കൃത്യം നടത്തിയ സമയത്തെ പ്രായം 27. അതുകൊണ്ട് പീഡനത്തില്‍ പ്രായത്തിന്റെ കണക്കുകള്‍ക്ക് പ്രസക്തിയില്ല. എന്‍റെ അമ്മയേക്കാള്‍ എന്നല്ല മുത്തശിയേക്കാള്‍ എന്ന് പോലും പറയേണ്ട !

പിന്നെ ഭാര്യയ്ക്കെതിരെ മോശമായ പെരുമാറ്റം ഉണ്ടായപ്പോള്‍ നിഷയുടെ ഭര്‍ത്താവ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നായിരുന്നു അടുത്ത ചോദ്യം.

ഭാര്യ തന്നെ സ്പോട്ടില്‍ പ്രതികരിക്കുകയും നടപടി സ്വീകരിക്കുകയും ആരോപണ വിധേയന്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മാന്യനായ ഒരു ഭര്‍ത്താവ് അതിന്റെ പിന്നാലെ പോകുമോ എന്ന് സംശയമാണ് ? സാധാരണഗതിയില്‍ ഉണ്ടാകില്ല !

എന്തായാലും ഒരു കാര്യം വ്യക്തം. നിഷ ജോസ് കെ മാണി പുസ്തകത്തില്‍ പറയുന്ന വ്യക്തി അഡ്വ. ഷോണ്‍ ജോര്‍ജാണോ എന്നത് അവര്‍ തന്നെ അത് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഷോണ്‍ ജോര്‍ജിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനാകില്ല . അത് ശരിയുമല്ല . അങ്ങനെ പറയുന്നത് തെറ്റാണ് .

ഈ ലേഖനത്തില്‍ പോലും ആ പേര് പരാമര്‍ശിച്ചത് ഷോണ്‍ പറഞ്ഞ വാക്കുകളെ ഉദ്ധരിച്ചു മാത്രമാണ് . പിന്നെ ഞാനാണോ എന്ന് ചോദിച്ചിട്ടും അവര്‍ മറുപടി പറയാത്ത സാഹചര്യത്തില്‍ പറഞ്ഞേ തീരൂ .. എന്ന വാശിയും ശരിയല്ല . അത് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമാണ് .

എന്തായാലും ഒരു കാര്യം വ്യക്തമാണ് – ആ പേര്  പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഈ വിഷയത്തില്‍ നിയമത്തിന്‍റെ പരിരക്ഷ നിഷയ്ക്കാണ്.

×