13 തവണ പീഡിപ്പിച്ചതായി പറയുന്ന കാലയളവിന് ശേഷം സ്വന്തം കുടുംബത്തിലെ പരിപാടിക്ക് കന്യാസ്ത്രീ ബിഷപ്പിനെ ക്ഷണിച്ച് പങ്കെടുപ്പിച്ചു. തുടര്‍ന്നും സന്തോഷത്തോടെ കേരളത്തില്‍ ബിഷപ്പിന്റെ പരിപാടികള്‍ സംഘടിപ്പിച്ചു. തമ്മില്‍ തെറ്റുന്നത് 2016 ല്‍ കന്യാസ്ത്രീയ്ക്കെതിരെ ഡല്‍ഹിയില്‍ നിന്ന് പരാതി ഉണ്ടായപ്പോള്‍. സമരത്തിലിരിക്കുന്ന കന്യാസ്ത്രീകള്‍ കുറവിലങ്ങാട്‌ മഠത്തില്‍ ബലമായി വന്നു താമസിക്കുന്നവര്‍ – കന്യാസ്ത്രീയുടെ വാദങ്ങള്‍ പൊളിച്ചടുക്കി എംജി കോണ്‍ഗ്രിഗേഷന്റെ വിശദമായ വാര്‍ത്താക്കുറിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, September 11, 2018

കോട്ടയം:  കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്ത്രീകള്‍ അല്ലെന്നും ഇവര്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഗൂഡാലോചനയില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രിഗേഷന്റെ നിയമങ്ങളെ വെല്ലുവിളിച്ച് കുറവിലങ്ങാട്‌ മഠത്തില്‍ അനധികൃതമായി താമസിക്കുന്നവരാണെന്നും വ്യക്തമാക്കി എം ജി കോണ്‍ഗ്രിഗേഷനിലെ മദര്‍ ജനറലും കൌണ്‍സിലര്‍മാരും രംഗത്ത്.

കന്യാസ്ത്രീകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും സമരത്തിനിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ സഹോദരിമാരെ പൊതുസമൂഹത്തേക്കാളധികമായി തങ്ങള്‍ക്ക് നന്നായി അറിയാമെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെ സ്വന്തം മഠമായ എം ജി കോണ്‍ഗ്രിഗേഷനിലെ ഉന്നതാധികാരികള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

13 തവണ ബലാല്‍ക്കാരമായി പീഡനം നടന്നതായി ആരോപിച്ച കന്യാസ്ത്രീ അത് നടന്നതായി പറയപ്പെടുന്ന കാലയളവിനു ശേഷം 2014 ല്‍ സ്വന്തം കുടുംബത്തിലെ ചടങ്ങുകള്‍ക്ക് സന്തോഷപൂര്‍വ്വം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പങ്കെടുപ്പിച്ചതും മദര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

വീണ്ടും ബിഷപ്പിന്റെ കേരളത്തെ പരിപാടികളില്‍ സ്വമനസാലെ ഇവര്‍ പങ്കെടുക്കുകയും അവയെല്ലാം കോര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തതും മദര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ബലമായി പീഡനത്തിനിരയായ ഒരു വ്യക്തിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണിതെന്നു പത്രക്കുറിപ്പില്‍ പറയുന്നു.

2016 ല്‍ ഈ കന്യാസ്ത്രീയ്ക്കെതിരെ അവരുടെ ഒരു ബന്ധുവായ സ്ത്രീയുടെ പരാതി ഡല്‍ഹിയില്‍ നിന്നും പുറത്ത് വരുന്നതുവരെ ഇങ്ങനൊരു ആക്ഷേപം ഉയര്‍ന്നിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഈ പരാതി പുറത്തുവരുന്നത് വരെ ആരോപണ വിധേയനായ ബിഷപ്പിനൊപ്പം സന്തോഷവതിയായി ഒപ്പം സഞ്ചരിച്ച് കേരളത്തിലെ ഒട്ടുമിക്ക പരിപാടികളും ഇവര്‍ പങ്കെടുത്തിട്ടുള്ളതാണെന്നും പരാതിക്കാരിയും ഇപ്പോള്‍ സമരത്തിനിരിക്കുന്ന കന്യാസ്ത്രീകളും സ്ഥിരമായി സഭാ വിരുദ്ധ നിലപാടുകളുമായി രംഗത്ത് വരുന്ന ഒരു സംഘം ആളുകളുടെ നിയന്ത്രണത്തിലാണെന്നും മദര്‍ ജനറലിന്റെ കത്തില്‍ പറയുന്നു.

കന്യാസ്ത്രീ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന വസ്തുതകള്‍ ഖണ്ഡിക്കുന്നതും ബിഷപ്പിനെ ന്യായീകരിക്കുന്നതുമാണ് വാര്‍ത്താക്കുറിപ്പ്‌.

ഒപ്പം, കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഒന്നടങ്കം സമരത്തിന് എന്ന മാധ്യമ പ്രചരണത്തെയും കത്ത് പൊളിച്ചടുക്കുന്നു. ഈ ലക്ഷ്യത്തിനായി വിവിധ മഠങ്ങളില്‍ നിന്നും ബലമായി കോണ്‍ഗ്രിഗേഷന്റെ നിയമങ്ങളെ വെല്ലുവിളിച്ച് കുറവിലങ്ങാട് മഠത്തില്‍ വന്നു താമസിക്കുന്നവരാണ് സമരത്തിനിറങ്ങിയിരിക്കുന്നതെന്ന് കത്ത് വ്യക്തമാക്കുന്നു.

ഈ മഠത്തില്‍ ഉണ്ടായിരുന്ന ഇവര്‍ക്കൊപ്പം നില്‍ക്കാത്ത കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി പുറത്താക്കിയതായും കത്തില്‍ പറയുന്നുണ്ട്.

കത്തിന്റെ പൂര്‍ണ്ണ രൂപം:

ജലന്ധര്‍ രൂപതാ ബിഷപ്പ് മാര്‍ ഫ്രാങ്കോ മുളക്കല്‍ എം. ജെ. കോണ്‍ഗ്രിഗേഷനിലെ ഒരു സിസ്റ്ററിനെ പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ച് അഞ്ചു സിസ്റ്റേഴ്സ്, എന്നും സഭക്കെതിരെ നിലകൊള്ളുന്ന ചില സംഘടനകളോടൊപ്പം ചേര്‍ന്ന് എറണാകുളത്ത് സമരം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
ഈ നടപടിയെ എം.ജെ. കോണ്‍ഗ്രിഗേഷന്‍ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. ഇത് എം.ജെ. കോണ്‍ഗ്രിഗേഷനെ സംബന്ധിച്ച് അങ്ങേയറ്റം അപമാനകരവും ദുഖകരവുമാണ്.
എം.ജെ. കോണ്‍ഗ്രിഗേഷന്‍റെ അധികാരികളുടെ ഭാഗത്തുനിന്നും സമരം നടത്തുന്ന ഞങ്ങളുടെ സഹോദരിമാര്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല എന്ന് അവര്‍ പറഞ്ഞതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
പീഡന ആരോപണം ഉന്നയിച്ച ഞങ്ങളുടെ സഹോദരിയും അവരോട് ചേര്‍ന്നുനിന്ന് സമരം നടത്തുന്ന സിസ്റ്റേഴ്സും നടത്തുന്ന കപടആരോപണങ്ങള്‍ക്ക് കൂട്ടുനിന്നുകൊണ്ട് ഒരു നിരപരാധിയെ ക്രൂശിക്കുക എന്നത് ഞങ്ങളുടെ മനസാക്ഷിക്ക് ചേര്‍ന്നതല്ല.
ഞങ്ങളോടൊപ്പം വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ച ഞങ്ങളുടെ ഈ സഹോദരിമാരെ ഞങ്ങള്‍ക്കറിയാവുന്നിടത്തോളം പൊതുസമൂഹത്തിനറിയില്ല എന്നുള്ളത് വസ്തുതയാണല്ലോ.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ നിരവധി തവണ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചു എന്നുള്ളത് തികച്ചും വാസ്തവവിരുദ്ധമാണെന്നുള്ള കാര്യം ഒരിക്കല്‍ക്കൂടി എം.ജെ. കോണ്‍ഗ്രിഗേഷന്‍ ഔദ്യോഗികമായി പരസ്യമായി പൊതുസമൂഹത്തെയും തങ്ങളുടേതായ രീതിയില്‍ നിയമവ്യവസ്ഥയെയും അറിയിച്ചിട്ടുണ്ട് എന്നുള്ള കാര്യം അറിയിച്ചുകൊള്ളുന്നു.
2014 മെയ് 5-ന് പിതാവ് പീഡിപ്പിച്ചു എന്നാണ് ഞങ്ങളുടെ സഹോദരി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ അതിനുശേഷം ഈ സഹോദരിയുടെ കുടുംബത്തിലെ പരിപാടികള്‍ക്ക് ഈ സഹോദരി തന്നെ ക്ഷണിച്ച് അഭിവന്ദ്യ പിതാവ് പങ്കെടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
മാത്രവുമല്ല, 2016 വരെയുള്ള കാലഘട്ടത്തില്‍ അഭിവന്ദ്യ പിതാവിന്‍റെ കേരളത്തിലെ പരിപാടികളില്‍ സ്വമനസ്സാല്‍ സഹായിക്കുകയും കോര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തുകൊണ്ടിരുന്നത് ഈ ആരോപണം ഉന്നയിച്ച ഞങ്ങളുടെ സഹോദരി തന്നെയാണെന്നുള്ള കാര്യം അറിയിച്ചുകൊള്ളുന്നു.
ബലമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു വ്യക്തിക്ക് ഒരിക്കലും സാധ്യമാകാത്ത ഒരു കാര്യമാണിതെന്ന് ഏതൊരു കൊച്ചുകുട്ടിക്കും മനസ്സിലാക്കാവുന്ന കാര്യമാണല്ലോ.
മദര്‍ എന്ന നിലയില്‍ പിതാവ് പങ്കെടുക്കുന്ന പരിപാടികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നുള്ള യാതൊരു നിയമവും ഞങ്ങളുടെ കോണ്‍ഗ്രിഗേഷനില്‍ ഇല്ല.
മാത്രവുമല്ല അങ്ങനെയുള്ള യാതൊരു നിര്‍ദ്ദേശവും എം.ജെ. കോണ്‍ഗ്രിഗേഷന്‍റെ പരമാധികാരിയായ മദര്‍ ജനറലിന്‍റെ ഭാഗത്തുനിന്ന് ഞങ്ങളുടെ ഒരു മഠത്തിനും നല്കിയിട്ടുമില്ല.
ആയതിനാല്‍ തന്നെ 2016 വര്‍ഷത്തില്‍ ഈ സഹോദരിക്കെതിരേ ഡല്‍ഹിയില്‍ നിന്നും ഒരു പരാതി ലഭിക്കുന്നതുവരെ അഭിവന്ദ്യ പിതാവിനോടൊപ്പം കേരളത്തിലെ ഒട്ടുമിക്ക പരിപാടികളിലും ഒപ്പം സഞ്ചരിച്ച് ഒന്നിച്ച് സന്തോഷവതിയായി പങ്കെടുത്തതിനുശേഷം ലഭിച്ച പരാതിയില്‍ ഞങ്ങള്‍ അന്വേഷണം ആരംഭിച്ച ശേഷം ഞങ്ങളുടെ സഹോദരി ഇങ്ങനെയൊരാരോപണം ഉന്നയിച്ച് രംഗത്ത് വന്നതിന്‍റെ അടിസ്ഥാനം ഞങ്ങള്‍ക്ക് വ്യക്തമാണ്.
മാത്രവുമല്ല, ഇപ്പോള്‍ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്ന ആ സഹോദരിമാരൊന്നും നിയമപ്രകാരം കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളല്ല.
അവര്‍ കോണ്‍ഗ്രിഗേഷന്‍റെ നിയമങ്ങളെ എല്ലാം വെല്ലുവിളിച്ച് ഈ പദ്ധതിയുടെ ഭാഗമാകുവാനായി അവിടെ താമസിക്കുന്നവരാണ്. നിരവധി തവണ ഇവര്‍ക്ക് വാണിംഗ് നല്കിയിട്ടുള്ളതുമാണ്.
മാത്രവുമല്ല, ഈ മഠത്തില്‍ അനധികൃതമായി താമസിക്കുന്ന ഈ സഹോദരിമാര്‍ നിയമപ്രകാരം ഈ മഠത്തിലേക്ക് പോസ്റ്റിംഗ് ലഭിച്ചു വരുന്ന ഒരു സിസ്റ്ററിനെയും ബാഹ്യശക്തികളുടെ സഹായത്തോടെ ഭീഷണിപ്പെടുത്തി അവിടെ താമസിക്കുവാന്‍ അനുവദിക്കുകയില്ലായിരുന്നു.
പുറമേ നിന്നുള്ള ബാഹ്യശക്തികള്‍ ഇവരുടെ സഹായത്തോടെ മഠത്തിനുള്ളില്‍ കയറി ഞങ്ങളുടെ കുറവിലങ്ങാട് മഠത്തിലെ മദറിന് വധഭീഷണി മുഴക്കി അവിടെ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
ഇതിനുശേഷം ഭയം കാരണം, കുറവിലങ്ങാട് മഠത്തില്‍ താമസിക്കുവാന്‍ എം.ജെ. കോണ്‍ഗ്രിഗേഷനിലെ ഒരു സഹോദരിയും തയ്യാറായിട്ടുമില്ല. ഞങ്ങളുടെ ഈ സഹോദരിമാര്‍ ചില ബാഹ്യശക്തികളുടെ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നതെന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു.
കാരണം, ഇവര്‍ സമരം ചെയ്യുന്ന സമരപ്പന്തലിലെ ബാനറുകള്‍ ഓരോ ക്രൈസ്തവവിശ്വാസിയെയും ഞെട്ടിപ്പിക്കുന്നതും ക്രൈസ്തവവിശ്വാസത്തിന് മുറിവേല്പിക്കുന്നതുമായിരുന്നു. സ്ത്രീകളെ പുരോഹിതര്‍ കുന്പസാരിപ്പിക്കാതിരിക്കുക.
സ്ത്രീകളെ കന്യാസ്ത്രീകള്‍ കുന്പസാരിപ്പിക്കുക, കന്യാസ്ത്രീകള്‍ക്ക് പൗരോഹിത്യം അനുവദിക്കുക തുടങ്ങിയ യുക്തിവാദം പ്രചരിപ്പിക്കുന്ന സംഘത്തില്‍ ഞങ്ങളുടെ കോണ്‍ഗ്രിഗേഷനിലെ സഹോദരിമാര്‍ പങ്കാളികളായത് അങ്ങേയറ്റം ഗൗരവതരമായ കാര്യമാണ്.
ആയതിനാല്‍ത്തന്നെ, ഞങ്ങളുടെ സഹോദരിമാര്‍ ചെന്നെത്തിയിരിക്കുന്ന ഈ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ഞങ്ങളുടെ സഹോദരി ആദ്യം സഭാധികാരികള്‍ക്ക് ലൈംഗികപീഡനം സംബന്ധിച്ച് പരാതി നല്കിയിരുന്നു എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്.
എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ പരാതി നല്കിയിട്ടില്ല എന്ന് തെളിഞ്ഞപ്പോള്‍ താന്‍ അങ്ങനെ ഒരു പരാതി പിതാക്കന്മാര്‍ക്ക് നല്കിയിട്ടില്ലായെന്നും തിരുത്തി പറയുകയുണ്ടായി.
എന്നാല്‍ എം.ജെ. കോണ്‍ഗ്രിഗേഷനിലെ ഞങ്ങളുടെ ഒരു സഹോദരി പറഞ്ഞ ഒരു കള്ളത്തിന്‍റെ പേരില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ പിതാവുമുതല്‍ വിവിധ പിതാക്കന്മാരുടെ അരമനകളില്‍ വരെ പോലീസ് ഉദ്യോഗസ്ഥര്‍ കടന്നുചെന്ന് ചോദ്യംചെയ്യേണ്ട അവസ്ഥ ഉണ്ടാക്കിയത് എം.ജെ. കോണ്‍ഗ്രിഗേഷന് അങ്ങേയറ്റം വേദന ഉളവാക്കുകയും മേല്‍പ്പറഞ്ഞ നടപടികളില്‍ സഭക്കുണ്ടായ വേദനകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും എം.ജെ. കോണ്‍ഗ്രിഗേഷന്‍ ഔദ്യോഗികമായി ദുഖം രേഖപ്പെടുത്തുന്നു.
മാത്രവുമല്ല, കന്യാസ്ത്രീകളെന്ന നിലയില്‍, ഇവര്‍ക്കും ഈ സംഘത്തിനും പിന്തുണയുമായെത്തുന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ജാഗരൂകത കാണിക്കണമെന്ന് ഇവര്‍ അംഗമായ എം.ജെ. കോണ്‍ഗ്രിഗേഷന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുക കൂടി ചെയ്യുന്നു.
മാത്രവുമല്ല, ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനായി എം.ജെ. കോണ്‍ഗ്രിഗേഷന്‍റെ കൗണ്‍സില്‍ യോഗം അടുത്ത ദിവസങ്ങളില്‍ ചേരുന്നതായിരിക്കും.
എന്ന് ,
സി. റെജിന എം.ജെ. (മദര്‍ ജനറല്‍), സി. അമല എം.ജെ. (കൗണ്‍സിലര്‍), സി. വിര്‍ജിന്‍ എം.ജെ. (കൗണ്‍സിലര്‍), സി. മരിയ എം.ജെ. (കൗണ്‍സിലര്‍)
×