Advertisment

പുനലൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ വരവേല്‍പ്പിലെ മോഹന്‍ലാലിന് പ്രതീകം ! മടങ്ങിവന്ന പ്രവാസി തുടങ്ങിയ വര്‍ക്ക് ഷോപ്പിന്‍റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടവരെ മുന്നില്‍ നിര്‍ത്തിയോ ആഗോള നിക്ഷേപ സംഗമങ്ങള്‍ സംഘടിപ്പിക്കുക ?

author-image
admin
New Update

ഗള്‍ഫില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഒരു മുന്നറിയിപ്പാണ് പുനലൂര്‍ ഐക്കരക്കോണം ആലിന്‍കീഴില്‍ സുഗതന്‍ എന്ന 64 കാരന്റെ മരണം.

Advertisment

40 വര്‍ഷം ഗള്‍ഫില്‍ ജോലി നോക്കി ഉണ്ടാക്കിയ സമ്പാദ്യവുമായി കേരളത്തിലെത്തി ഒരു തൊഴില്‍ ചെയ്ത് ജീവിക്കാന്‍ വേണ്ടിയായിരുന്നു മസ്കറ്റിലെ പ്രവാസി മലയാളിയായിരുന്ന സുഗതന്‍ നാട്ടിലെത്തിയത്.

മക്കള്‍ക്ക് കൂടി ഭാഗഭാക്കാകുന്ന തരത്തില്‍ ഒരു വര്‍ക്ക്ഷോപ്പ് തുടങ്ങണം. അതില്‍ അതില്‍ ഗള്‍ഫില്‍ നിന്നും ഒപ്പം മടങ്ങിവന്ന ഇതേ തൊഴില്‍ മേഖലയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് കൂടി ജോലി നല്‍കണം, നാട്ടുകാര്‍ക്കും അത് ഗുണകരമായി മാറണം എന്ന ലക്ഷ്യത്തോടെയായിരുന്നു സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം ആരംഭിച്ചത്.

publive-image

ഇതിനായി കണ്ടെത്തിയത് വെറുതെ കാടുകയറി കിടന്ന ഒരു ചതുപ്പ് ഭൂമിയാണ്‌. നാല് ലക്ഷത്തോളം രൂപ മുടക്കി അത് വൃത്തിയാക്കി അവിടെ ഒരു ഷെഡ്ഡിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. അപ്പോഴാണ്‌ നാട്ടിലെ ചില 'രാജ്യ ദ്രോഹികള്‍' പിരിവ് ഏര്‍പ്പാടുമായി രംഗത്തിറങ്ങിയത്.

ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലമാണെന്നും ഇവിടെ നിര്‍മ്മാണം അനുവദിക്കാനാകില്ലെന്നുമായിരുന്നു പിണറായി സര്‍ക്കാരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ഗുണ്ടകളുടെ നിലപാട്.

അതിനായി രണ്ടു ലക്ഷം രൂപ ഈ വിരുതന്മാര്‍ സുഗതനോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് സുഗതന്റെ കുടുംബ വൃത്തങ്ങളും സുഹൃത്തുക്കളും പറയുന്നത്.

നാട്ടില്‍ വ്യവസായം തുടങ്ങാന്‍ വരുന്നവരെ തടയുന്നതിനെതിരെ ഗുണ്ടാ നിയമം പ്രയോഗിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്.

പുനലൂരില്‍ ചെറിയൊരു വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ വന്ന പ്രവാസിയോട്‌ രണ്ടു ലക്ഷം രൂപ ചോദിച്ച് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ എന്ത് നടപടിയാണ് വേണ്ടതെന്നു സര്‍ക്കാര്‍ തീരുമാനിക്കണം.

publive-image

വിദേശത്ത് നിന്നും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ആഗോള സംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപ സൌഹൃദ സംസ്ഥാനം എന്നാണ് നമ്മുടെ സ്വയം വീമ്പിളക്കല്‍.

പക്ഷെ നാട്ടില്‍ വ്യവസായം പോയിട്ട് ഒരു പെട്ടിക്കട തുടങ്ങാന്‍ വരുന്നവനോട് പോലും കരുണ കാണിക്കാത്ത 'സാമൂഹ്യ സേവകരാണ്' നാട്ടിലുള്ളതെന്നു തെളിയിക്കാന്‍ ഒരു സുഗതന്‍ വേണ്ടിവന്നു.

ആരെന്ത് വ്യവസായം തുടങ്ങാന്‍ വന്നാലും അതെങ്ങനെ മുടക്കാം, എങ്ങനെ ആ സംരംഭകരെ പിഴിയാം എന്നാണു നാട്ടിലുള്ളവര്‍ ഗവേഷണം നടത്തുന്നത്. നാട്ടില്‍ ബിസിനസ് നടത്താന്‍ വന്നു കുത്തുപാളയെടുത്ത പ്രവാസിയുടെ ജീവിതം മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമയാക്കിയത് 1989 ലാണ്.

വര്‍ഷം മുപ്പത്തിയാറായിട്ടും ആ സ്ഥിതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് പുനലൂരിലെ എ ഐ വൈ എഫുകാര്‍ തെളിയിച്ചിരിക്കുന്നത്.

publive-image

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടിലേക്ക് കൊണ്ടുവന്ന കമ്പ്യൂട്ടറുകള്‍ തിരിച്ചു കയറ്റിവിട്ട യുഗത്തില്‍ നിന്നും ചില കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ഇവര്‍ തെളിയിച്ചിരിക്കുന്നത്.

നാട്ടില്‍ വ്യവസായം തുടങ്ങാന്‍ വരുന്നവര്‍ക്കും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കും എന്തെങ്കിലും നല്ല സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ സുഗതന്റെ മരണത്തിന് കാരണക്കാരായി മാറിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്യണ൦.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസ പ്രക്രിയയ്ക്ക് സര്‍ക്കാര്‍ ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തണം. നാട്ടിലേക്ക് മടങ്ങിവന്ന് വീടിനു പുറത്തിറങ്ങിയാല്‍ കുത്തുപാളയെടുപ്പിക്കുമെന്ന ദുഷ്പേര് തുടച്ചു നീക്കാന്‍ ഇത് മാത്രമാണ് പോംവഴി.

oomman chandy kanam
Advertisment