ഉമ്മന്‍ചാണ്ടി ഇടുക്കി ലോക്സഭാ സീറ്റില്‍ മത്സരിച്ചേക്കുമെന്ന പ്രചരണം ശക്തം. ഇടുക്കിയിലെ ഗ്രൂപ്പ് പോര് മറികടക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന ആശയം സജീവം

സുഭാഷ് ടി ആര്‍
Saturday, July 21, 2018

ഇടുക്കി:  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി അഭ്യൂഹം ശക്തമായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലാണ് ഇത്തരം അഭ്യൂഹം ശക്തമായി പ്രചരിക്കുന്നത്.

നേരത്തെ കേരളാ കോണ്‍ഗ്രസില്‍ നിന്ന് കോട്ടയം തിരിച്ചുപിടിച്ച് ഉമ്മന്‍ചാണ്ടിയെ കോട്ടയത്ത് മത്സരിപ്പിക്കാനും കേരളാ കോണ്‍ഗ്രസിന് ഇടുക്കി നല്‍കാനും ചര്‍ച്ചകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പായ്ക്കേജ് ഇപ്പോഴും നിലനില്‍ക്കുന്നതായാണ് സൂചന. ഈ പായ്ക്കേജ് നിഷേധിച്ച് കേരളാ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും അങ്ങനൊരു പായ്ക്കേജ് രാജ്യസഭാ സീറ്റ് കൈമാറ്റവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയിരുന്നു എന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചേക്കുമെന്ന പ്രചരണവും ശക്തമാകുന്നത്. ആധികാരികമായ റിപ്പോര്‍ട്ടല്ലെങ്കിലും അങ്ങനൊരു ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണെന്നാണ് സൂചനകള്‍. പ്രധാനമായും ഉമ്മന്‍ചാണ്ടിയുടെ നിലപാട് തന്നെയാണ് ഇതില്‍ പ്രധാനം. താന്‍ മത്സരിക്കുകയാണെങ്കില്‍ അത് യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിലായിരിക്കില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാടത്രെ.

അങ്ങനെയെങ്കില്‍ നിലവില്‍ സിറ്റിംഗ് സീറ്റല്ലാത്ത ഉമ്മന്‍ചാണ്ടിയുടെ അടുത്തുള്ള മണ്ഡലം ഇടുക്കിയാണ്. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ഈ മണ്ഡലം എന്നാല്‍ കഴിഞ്ഞ കുറെ കാലങ്ങളായി യു ഡി എഫിനെ കൈവിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ 5 വര്‍ഷം പി ടി തോമസ്‌ എം പിയായിരുന്നത് മാത്രമാണ് ഇതിനപവാദം.

മാത്രമല്ല, കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ഏറ്റവും പാരമ്യത്തില്‍ നില്‍ക്കുന്ന സ്ഥലവും ഇടുക്കിയാണ്. ഗ്രൂപ്പും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പുകളും പരസ്പരം വീറോടെ പൊരുതുന്നതാണ് ഇടുക്കിയിലെ സ്ഥിതി. അതിനാല്‍ തന്നെ ഏത് സ്ഥാനാര്‍ഥി മത്സരിച്ചാലും മറ്റ്‌ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്നതാണ് കഴിഞ്ഞ കുറെ കാലങ്ങളായുള്ള രീതി.

കഴിഞ്ഞ തവണ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ. ഡീന്‍ കുര്യാക്കോസിന് സംഭവിച്ചതും അത് തന്നെയായിരുന്നു. കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി നിന്നാല്‍ വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്നിരിക്കെ ജില്ലയിലെ പ്രമുഖ ഗ്രൂപ്പ് നേതാവുവരെ പരസ്യമായി ഇടത് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി രംഗത്തിറങ്ങിയതായിരുന്നു സ്ഥിതി.

ഇതൊഴിവാക്കി മണ്ഡലം തിരിച്ചുപിടിക്കാനും അണികളില്‍ ഐക്യം തിരിച്ചുകൊണ്ടുവരാനും ഉമ്മന്‍ചാണ്ടിയെപ്പോലുള്ള നേതാവ് സ്ഥാനാര്‍ഥിയാകണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. ആന്റണിയോ ഉമ്മന്‍ചാണ്ടിയോ കെ മുരളീധരനോ അല്ലാതെ മറ്റാര് മത്സരിച്ചാലും ഗ്രൂപ്പ് ആക്രമണം നേരിടേണ്ടി വരുമെന്ന സ്ഥിതിയില്‍ നിന്നും ഇടുക്കിയെ തിരിച്ചുകൊണ്ടുവരാനാണ് നേതൃത്വത്തിന്റെ ആലോചന.

ഈ സാഹചര്യത്തില്‍ കോട്ടയം കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ സ്ഥാനാര്‍ഥിയായാലും അത്ഭുതപ്പെടാനില്ലെന്നതാണ് സ്ഥിതി. ഇടുക്കി രൂപതയുടെ നോമിനിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച അഡ്വ. ജോയ്സ് ജോര്‍ജ്ജാണ് നിലവില്‍ ഇടുക്കി എം പി.

വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ മത്സരിക്കുമോ എന്ന് വ്യക്തമല്ല. മാത്രമല്ല, ഇടുക്കി രൂപതയുടെ മനസ് ഇപ്പോള്‍ ജോയ്സിന് അനുകൂലവുമല്ല.

×