പൂജാരി വേണ്ട, ഭക്തർ മാലയണിയിക്കണം പാലായിലെ ആൽത്തറ രാജരാജ ഗണപതിയെ

സുനില്‍ പാലാ
Friday, September 14, 2018

നാരങ്ങാമാലയോ, പൂമാലയോ, കറുകമാലയോ ആകട്ടെ ഭക്തര്‍ നേരിട്ട് അണിയിക്കണം; പാലായിലെ ആല്‍ത്തറ രാജരാജഗണപതി ഭഗവാന് ഇതാണ് ഇഷ്ടം.

പൂജാരിയില്ലാതെ തന്നെ, നിലവിളക്ക് തെളിയിച്ച് മാലകളും പൂജാദ്രവ്യങ്ങളും ഭക്തര്‍ നേരിട്ട് ഭഗവാന് സമര്‍പ്പിക്കുന്ന കേരളത്തിലെ ഒരേയൊരു ഗണപതി കോവിലാണിത്.

പാലാ നഗരമദ്ധ്യത്തില്‍ളാലം മഹാദേവക്ഷേത്ര റോഡിലെ ആല്‍ത്തറയ്ക്ക് മുന്നിലുള്ള ഈ രാജരാജഗണപതിക്ക് ഇന്നലത്തെ വിനായക ചതുര്‍ത്ഥി നാളില്‍ മാലകളണിയിക്കാനും എണ്ണയും, കര്‍പ്പൂരവും, സാമ്പ്രാണിയും സമര്‍പ്പിക്കാനും ഭക്തരുടെ തിരക്കായിരുന്നു.

ഒരു ദശകം മുമ്പുവരെ വളരെ ചുരുക്കം ഭക്തരായിരുന്നു ആല്‍ത്തറ ഗണപതി ഭഗവാന് പൂജാദ്രവ്യങ്ങള്‍ നേരിട്ട് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ നാളുകള്‍ കഴിയുന്തോറും ഭക്തരുടെ തിരക്കേറി.

ഇപ്പോള്‍ പുലര്‍ച്ചെ തന്നെ ഭക്തരെത്തും. ക്ഷേത്രത്തിനു മുന്നിലെ റോഡും പരിസരവും അടിച്ചു വൃത്തിയാക്കും. തീര്‍ത്ഥം തളിച്ച് നിലവിളക്ക് തെളിക്കും. പിന്നെ ഭഗവാനെ പുതുവസ്ത്രം അണിയിക്കും. നേരിട്ട് മാലകള്‍ ചാര്‍ത്തും.

സാമ്പ്രാണിയും കര്‍പ്പൂരവും പുഷ്പങ്ങളുമെല്ലാം കാല്‍ചുവട്ടില്‍ വച്ച് തൊഴുത് നില്‍ക്കും. ജോലി കിട്ടിയവര്‍.. വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായവര്‍… എന്തിന് നിത്യം തൊഴുത് പ്രാര്‍ത്ഥിച്ചവര്‍ക്ക് ലോട്ടറി അടിച്ച അനുഭവം പോലുമുണ്ടെന്ന് വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

മലയാള മാസത്തെ അവസാനത്തെ വെള്ളിയാഴ്ചകളില്‍ മാത്രമേ ബ്രാഹ്മണരുടെ നേതൃത്വത്തിലുള്ള പൂജയുള്ളൂ. അതാത് കാലം ളാലം മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തി ആയിരിക്കുന്നവരാണ് ഇവിടെ മാസപൂജയും ചെയ്യുന്നത്.

ജൂലൈ 14 ആണ് പ്രതിഷ്ഠാദിനം. അന്ന് ഭക്തരുടെ നേതൃത്വത്തില്‍ കൂട്ട നാളികേരമുടയ്ക്കലുണ്ട്.

നഗരത്തിലെ പ്രധാന വഴിയായ റ്റി.ബി. റോഡിലൂടെ നിത്യവും കടന്നുപോകുന്ന ജാതിമതഭേദമെന്യേയുള്ള നൂറുകണക്കിനാളുകള്‍ രാജരാജഗണപതിയെ ഒന്നു വണങ്ങിയിട്ടേ കടന്നുപോകൂ. ഭക്തര്‍ നേരിട്ട് മാനസപൂജ ചെയ്യുന്ന രാജരാജഗണപതി ഭഗവാന്റെ കീര്‍ത്തി നാടെങ്ങും പരക്കുകയാണ്.

×