Advertisment

പാലായില്‍ ജോസ് കെ മാണി വിരുദ്ധരെല്ലാം ഒത്തുകൂടി, എന്‍ഡിഎ സഖ്യകക്ഷികളായ ബിഡിജെഎസ്, ജനപക്ഷം വോട്ടുകളും കിട്ടിയത് മാണി സി കാപ്പന് ?

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പാലായില്‍ സംഭവിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്നതിനേക്കാള്‍ പാലായിലെ ജോസ് കെ മാണി വിരുദ്ധരുടെ വിജയമാണ്.  പി ജെ ജോസഫ് മുതല്‍ പി സി ജോര്‍ജ്ജ്, പി സി തോമസ്‌ എന്നിങ്ങനെ തുടങ്ങി കുര്യാക്കോസ് പടവന്‍ വരെയുള്ളവരുടെ കൂട്ടായ യജ്ഞത്തിന്റെ വിജയമാണിത്.

Advertisment

എന്‍ ഡി എ ഘടകകക്ഷിയാണെങ്കിലും പി സി ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം മാണി സി കാപ്പന് വേണ്ടിയായിരുന്നു.  ജോര്‍ജ്ജിന് പഴയപോലെ വലിയൊരു വോട്ട് ബാങ്കോ സ്വാധീനമോ മണ്ഡലത്തിലില്ലെങ്കിലും പഴയ പൂഞ്ഞാറിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളില്‍ ആരേ പിടിച്ചാല്‍ വോട്ട് മറിക്കാം എന്ന് ജോര്‍ജ്ജിന് കൃത്യമായി അറിയാമായിരുന്നു. അത്തരം സഹായങ്ങള്‍ കാപ്പന്‍ അനുകൂലികള്‍ വേണ്ടവിധം ഉപയോഗപ്പെടുത്തുകയും ചെയ്തു.

publive-image

ജോസഫ് ഗ്രൂപ്പിന് പാലായില്‍ കാര്യമായി വോട്ടില്ല.  പക്ഷേ, ഉള്ളവര്‍ രണ്ടോ മൂന്നോ പ്രധാന നേതാക്കളൊഴിച്ച് മാണി സി കാപ്പനുവേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങി.  ജോസഫിന്റെ വോട്ടിനേക്കാള്‍ അപകടമായത് ജോസഫിന്റെ നിലപാടായിരുന്നു.  മുന്നണിയില്‍ തമ്മില്‍ തല്ലാണെന്ന വികാരം സൃഷ്ടിക്കാന്‍ അത് കാരണമായി.

മത്സരിക്കുന്ന സ്ഥാനാര്‍ഥിയ്ക്ക് സ്വന്തം പാര്‍ട്ടിയുടെ ചിഹ്നം പോലും കിട്ടിയില്ലെന്ന് പറയുന്നതിന്റെ നാണക്കേട്‌ ചില്ലറയായിരുന്നില്ല.  മാണി വിമതനായ കുര്യാക്കോസ് പടവനും കൂട്ടാളികളും ശക്തമായ നിലപാടെടുത്തു എന്നാണു കരുതുന്നത്.  ബി ജെ പി വിട്ടുവന്ന നേതാവിന്റെ സഹായവും ഇക്കൂട്ടത്തില്‍ ചേര്‍ന്നു.

ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പേരിനുമാത്രം ഒരു ബി ജെ പി യോഗത്തില്‍ പങ്കെടുത്തെങ്കിലും അവരുടെ സഹായവും ഇടത് മുന്നണിക്കായിരുന്നു.  അത് കാപ്പനും പറഞ്ഞിട്ടുണ്ട്.

പി സി തോമസും ചെറുതും വലുതുമായ ജോസ് കെ മാണി വിരുദ്ധരും വരെ ഒന്നായി.  അവരെ ഒന്നിപ്പിക്കാന്‍ മാണി സി കാപ്പന്‍ ക്യാമ്പിന് കഴിയുകയും ചെയ്തു.  അത്തരം വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ കഴിഞ്ഞതിന് ആക്കം കൂട്ടുന്നതായിരുന്നു പി ജെ ജോസഫിനെ കൂകി വിളിച്ചത് മുതലുള്ള സംഭവ വികാസങ്ങള്‍. എല്ലാം ചേര്‍ന്നപ്പോള്‍ 54 വര്‍ഷത്തെ ചരിത്രം തിരുത്തി പാലാ കേരളാ കോണ്‍ഗ്രസിന് കൈവിട്ടു.

Advertisment