Advertisment

തന്ത്രങ്ങളൊരുക്കിയത് ജോസ് മോന്‍. കളം നയിച്ചത് വാസവന്‍. ഏകോപനം ലാലിച്ചന്‍. ലക്‌ഷ്യം വച്ചത് എല്‍ ഡി എഫ് + വോട്ടുകളില്‍. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ പാലാ പിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരും തന്ത്രങ്ങളും ഇങ്ങനെ ..

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  യു ഡി എഫിന്റെ പൊന്നാപുരം കോട്ടയാണ് പാലാ.  രാഷ്ട്രീയമായി കണക്കാക്കിയാല്‍ എല്‍ ഡി എഫിനേക്കാള്‍ 35000 വോട്ടുകളുടെ മേല്‍ക്കോയ്മ ഇവിടെ യു ഡി എഫിനുണ്ട്.  54 വര്‍ഷം കെ എം മാണി പാലാ അടക്കിവാണത്, ശക്തമായ പല എതിര്‍ വികാരങ്ങളെയും സ്വന്തം പാളയത്തില്‍ നിന്നുള്ള അട്ടിമറികളെയും സമര്‍ഥമായി അതിജീവിച്ചാണ്.

Advertisment

അതായത് എത്രത്തോളം വാരാനും അട്ടിമറിക്കാനുമൊക്കെയുള്ള വോട്ടുകള്‍ നീക്കിവച്ചാലും പിന്നെയും വിജയിക്കാന്‍ യു ഡി എഫിനിവിടെ വോട്ടുകള്‍ ബാക്കിയാണ്.  നാലാം തവണയും ഇടത് സ്ഥാനാര്‍ഥിയായി രംഗത്ത് വന്ന മാണി സി കാപ്പന് അതിജീവിക്കേണ്ടത് ഈ ബാലികേറാമലയായിരുന്നു.  അത് വെറുതെ അതിജീവിക്കാന്‍ കഴിയില്ലായിരുന്നുവെന്ന് വ്യക്തം.

publive-image

അവിടെയാണ് ഇടതുപക്ഷം ഒരുക്കിയ തന്ത്രങ്ങളുടെ വിജയം.  അതിനായി കൃത്യമായ പ്ലാനിംങ്ങോടെ സമര്‍ഥരായ നേതാക്കള്‍ അണിനിരന്നു.  മാണി സി കാപ്പന്റെ അടുത്ത സുഹൃത്തും എന്‍ സി പി ദേശീയ സെക്രട്ടറിയുമായ കെ ജെ ജോസ്മോന്‍, സി പി എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ജില്ലാ കമ്മിറ്റി അംഗം ലാലിച്ചന്‍ ജോര്‍ജ്ജ് എന്നിവര്‍ ദൈനംദിന നീക്കങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തു. സി പി എം സെക്രട്ടറിയേറ്റംഗം കെ ജെ തോമസ്‌ എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു.

തന്ത്രങ്ങളൊരുക്കിയത് ഒന്നര ദശാബ്ദക്കാലത്തെ ഡല്‍ഹി രാഷ്ട്രീയത്തിലെ അനുഭവസമ്പത്തുമായി കോട്ടയം പാറമ്പുഴ സ്വദേശി കൂടിയായ കെ ജെ ജോസ്മോന്‍ ആയിരുന്നു.  കളം നയിച്ചത് വാസവനും പാലയില്‍ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചത് ലാലിച്ചനുമായിരുന്നു.

ജോസ്മോന്റെ ആദ്യ ദൌത്യം പാലാ സീറ്റ് ഇടതുമുന്നണിയില്‍ നിന്നും ഉറപ്പിക്കുകയെന്നതായിരുന്നു.  അതിനായി ശരദ് പവാറുമായുള്ള ജോസ്മോന്റെ അടുപ്പം തുണയായി.  ഇക്കാര്യം കേരളത്തില്‍ തീരുമാനിക്കട്ടെയെന്ന് വച്ചാല്‍ അതിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ കാപ്പന് പ്രവര്‍ത്തിക്കാനുള്ള സമയം വേണ്ടത്ര ലഭിക്കില്ല.

publive-image

അത് മനസിലാക്കിയ ജോസ്മോന്‍ ശരദ് പവാറും പിണറായി വിജയനും തമ്മിലുള്ള സൗഹൃദം ഉപയോഗപ്പെടുത്തി.  പവാര്‍ പിണറായിയുമായി സംസാരിച്ച് കഴിഞ്ഞ ജൂലൈയില്‍ തന്നെ സീറ്റ് എന്‍ സി പിക്കെന്ന് ഉറപ്പിച്ചു.  അടുത്ത ദൗത്യം എന്‍ സി പിയില്‍ സീറ്റ് കാപ്പന് തന്നെ എന്ന് ഉറപ്പിക്കുകയായിരുന്നു.

പാലായിലും കോട്ടയത്തും കാപ്പനെതിരെ എന്‍ സി പിയില്‍ പടയൊരുക്കം തുടങ്ങി.  അത് തടയാന്‍ കോട്ടയം ജില്ലാ പ്രസിഡന്റിനെ ആദ്യം തെറിപ്പിച്ചു.  അവിടെ കാപ്പന്റെ നോമിനിയെ പ്രസിഡന്റാക്കി.  പാലായില്‍ വിഘടിച്ചുനിന്ന ഏതാനുംപേരെയും പുറത്താക്കി.

മേല്‍ത്തട്ടില്‍ ഏറ്റവും ശക്തമായ എതിര്‍പ്പ് മന്ത്രി എ കെ ശശീന്ദ്രനായിരുന്നു.  പാര്‍ട്ടി അധ്യക്ഷന്‍ തോമസ്‌ ചാണ്ടി കാപ്പന്റെ അടുത്ത സുഹൃത്താണ്.  ശശീന്ദ്രന്‍ എതിര്‍പ്പുമായി രംഗത്ത് വന്നപ്പോഴും ഇടപെട്ടത് ജോസ്മോന്‍ ആയിരുന്നു. പവാറിനെക്കൊണ്ട് കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ശശീന്ദ്രനെ അനുനയിപ്പിച്ചു.  അത് കഴിഞ്ഞ ജൂലൈ മാസത്തില്‍.

ഇതോടെ കാപ്പന്‍ പാലായില്‍ രംഗത്തിറങ്ങി; പ്രചരണം തുടങ്ങി.  പാലായിലെ ചെറുതും വലുതുമായ പൊതുപ്രവര്‍ത്തകരെ ലിസ്റ്റ് തയാറാക്കി വീട്ടിലെത്തി കണ്ട് പിന്തുണ ഉറപ്പിച്ചു.  ആഗസ്റ്റ്‌ ആദ്യവാരം തന്നെ ജോസ്മോനും ഡല്‍ഹിയില്‍ നിന്നും എത്തി കോട്ടയത്തെത്തി ക്യാമ്പ് ചെയ്തു. പിന്നെ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുകയായിരുന്നു ചെയ്തത്.

publive-image

എല്‍ ഡി എഫ് + വോട്ടുകള്‍ എത്ര സമാഹരിക്കാം എന്നതായിരുന്നു തന്ത്രം.  ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ കിഴിച്ച് ബാക്കി വിജയിക്കാനുള്ള വോട്ടുകളുടെ ലിസ്റ്റ് തയാറാക്കി കരുക്കള്‍ നീക്കി. കോണ്‍ഗ്രസിലെയും കേരളാ കോണ്‍ഗ്രസിലെയും അസംതൃപ്തരെ എണ്ണിയെണ്ണി കണ്ടു.  സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയെന്ന് മാത്രമല്ല, മറുഭാഗത്ത് നിന്നുള്ള നീക്കങ്ങള്‍ കണ്ട് ഈ സമുദായ വോട്ടുകളില്‍ അട്ടിമറി ഉണ്ടാകാതിരിക്കാന്‍ 'നിരീക്ഷണ സംവിധാനം' ഏര്‍പ്പെടുത്തി.

കെ എം മാണി സാര്‍ വോട്ടുമറിച്ചിരുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി, കോളനികള്‍ ഉള്‍പ്പെടെ അവിടെ കാവല്‍ ഏര്‍പ്പെടുത്തി. സ്ഥാനാര്‍ഥി പോയി നേരില്‍കണ്ടാല്‍ മറിയുന്ന മറിയുന്ന വോട്ടുകളും കുടുംബങ്ങളും ഏതെന്നതിന് ലിസ്റ്റ് തയാറാക്കി പിന്നെ കാപ്പന്റെ യാത്രകള്‍ അങ്ങോട്ടായിരുന്നു. മന്ത്രിമാരും നേതാക്കളും ഓരോരുത്തരും എവിടെച്ചെന്നാല്‍ ഗുണം ചെയ്യുമെന്ന് ലിസ്റ്റ് നല്‍കാന്‍ കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു.

ആശുപത്രി ആണെങ്കില്‍ അവിടെ ആരോഗ്യമന്ത്രി, കമ്പനിയാണെങ്കില്‍ അവിടെ വ്യവസായ മന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളാണെങ്കില്‍ അവിടെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ സന്ദര്‍ശനം നടത്തി. അവര്‍ ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ പരിഹരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചാല്‍ വോട്ട് മറിയുന്ന കേന്ദ്രങ്ങള്‍ വരെ കണ്ടെത്തി അവിടെ മുഖ്യമന്ത്രിയെ തന്നെ എത്തിച്ചു.  അത് പ്രധാനമായും സമുദായ സംഘടന നേതൃത്വങ്ങളുടെ ഓഫീസിലും വീടുകളിലുമായിരുന്നു.

publive-image

എസ് എന്‍ ഡി പി നേതാക്കളുടെ വീടുകളില്‍ വരെ മുഖ്യമന്ത്രിയെത്തി. പാലാ അരമനയില്‍ മുഖ്യമന്ത്രി നടത്തിയ രഹസ്യ സന്ദര്‍ശനം യു ഡി എഫിന്റെ മര്‍മ്മം അറിഞ്ഞു നല്‍കിയ പ്രഹരമായി.  പാലാ അരമന തുറന്നിരിക്കുന്ന മാര്‍ സ്ലീവാ ആശുപത്രിയുടെ സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ 'ഗ്രീന്‍ ചാനല്‍' തുറന്നു.

ആരോഗ്യ മന്ത്രി കെ കെ ശൈലജ ചേര്‍പ്പുങ്കലെ പുതിയ ആശുപത്രി സന്ദര്‍ശിച്ചു. ശേഷം നടപടികള്‍ക്ക് എം എല്‍ എ ആകുമ്പോള്‍ മാണി സി കാപ്പനെ ചുമതലപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.  അതോടെ കാപ്പനെ വിജയിപ്പിക്കേണ്ട സാധ്യത പാലാ രൂപതയുടെത് കൂടിയായി.  പാലാ രൂപതയ്ക്ക് കെ എം മാണിയോടുണ്ടായിരുന്ന അടുപ്പം ജോസ് കെ മാണിയോടില്ലെന്നതും തുണയായി.

പാലായിലെ അറിയപ്പെടുന്ന മാണി വിരുദ്ധരുടെ ലിസ്റ്റ് ഒരുക്കി അവര്‍ക്കായി വോട്ടുമറിക്കല്‍ പായ്ക്കേജ് ഉണ്ടാക്കി. പി സി ജോര്‍ജ്ജിന് കാര്യമായ സ്വാധീനം ആളുകളില്‍ ഇല്ലെന്നറിയാമായിരുന്നിട്ടും 10 വോട്ടാണെങ്കില്‍ അതും നേട്ടം എന്ന നിലയില്‍ കരുക്കള്‍ നീക്കി.

മണ്ഡലത്തില്‍ ഓരോ പ്രധാന വ്യക്തികളെയും കാണാന്‍ അവരുടെ ക്ലാസിനു യോജിച്ച ആളുകളെ അവരുടെ വീടുകളിലേക്ക് വിട്ടു.  മാണി സി കാപ്പന് എത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി.  അങ്ങനെ കൃത്യവും വ്യക്തവുമായി നടത്തിയ അടുക്കും ചിട്ടയോടുംകൂടിയ പ്രവര്‍ത്തനങ്ങളാണ് യു ഡി എഫിന്റെ ഉരുക്കുകോട്ട പിടിച്ചെടുക്കാന്‍ ഇടതുപക്ഷത്തിന് തുണയായത്.

pala ele
Advertisment