Advertisment

പോയിക്കാണേണ്ടവരുടെ ലിസ്റ്റും ചെയ്തുകൊടുക്കേണ്ട സഹായങ്ങളും മാണി സി കാപ്പന് എഴുതി നല്‍കിയത് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍. രാമപുരത്ത് കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ച് വോട്ടുമറിക്കാന്‍ ആകുന്നതെല്ലാം ചെയ്തതും കേരളാ കോണ്‍ഗ്രസ് നേതാവ്. ലീഡ് ഉയരുമെന്ന ഭയത്തില്‍ കോണ്‍ഗ്രസുകാരും ഇടംതിരിഞ്ഞു. പാലായില്‍ യുഡിഎഫിന്റെ പതനത്തിന് വഴിതെളിച്ച കാരണങ്ങള്‍ക്ക് പരസ്പരം പഴിചാരാനാകാതെ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും     

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പാലായിലേറ്റ ഇടിവെട്ട് പ്രഹരത്തിന്റെ ആഘാതത്തില്‍ നിന്നും മോചനം ആയിട്ടില്ലെങ്കിലും പരാജയത്തിന്റെ കാരണങ്ങള്‍ തിരഞ്ഞു യു ഡി എഫ് നേതൃത്വം ?  തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്കും കാരണക്കാരിലേക്കും എത്തുമ്പോള്‍ പരസ്പരം പഴിചാരാന്‍ കഴിയാത്തവിധം വികൃതമാണ് കോണ്‍ഗ്രസിലെയും കേരളാ കോണ്‍ഗ്രസിലെയും സ്ഥിതിയെന്നാണ് റിപ്പോര്‍ട്ട് .

Advertisment

പാലായില്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്നത് യു ഡി എഫിലെ ഒരു പതിവ് പ്രതിഭാസമായി കേരളാ കോണ്‍ഗ്രസുകള്‍ കൊണ്ടാടാറുണ്ടെങ്കിലും ഇത്തവണ സ്വന്തം പാളയത്തില്‍ നിന്നുണ്ടായ അട്ടിമറികളെക്കുറിച്ച് തിരിച്ചറിയുമ്പോള്‍ ആരെയും കുറ്റപ്പെടുത്താനാകില്ലെന്ന ഗതികേടിലാണ്.

publive-image

ഇത്തവണ മാണി സി കാപ്പനെ ഏറ്റവും അധികം സഹായിച്ചത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ നിന്നുതന്നെയുള്ള ചില കുലംകുത്തികളാണ്.  കൊഴുവനാലിലും രാമപുരത്തും കരൂരിലും പാലാ നഗരസഭയിലും ഭരണങ്ങാനത്തുമെല്ലാം ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുതന്നെ അട്ടിമറികളുണ്ടായി.

സ്വന്തം ബൂത്തുകളില്‍ സ്വന്തം സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം ഉണ്ടാക്കുമെന്ന് പറഞ്ഞ പ്രധാന നേതാക്കള്‍ ബാക്കി മേഖലകളില്‍ മാണി സി കാപ്പനുള്ള സഹായ സഹകരണങ്ങള്‍ യഥേഷ്ടം നല്‍കി.  കൊഴുവനാലില്‍ ഏതൊക്കെ കോളനികളില്‍ ആരെയൊക്കെ കാണണം, എന്തൊക്കെ സഹായം ചെയ്യണം, നാട്ടില്‍ ആരെയൊക്കെ കണ്ടാല്‍ എത്ര വോട്ട് വീതം മറിക്കാനാകും എന്നൊക്കെയുള്ള വിവരങ്ങള്‍ ലിസ്റ്റ് തയാറാക്കി കാപ്പന്‍ ക്യാമ്പിനു നല്‍കിയത് പ്രദേശത്തെ പ്രമുഖ കേരളാ കോണ്‍ഗ്രസ് നേതാവാണ്‌.

സ്വന്തം ബൂത്തില്‍ തങ്ങളുടെ സ്ഥാനാര്‍ഥി പിന്നോക്കം പോയാല്‍ പാര്‍ട്ടിയില്‍ നിന്നും ചോദ്യം ഉണ്ടാകുമെന്നതിനാല്‍ ബാക്കിയുള്ളിടത്ത് എല്ലാ സഹായങ്ങളും നല്‍കാമെന്നായിരുന്നു ഈ നേതാവിന്റെ വാഗ്ദാനം. അതോടെ അതൊരു തന്ത്രമായി ഇടതുപക്ഷവും പയറ്റി. സ്വന്തം ബൂത്തില്‍ ഇഷ്ടംപോലെ ചെയ്തുകൊള്ളുക, ബാക്കി സ്ഥലങ്ങളില്‍ ഞങ്ങളെ സഹായിക്കാന്‍ സാധിക്കുമോ എന്നായിരുന്നു അതൃപ്തരായ കേരളാ കോണ്‍ഗ്രസ് നേതാക്കളോടുള്ള ചോദ്യം. അത് ഫലം കാണുകയും ചെയ്തു.

publive-image

കരൂരിലും പാലാ നഗരസഭയിലും മുത്തോലിയില്‍ ചിലയിടങ്ങളിലുമൊക്കെ മാണി സി കാപ്പന് ആവശ്യമായ സഹായം നല്‍കിയത് കരൂരിലെ പ്രമുഖനായിരുന്നു.

രാമപുരത്ത് കോണ്‍ഗ്രസിന് നല്‍കാമെന്നു സമ്മതിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവര്‍ക്ക് വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്നതായിരുന്നു അവിടുത്തെ യുവ നേതാവ് കാപ്പന് ചെയ്ത ഏറ്റവും വലിയ സേവനം. അതോടെ പണ്ടേ ശത്രുതയിലായിരുന്ന രാമപുരത്തെ കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടായി എതിരായി.  മാണി സി കാപ്പന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് യു ഡി എഫിന്റെ കോട്ടയായ ഇതേ രാമപുരത്ത് നിന്നാണ്.

പാലായിലെ കേരളാ കോണ്‍ഗ്രസ് - എം കൌണ്‍സിലര്‍മാരില്‍ എട്ടു പേരെങ്കിലും മാണി സി കാപ്പന് വോട്ട് മറിച്ചെന്നാണ് വിവരം. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് 20000 ല്‍ കവിഞ്ഞ ലീഡ് ലഭിച്ചേക്കുമെന്ന് കോണ്‍ഗ്രസുകാര്‍ സ്വയം വിലയിരുത്തിയതാണ് അവരുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമായത്.

ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥിയ്ക്ക് ഭൂരിപക്ഷം കൂടിയാല്‍ അത് പാലായില്‍ തങ്ങളുടെ ശക്തി ക്ഷയിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളും കരുതി.  അതോടെ കുറച്ച് വോട്ട് ഹോള്‍ഡ്‌ ചെയ്യാന്‍ നിര്‍ദ്ദേശം പോയെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം.

publive-image

54 വര്‍ഷം കോണ്‍ഗ്രസുകാര്‍ക്ക് നിലംതൊടാന്‍ അവകാശമില്ലാതിരുന്ന പാലായില്‍ കെ എം മാണി എന്ന അതികായന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ കുടുംബത്തിന് തങ്ങളുടെ മണ്ഡലവും വോട്ടും അധ്വാനവുമെല്ലാം പണയം വയ്ക്കേണ്ടി വരുന്നതിന്റെ പ്രതിഷേധം കോണ്‍ഗ്രസ് വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതും കേരളാ കോണ്‍ഗ്രസിന്റെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നവരും ഏറെയാണ്‌.

എം പിയും എം എല്‍ എയും ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമെല്ലാം ഈ മേഖലയില്‍ കേരളാ കോണ്‍ഗ്രസിനാണ്.  ഇവിടെ കാഴ്ചക്കാരായി പണിയെടുക്കേണ്ടി വരുന്നതിന്റെ പ്രതിഷേധം ചെറിയൊരു ഇടവേളയിലേക്ക് അവരില്‍ നിന്നും പ്രതിഫലിച്ചിരിക്കാം. ഇതെല്ലാം കാലത്തിനനുയോജ്യമായ തരത്തില്‍ പരിഹരിച്ചില്ലെങ്കില്‍ പരാജയങ്ങള്‍ ആവര്‍ത്തിക്കുകയാവും ഫലം.

pala ele
Advertisment