Advertisment

ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകുമ്പോള്‍ പാലായില്‍ മാണിയുടെ പിന്‍ഗാമിയാര് ? റോഷി അഗസ്റ്റിന്‍ പാലായിലേയ്ക്കോ ?

New Update

പാലാ:  ജോസ് കെ മാണി എം പി രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചതോടെ പാലായില്‍ കെ എം മാണിയുടെ പിന്‍ഗാമിയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. നേരത്തെ ജോസ് കെ മാണി ലോക്സഭയില്‍ മത്സരിക്കാതെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമെന്നായിരുന്നു വിലയിരുത്തല്‍.

Advertisment

എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ അദ്ദേഹം ലോകസഭ ഉപേക്ഷിച്ച് രാജ്യസഭാംഗമായി മാറുന്നതോടെ അതിനുള്ള സാധ്യത വിരളമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കെ എം മാണി തന്നെ പാലായില്‍ മത്സരിക്കുമെന്നാണ് കേരള കോണ്‍ഗ്രസിന്റെ അവകാശവാദമെങ്കിലും അതിന് സാധ്യത കല്‍പ്പിക്കുന്നവര്‍ വിരളമാണ്.

publive-image

കഴിഞ്ഞ പത്ത് വര്‍ഷമായി മാണിയോടുള്ള 'മടുപ്പ്' പാലായിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തവുമാണ്. രണ്ടു തവണയും ഭൂരിപക്ഷം 5000 ല്‍ താഴെയായിരുന്നു. 50 വര്‍ഷം പൂര്‍ത്തിയാക്കിയ മാണിസാര്‍ വീണ്ടു൦ പാലായില്‍ മത്സരത്തിനിറങ്ങിയാല്‍ മാറ്റം ആഗ്രഹിക്കുന്ന പാലായിലെ യുവതലമുറ എങ്ങനെ ചിന്തിക്കുമെന്ന സന്ദേശം നേതാക്കള്‍ക്കുണ്ട്.

മാണിസാറിനെ മറന്ന് അങ്ങനെ ചിന്തിക്കുന്നവര്‍ ഒരു ന്യൂനപക്ഷമാണെന്ന് വാദിച്ചാല്‍ പോലും ആ ന്യൂനപക്ഷത്തിന്റെ കുറവ് പരിഹരിക്കാനുള്ള മാര്‍ജിന്‍ കഴിഞ്ഞ് രണ്ടു തെരഞ്ഞെടുപ്പുകളിലും പാലായില്‍ മാണി സാറിനില്ല. അത് നന്നായറിയുന്ന കെ എം മാണി വീണ്ടുമൊരു അങ്കത്തിന് തയാറാകാതെ പാലായില്‍ ജോസ് കെ മാണിയെ പിന്‍ഗാമിയാക്കും എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

എന്നാല്‍ രാജ്യസഭാ സീറ്റ് തീരുമാനത്തോടെ അത് തെറ്റി. അടുത്ത തവണ യു പി എ അധികാരത്തില്‍ വരികയു൦ ജോസ് കെ മാണി കേന്ദ്രമന്ത്രി ആകുകയും ചെയ്തില്ലെങ്കില്‍ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് കരുതുന്നവരുണ്ട്. പക്ഷേ, അത് പ്രായോഗികമല്ല.

publive-image

എന്തുകൊണ്ട് ജോസ് കെ മാണി ?

10 മാസം ബാക്കി നില്‍ക്കെ ലോക്സഭ ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയി. പിന്നെ 3 വര്‍ഷം രാജ്യസഭയില്‍ ബാക്കി നില്‍ക്കെ അത് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അത്തരം കളികളൊക്കെ അംഗീകരിക്കാന്‍ ജനം തയാറായെന്നു വരില്ല.  മാത്രമല്ല, അത് ചിലപ്പോള്‍ വിരുദ്ധ തരംഗവും സൃഷ്ടിച്ചേക്കാം.

അങ്ങനെ വന്നാല്‍ അതദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കും. അതിന് ജോസ് കെ മാണി തയറാകുകയുമില്ല. അതിനാലാണ് പാലായില്‍ കെ എം മാണിക്ക് പിന്‍ഗാമി പുതിയ ഒരാളായിരിക്കുമെന്ന വിലയിരുത്തല്‍ ഉണ്ടാകുന്നത്.

publive-image

പിന്‍ഗാമിയാകാന്‍ ഇഷ്ടപുത്രന്‍ ?

ജോസ് കെ മാണി കഴിഞ്ഞാല്‍ കെ എം മാണിക്ക് ഏറ്റവും വാത്സല്യമുള്ള നേതാവ് റോഷി അഗസ്റ്റിന്‍ എം എല്‍ എ ആണെന്ന കാര്യം അറിയാത്തവരില്ല. അതിനാല്‍ തന്നെ മകന് കഴിയില്ലെങ്കില്‍ പിന്നെ മാണിയുടെ അടുത്ത ചോയ്സ് റോഷി അഗസ്റ്റിന്‍ ആകാനാണ് സാധ്യത.

പകരം ഇടുക്കിയിലേക്ക് നിലവിലെ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും വാഴത്തോപ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഷിജോ തടത്തിലിനെ പരിഗണിക്കാം. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജനപ്രിയ പദ്ധതികളിലൂടെ ജില്ല മുഴുവന്‍ ശ്രദ്ധ നേടിയ ഭരണാധികാരിയായിരുന്നു ഇടുക്കിക്കാരന്‍ തന്നെയായ ഷിജോ തടത്തില്‍.

publive-image

ജോസ് കെ മാണി കളംമാറ്റി ചവിട്ടിയപ്പോള്‍ ?

വരുന്ന തെരഞ്ഞെടുപ്പിലും കെ എം മാണി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഈ വിലയിരുത്തലിന് പ്രസക്തിയില്ല. പക്ഷെ കെ എം മാണി തോല്‍ക്കുന്ന ഒരു സാഹചര്യം കേരളാ കോണ്‍ഗ്രസിന് ആലോചിക്കാനേ കഴിയില്ല.

കെ എം മാണിയേക്കാള്‍ പാലാക്കാര്‍ക്ക് താത്പര്യവും ജോസ് കെ മാണിയോടായിരുന്നു. അദ്ദേഹം എം പിയായതോടെയാണ് പാലായുടെ മുഖശ്ചായ മാറിയത്. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ക്ക് പിന്നാലെ പിതാവിന്റെ സ്വന്തം പാലായുടെ കാര്യങ്ങളിലും ജോസ് കെ മാണിയുടെ ഇടപെടലാണ് പാലായ്ക്ക് വികസന കുറിപ്പ് സമ്മാനിച്ചത്.

publive-image

അതിനാല്‍ തന്നെ ജോസ് കെ മാണി വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചതും ഏറെയാണ്‌. എന്നാല്‍ പുതിയ നീക്കങ്ങലോടെ ആ സാധ്യതയൊക്കെ അടഞ്ഞെന്ന് മാത്രമല്ല പാലായ്ക്ക് മറ്റൊരു പിന്‍ഗാമിയെ അന്വേഷിക്കേണ്ട സാഹചര്യവും ഉരുത്തിരിഞ്ഞിരിക്കുന്നു.

എന്നാല്‍ കെ എം മാണി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് അറിയാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും.

roshy augustine kottayam dcc
Advertisment