Advertisment

ആരോടും പരിഭവമില്ലാതെ അനീഷ്

author-image
admin
New Update

- ഷെറീന അലി ചുള്ളിയിൽ

Advertisment

ജീവിതത്തിൽ സുന്ദര സ്വപ്‌നങ്ങൾ ഉള്ളവരാണ് നമ്മെളെല്ലാവരും. അല്ലെങ്കിൽ അത്തരം സ്വപ്‌നങ്ങൾ നെയ്യുന്നവർ. വിദ്യാഭ്യാസമൊക്കെ കഴിയുമ്പോൾ നല്ലൊരു ജോലി ഭാവി ജീവിതം ഇതൊക്കെ ആയിരിക്കും ആ വലിയ സ്വപ്‌നങ്ങൾ.

പാലക്കാട് ജില്ലയിലെ മുണ്ടൂർ സ്വദേശി അനീഷ് എന്ന യുവാവിൻ്റെ ലക്ഷ്യങ്ങൾ തെറ്റി തുടങ്ങിയത് 2009-ൽ ആയിരുന്നു. 2014-ൽ അൻകിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആണ് രോഗമെന്ന് സ്ഥിരീകരിക്കപ്പെട്ടു. പoനകാലത്തെതുടങ്ങിയ അസുഖലക്ഷണം തിരിച്ചറിയാതെ പോയി. ഒട്ടനവധി ആശുപത്രികളും, ചികിത്സകളും..

2018-ൽ ഒരു പ്രമുഖ സ്വകാര്യ ആയുർവ്വേദ ആശുപത്രിയിലേക്ക് വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച് നടന്നു പോയ അനീഷ് തിരിച്ചു വന്നത് എല്ലാ സ്വപ്നവും തകർന്ന് വീൽ ചെയറിലായിരുന്നു. അവിടന്നങ്ങോട്ട് ശരീരം ചലിച്ചില്ല. ഉത്തരവാദിത്വമുള്ളവർ ഇല്ലെന്ന് കരുതിയിട്ടുണ്ടാവുമോ ചികിത്സിച്ചവർക്ക് ?

publive-image

ശരീരം സ്റ്റിഫായി മാറിക്കൊണ്ടിരിക്കുന്നു. ദിവസം കഴിയുംതോറും അനങ്ങാൻ പോലും കഴിയാതെ മരവിച്ചു പോയിയിരിക്കുന്നു അനീഷ്, ശരീരത്തിലെ മജ്ജ ദ്രവിച്ച് പോകൽ, രോഗികളിൽ അധികമാരിലും കാണാത്ത അസാധാരണമായ കണ്ണിലെ തിളക്കവും, ആത്മ വിശ്വാസവും ആരെയും അത്ഭുതപ്പെടുത്തും.

ചികിത്സാ പിഴവുകളാണ് ദിവസംതോറും അനീഷിനെ കൈകളും കണ്ണും മാത്രം ചലിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്!

ശരീരമൊന്ന് ചെരിക്കുമ്പോഴേക്കും കാൽവിരലുകളിൽ നിന്നും രക്തമൊഴുകുന്നതോടൊപ്പം ദശയും തള്ളി വരുന്നു. എല്ലാം അറിഞ്ഞ് കൊണ്ട് അനീഷിൻ്റെ ജീവിതം പങ്കിടുന്ന ഭാര്യ രാധികയാണ് ഇന്ന് അനീഷിൻ്റെ ഓരോ ചലനവും. ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിട്ട ധൈര്യമാവാം,

ആ പെൺകുട്ടി അനീഷിൻ്റെ ജീവിതത്തിൽ ഇന്ന് ഒട്ടുംതളരാതെ തണലാകുന്നതിന്റെ കാരണം.

രണ്ട് വർഷമായി തീരെ ചലിക്കാത്ത അനീഷിൻ്റെ സകല പരിചരണവും രാധികയായത് കൊണ്ടാവാം രാധികക്ക് വിട്ടുമാറാത്ത വിധം നടുവേദനയിൽ എത്തിച്ചത്.

എങ്കിലും പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ,അനീഷിനെ പരിചരിക്കുന്ന, ഇവർക്കിടയിൽ രണ്ടു പേരുടേയും സഹായിയായി മകൾ കുഞ്ഞാറ്റയും.

സ്വന്തം കുഞ്ഞിനെ പാറമടയിൽ എറിഞ്ഞു കൊന്നു കാമുകനൊപ്പം പോകുന്ന അമ്മമാരുടെ നാടാണ് നമ്മുടേത്. ഈ സമൂഹത്തിൽ അപവാദങ്ങളും കുത്തുവാക്കുകളും സഹിക്കുമ്പോഴും തന്റെ പ്രാണനേക്കാൾ ഭർത്താവിനെ സ്നേഹത്തോടെ കരുതുന്ന രാധികയെ കാണാം.

ലക്ഷങ്ങൾ വിലയിട്ട ചികിത്സക്ക് മുന്നിൽ പക്ഷെ ആ യുവതിക്കും കുഞ്ഞിനും എന്ത് ചെയ്യാൻ കഴിയും?

മാധ്യമ പ്രവർത്തകനായ സമദും പൊതു പ്രവർത്തകനായ എം.എസ് നാസറും ഇടപെട്ട് താമസിക്കാൻ ഒരു കുഞ്ഞുവീട് ആയിട്ടുണ്ട്. ഒറ്റപ്പാലത്തെ അമൃതം ചാരിറ്റബിൾ ട്രസ്റ്റ്

ഭക്ഷ്യധാന്യ കിറ്റ് എത്തിക്കാറുണ്ട്.

അധികാരികളുമായി പലപ്പോഴും ബന്ധപ്പെട്ടെങ്കിലും അനുഭാവപൂർണമായ ഒരു വാക്കുപോലും ഉണ്ടായില്ല. തോൽക്കാൻ മനസ്സില്ലാത്ത അസാധാരണ പുഞ്ചിരിയോടെ അനീഷ് മേൽക്കൂര നോക്കി കിടപ്പാണ്. സന്ദർശകരോടെല്ലാം പ്രസന്നമായി സംസാരിക്കും.

എന്നാൽ അനീഷും കുടുംബവും ഇപ്പോൾ നിസ്സഹായരാണ്. മൂന്നര ലക്ഷം ചിലവ് പറഞ്ഞ അനീഷിന് ഗവൺമെൻ്റ് നൽകിയത് 15,000 രൂപയാണ്. ചികിത്സക്ക് പണം വേണം. ഉപജീവനത്തിനായി പേപ്പർ പേന വിൽക്കാനുണ്ട്, എന്ന ഫേസ് ബുക്ക് പോസ്റ്റിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ട അനീഷിനെ ഒരു സാധാ ഭിന്നശേഷിക്കാരനെന്നാണ് ഞങ്ങൾ കരുതിയത്.

കലാകാരൻമാരുടെ കൂട്ടായ്മയായ kerala craft castle എന്ന വാട്സ്ആപ് ഗ്രൂപ്പിൽ അനീഷും അംഗമാണ്. ഉത്പന്നങ്ങൾ വിൽക്കാൻ സഹായിക്കുക, പുതിയവ പഠിപ്പിക്കുക,അന്യോന്യം താങ്ങാവുക ഇതൊക്കെയാണ് ഈ കൂട്ടായ്മയുടെ ലക്‌ഷ്യം.

എന്നാൽ അനീഷിന്റെ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച അങ്ങേയറ്റം തളർത്തുന്നതായി. ജീവൻ നില നിർത്താൻ,തന്റെ ആ പഴയ അധ്യാപന ജീവിതത്തിലേക്ക് മടങ്ങി വരാൻ ഈ ചെറുപ്പക്കാരൻ അതിയായി ആഗ്രഹിക്കുന്നുണ്ട്.

അനീഷിൻ്റെ മുഖത്തെ ചൈതന്യം കണ്ട് രാധിക പ്രതീക്ഷിക്കുന്നുണ്ട്, മകളുടെയും തൻ്റേയും കൈ പിടിച്ച് നടക്കാൻ അനീഷിന് കഴിയുമെന്ന്.

ഞങ്ങളെ അവിടെ എത്തിച്ച ഓട്ടോ ഡ്രൈവർ പറഞ്ഞു: "ടീച്ചർക്കറിയോ അവൻ രണ്ടര കൊല്ലം മുമ്പ് വരെ ബൈക്ക് ഓടിച്ചവനാ, മുപ്പത് വയസ്സേ യൂള്ളൂ. കൂടെ നടന്ന സുഹൃത്തുക്കൾ പോലും അനീഷിൻ്റെ വീഴ്ച്ചയെ വിശ്വസിക്കാൻ കഴിയാത്തവർ. ആശുപത്രിയിൽ ചികിത്സക്ക് പോവാൻ അവർ ഭയക്കുന്നു. അനീഷിൻ്റെ ജീവിതത്തിൽ വെളിച്ചം പകരാൻ നമുക്കാവും. അനീഷിനെ കൈവിട്ട കുടുംബത്തിലെ അംഗങ്ങൾ ഇനി നമ്മളാണ്.

അച്ഛനും അമ്മയും സഹോദരങ്ങളും ഇനി നമ്മളാണ്. നമുക്ക് ചേർത്ത് നിർത്തണം അനീഷിനേയും, ഭാര്യയേയും മോളെയും. പ്രാർത്ഥന പോലും മറന്ന് പോവുന്ന ഇവർക്ക് വേണ്ടി ' നമ്മളിനി പ്രാർത്ഥിക്കാം. സാഹചര്യങ്ങൾ പരിഗണിച്ച ശേഷം വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ എത്തിക്കുക എന്നത് മനുഷ്യസ്നേഹികളായ നമ്മുടെ ഉത്തരവാദിത്വമാണ്.

Advertisment