Advertisment

30 വര്‍ഷം കാത്തിരുന്ന്‍ ആ ശപഥം നിറവേറ്റി. സിപിഎമ്മിനെ തറപറ്റിച്ച ശ്രീകണ്ഠന്‍ താടിവടിച്ചു

New Update

പാലക്കാട്:  പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ താടിവടിച്ചു.  കോളേജ് പഠനകാലത്ത് നിരന്തരം തന്നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രസ്ഥാനത്തെ പരാജയപ്പെടുത്തും എന്ന വാക്ക് പാലിക്കാന്‍ 30 വര്‍ഷം കാത്തിരുന്ന് ജില്ലയില്‍ സി പി എമ്മിനെ നൂറുശതമാനവും പരാജയപ്പെടുത്തിയാണ് ശ്രീകണ്ഠന്‍ താടിവടിച്ചത്.

Advertisment

ശരിയാഴ്ച്ച വൈകിട്ട് നാലരയ്ക്ക് പാലക്കാട് സിവില്‍ സ്റ്റേഷന് സമീപത്തെ നാച്ചുറല്‍ ജന്റ്സ് ബ്യൂട്ടി പാര്‍ലറില്‍ എത്തിയാണ് ശ്രീകണ്ഠന്‍ താടിവടിച്ചത്.

publive-image

30 വര്‍ഷം മുമ്പ് ഷോര്‍ണൂര്‍ കുളപ്പുള്ളി എസ് എന്‍ കോളേജില്‍ പഠിക്കുമ്പോഴായിരുന്നു സി പി എമ്മിനെതിരെ ശ്രീകണ്ഠന്റെ ശപഥം. അന്ന് ഷൊര്‍ണൂരില്‍  കെ എസ് യു നേതാവായിരുന്ന ശ്രീകണ്ഠന് എസ് എഫ് ഐ - കെ എസ് യു സംഘടനത്തില്‍ സോഡാക്കുപ്പിക്ക് മുഖത്ത് കുത്തേല്‍ക്കുകയായിരുന്നു. എസ് എഫ് ഐക്കാരായിരുന്നു ആക്രമണത്തിന് പിന്നില്‍. അതോടെ മുഖത്ത് കീറിയ പാട് രൂപപ്പെട്ടു. ആ പാട് മായ്ക്കാനായിരുന്നു ആദ്യം താടി നീട്ടാന്‍ തീരുമാനിച്ചത്.

publive-image

അന്ന് ചെറുപ്രായത്തില്‍ താടിവച്ചത് വീട്ടുകാരും കൂട്ടുകാരും എതിര്‍ത്തു. പക്ഷേ, ശ്രീകണ്ഠന്‍ കൂട്ടാക്കിയില്ല. സി പി എമ്മുകാരെ തോല്‍പ്പിച്ചിട്ടേ താന്‍ താടി വടിക്കൂ എന്നായിരുന്നു ശ്രീകണ്ഠന്റെ ശപഥം. അതിന് ശ്രീകണ്ഠനെ സംബന്ധിച്ച് ന്യായങ്ങള്‍ ഉണ്ടായിരുന്നു. ഗണേഷ് ഗിരി സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ശ്രീകണ്ഠന്‍ അന്ന് മുതല്‍ തൊട്ടേ എസ് എഫ് ഐയുമായി നിരന്തര പോരാട്ടത്തിലായിരുന്നു.

publive-image

എസ് എഫ് ഐയുടെ ഉരുക്ക് കോട്ടകള്‍ ആയിരുന്നു അന്ന് പാലക്കാട്ടെ കോളേജുകള്‍. പാലക്കാട് ജില്ലയിലും അന്ന് മുതല്‍ സി പി എമ്മിനായിരുന്നു മേല്‍ക്കൈ. അതിനാല്‍ തന്നെ കണ്ണൂരിലേത് പോലെ എതിര്‍ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ സി പി എം തയാറാകാതിരുന്ന മറ്റൊരു ജില്ലയായിരുന്നു പാലക്കാട്.

ഒടുവില്‍ അവരോടു പൊരുതി നേടിയത് പ്രവര്‍ത്തന സ്വാതന്ത്ര്യം മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നൂറുമേനി വിജയം കൂടിയാണ്. പാലക്കാട് ജില്ലയില്‍ ഉള്‍പ്പെടുന്ന പാലക്കാട് ആലത്തൂര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഡി സി സി അധ്യക്ഷനായ ശ്രീകണ്ഠന്റെ നേതൃത്വത്തിലായിരുന്നു ജില്ലയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജില്ല മുഴുവന്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിക്കാന്‍ ശ്രീകണ്ഠന്റെ നേതൃത്വം കൊണ്ട് കഴിഞ്ഞത് സി പി എമ്മുമായി പൊരുതി നേടിയ ആ കരുത്ത് തന്നെയാണ്.

publive-image

കണ്ണൂര്‍ കഴിഞ്ഞാല്‍ സി പി എമ്മിന്റെ ഏറ്റവും വലിയ കോട്ടയാണ് പാലക്കാട്. അവിടെ സി പി എമ്മിനെ മുട്ടുകുത്തിക്കാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശ്രീകണ്ഠന്‍ നടത്തിയ ജയ്ഹോ പദയാത്ര തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണ്ണായക ചുവടുവയ്പ്പായി. ജില്ലയില്‍ മാത്രം 24 ദിവസങ്ങള്‍ കൊണ്ട് 400 കിലോമീറ്റര്‍ ദൂരം നടത്തിയ പദയാത്രയാണ് ജില്ലയില്‍ പാര്‍ട്ടിക്ക് പുത്തനുണര്‍വ്വ് നല്‍കിയത്.

publive-image

ഫെബ്രുവരി പകുതി മുതല്‍ മാര്‍ച്ച് പകുതി വരെ കൊടുംവേനലില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിച്ചുകൊണ്ടായിരുന്നു രാവിലെ 9 മുതല്‍ രാത്രി 9 വരെ നീളുന്ന ശ്രീകണ്ഠന്റെ ജയ്ഹോ യാത്ര. കോണ്‍ഗ്രസ് നേതാക്കളൊക്കെ ഡല്‍ഹിയില്‍ സീറ്റിന് വേണ്ടി ഇടിച്ചുനിന്ന സമയത്ത് ശ്രീകണ്ഠന്‍ പ്രവര്‍ത്തകരുമായി പാലക്കാടന്‍ ഗ്രാമങ്ങളിലൂടെ നടന്നുനീങ്ങുകയായിരുന്നു.

ഒടുവില്‍ യാത്ര കഴിഞ്ഞതിന്റെ പിറ്റേദിവസം പാര്‍ട്ടി ശ്രീകണ്ഠനെ പാലക്കാട് സ്ഥാനാര്‍ഥിയുമാക്കി. അതായിരുന്നു സി പി എമ്മിനെതിരെയുള്ള ശപഥം നിറവേറ്റാന്‍ ശ്രീകണ്ഠന് കിട്ടിയ അവസരം. അതദ്ദേഹം ഭംഗിയായി നിറവേറ്റുകയും ചെയ്തു. അന്നെടുത്ത ശപഥമാണ് ഇന്ന് താടിയെടുത്ത് ശ്രീകണ്ഠന്‍ നിറവേറ്റിയിരിക്കുന്നത്.

vk sreekandan
Advertisment