കേസുകൾ നേരിടുന്നവരെ തിരുവാഭരണഘോഷയാത്രയിൽ ഒഴിവാക്കില്ല – നിലപാടിലുറച്ച് പന്തളം കൊട്ടാരം

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, January 11, 2019

പന്തളം:  ശബരിമലയിലേക്കുള്ള തിരുവാഭരണഘോഷയാത്രയിൽ പങ്കെടുക്കാനുള്ള പട്ടികയിൽ മാറ്റം വരുത്തില്ലെന്ന നിലപാടിലുറച്ച് പന്തളം കൊട്ടാരം. പൊലീസിൽ നിന്ന് കേസുള്ളവരെ ഒഴിവാക്കാനുള്ള നിർദേശം കിട്ടിയിട്ടില്ലെന്നും കൊട്ടാരം പ്രതിനിധി വ്യക്തമാക്കി.

നാമജപത്തിൽ പങ്കെടുത്തതിന് കേസുകൾ നേരിടുന്ന കാര്യം കൊട്ടാരത്തിന് പരിഗണിക്കേണ്ടതില്ല. അതിന്‍റെ പേരിൽ തിരുവാഭരണത്തെ അനുഗമിക്കുന്നത് ഒഴിവാക്കില്ല.

തിരുവാഭരണത്തെ അനുഗമിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങും. തിരുവാഭരണത്തെ അനുഗമിക്കുന്ന 40 പേരുടെ പട്ടിക പൊലീസിന് കൈമാറിയെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.

നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന് കേസുകൾ നേരിടുന്നവർക്ക് തിരുവാഭരണഘോഷയാത്രയിൽ പങ്കെടുക്കാൻ അനുമതി നിഷേധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

സാധാരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് വേണം. ഇത്തവണ പങ്കെടുക്കുന്നവർക്കാണ് പൊലീസ് പ്രത്യേക ഉപാധികൾ വച്ചത്.

×