കരുണാകര വികാരമുണര്‍ത്തി പാര്‍ട്ടിയില്‍ വിലപേശലിന് പത്മജ. എല്ലാം നരസിംഹറാവുവില്‍ ഒതുക്കി മുരളീധരന്‍ !

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, September 14, 2018

കൊച്ചി:  ചാരക്കേസില്‍ ആരോപണ വിധേയരെ കുറ്റവിമുക്തരാക്കി അവര്‍ക്ക് നഷ്ടപരിഹാരം വിധിച്ചും അന്ന് തെറ്റായി നടപടി സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചുമുള്ള സുപ്രീംകോടതി ഉത്തരവ് യു ഡി എഫ് രാഷ്ട്രീയത്തില്‍ വീണ്ടും കോലാഹലങ്ങള്‍ക്ക് കാരണമായേക്കും.

കേസില്‍ കരുണാകരന് മാത്രമാണ് നീതി ലഭിക്കാതെ മാറി നില്‍ക്കേണ്ടി വന്നതെന്ന് പറഞ്ഞ മകള്‍ പത്മജ വേണുഗോപാല്‍ ഇപ്പോള്‍ സജീവ രാഷ്ട്രീയത്തിലുള്ള 5 നേതാക്കള്‍ക്ക് അന്നത്തെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് വ്യക്തമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണെന്നാണ് വിലയിരുത്തല്‍.

ഏറെക്കാലമായി കോണ്‍ഗ്രസിന്റെ മുഖ്യധാരയില്‍ നിന്നും പുറംതള്ളപ്പെട്ടിരിക്കുന്ന പത്മജ ചാരക്കേസ് മുതലെടുത്ത്‌ പാര്‍ട്ടിയില്‍ പ്രാമുഖ്യത്തിനായി വിലപേശാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സഹോദരി പത്മജയുടെ നീക്കങ്ങള്‍ക്ക്‌ തന്റെ പിന്തുണ ഉണ്ടാകില്ലെന്ന വ്യക്തമായ സൂചന നല്‍കിയാണ്‌ മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്‍ പ്രതികരിച്ചത്.

അദ്ദേഹം ഇതിലെ രാഷ്ട്രീയ ഗൂഡാലോചനയുടെ മുഴുവന്‍ ഉത്തരവാദിത്വവും അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവില്‍ ചുമത്തുകയും ചെയ്തു. റാവുവിന്റെ പങ്ക് അന്ന് ഇക്കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ള വ്യക്തി എന്ന നിലയില്‍ തനിക്ക് നേരിട്ടറിയാം എന്നാണ് മുരളി പറഞ്ഞത്.

അതേസമയം, കേരളത്തില്‍ കരുണാകരനെതിരെ നടന്ന ഗ്രൂപ്പ് ഒളിയുദ്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുരളി കൂട്ടാക്കിയതുമില്ല.

×