Advertisment

ഇന്നുമുതൽ സംശുദ്ധ ഭരണമെന്ന് വിചാരിച്ചിരിക്കുമ്പോഴിതാ പുതിയ മോഷണ കഥ പുറത്ത് ! പക്ഷെ പ്രതിപക്ഷം മിണ്ടിയാൽ വിജിലൻസ് കേസായി, റെയ്ഡായി, പിന്നെ അറസ്റ്റായി .. വായടപ്പിക്കും. കേരളത്തിൽ തോക്ക് മുതൽ നൂലും ഡീസലും വരെ മോഷണം പോകുമ്പോൾ പ്രഫഷണലായി നാണക്കേട് മാറ്റുന്ന സർക്കാർ ശൈലി ഇങ്ങനെ ; പകരം ഓരോ ദുരന്തങ്ങളിൽ നിന്നും മേയർ ബ്രോ, ടീച്ചറമ്മമാർ പിറക്കുന്നതും കൗതുകം

New Update

തിരുവനന്തപുരം:  ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ യു ഡി എഫിനെ ഞെട്ടിച്ചും അടിച്ചമർത്തിയും സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നേറ്റം.

Advertisment

നാണക്കേടുകൊണ്ട് മലയാളി മുഖം പൊത്തുന്ന അഴിമതി കഥകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ പ്രതിപക്ഷ പ്രതിഷേധം അടിച്ചമർത്താനായിരുന്നു മുൻമന്ത്രിയും കോൺഗ്രസ് എം എൽ എയുമായ വി എസ് ശിവകുമാറിനെതിരെയുള്ള വിജിലൻസ് എഫ് ഐ ആറും റെയ്ഡും അരങ്ങേറിയത്.

publive-image

സംസ്ഥാനത്ത് ഇപ്പോൾ യു ഡി എഫ് ആയിരുന്നു ഭരണത്തിലെങ്കിൽ കൊണ്ട് കേരളം ആളിക്കത്തിക്കാൻ മാത്രം നിരവധി അഴിമതി കഥകളാണ് സർക്കാരിനെതിരെ പുറത്തുവന്നത്.

സുരക്ഷയുമായി ബന്ധപ്പെട്ടുപോലും കൂട്ടിവായിക്കാവുന്ന ഗുരുതരമായ ആരോപണങ്ങളാണ് തോക്ക്, ഉണ്ട മോഷണങ്ങളിലൂടെ പുറത്തുവന്നത്.

ഒരു യു ഡി എഫ് നേതാവ് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കാലത്തായിരുന്നെങ്കിൽ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് മുദ്രകുത്തി പുറത്തിറങ്ങാൻ പറ്റാത്തവിധം വഴിതടയലും വസതിയിലേക്ക് സംഘടിപ്പിച്ച് പൊതുജനം പോലും പുശ്ചത്തോടെ നോക്കുന്ന അവസ്ഥയിലേക്ക് വെറുക്കപ്പെട്ടവരായി അവരെ മാറ്റുമായിരുന്നു.

പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും സർക്കാരുകൾ 1, 2, 3 എന്ന വിധം മാറി മാറി അന്വേഷിച്ചിട്ടും ഒരെത്തും പിടിയും കിട്ടാത്ത ആരോപണമായിരുന്നു ബാർ കോഴ.

ഒരു തെളിവുമില്ലാത്ത ആ ആരോപണം മാത്രം ഉപയോഗിച്ച് സമരങ്ങളും മാധ്യമ പ്രചരണങ്ങളും സോഷ്യൽ മീഡിയ ആക്രമണങ്ങളും വഴി കെ എം മാണി എന്ന അതികായനെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വെറുക്കപ്പെട്ടവനാക്കി.

ഒടുവിൽ മരണശേഷം അദ്ദേഹത്തിന് സ്മാരകം പണിയാൻ 5 കോടി കൊടുത്ത് ആ പാപഭാരത്തിൽ നിന്നും കൈകഴുകി. സോളാർ കേസിൽ ഒരു മനുഷ്യനെ എന്തൊക്കെ പറഞ്ഞു അപമാനിക്കാമോ അതിനപ്പുറവും ഉമ്മൻചാണ്ടിക്കെതിരെ പ്രയോഗിച്ചു. പക്ഷെ അദ്ദേഹത്തിൻറെ ജനകീയത അതിനു൦ മേലെ ആയിരുന്നതിനാൽ അദ്ദേഹം അതിനെയൊക്കെ അതിജീവിച്ചു.

publive-image

ആശാസ്യകരമല്ലെങ്കിലും യു ഡി എഫ് നേതൃത്വം കണ്ടുപഠിക്കേണ്ട രാഷ്ട്രീയ ശൈലിയാണ് ഇടതുപക്ഷത്തിന്റേത്. തങ്ങൾക്ക് പോറലേൽക്കുന്ന അഴിമതിക്കഥകൾ പുറത്തുവന്നപ്പോൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുകയാണ് സർക്കാർ.

പ്രതിപക്ഷ സർക്കാരിനെതിരെ സമരം ശക്തമാക്കിയാൽ ഈ നേതാക്കളെ സർക്കാർ അറസ്റ്റ് ചെയ്യും. അതിനുള്ള ആർജ്ജവം ഇടതുപക്ഷത്തിനുണ്ട്. അത് പ്രതിരോധിക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്നതാണ് കൗതുകം.

പൗരത്വ വിഷയം, തോക്ക് / ഉണ്ട വിവാദം, ലോക കേരള സഭ ധൂർത്ത്, കെ എസ് ആർ ടി സിയിലെ ഡീസൽ മോഷണം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ പ്രതിരോധം ദുർബലം എന്നുപോലും പറയാനാകാത്തവിധം ദയനീയമാണ്.

അതിനു പ്രതിപക്ഷ നേതാവിനെതിരെ ഗ്രൂപ്പുകളി ആരോപണം ഉന്നയിച്ചിട്ട് കാര്യവുമില്ല. കാരണം പ്രതിപക്ഷത്തിരുന്നു യഥാർത്ഥത്തിൽ എന്തെങ്കിലുമൊക്കെ സർക്കാരിനെതിരെ പുറത്തുകൊണ്ടുവരുന്നത് പ്രതിപക്ഷ നേതാവ് മാത്രമാണ്. അതേറ്റുപിടിക്കാൻ പാർട്ടിയുമില്ല, ഘടകകക്ഷിക്കളുമില്ലെന്നതാണ് സ്ഥിതി.

ഒരേ നിലപാടിൽ ഒരു പ്രസ്താവനയിറക്കാൻ പോലും കെ പി സി സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും യു ഡി എഫ് കൺവീനർക്കും കെ പി സി സി ഭാരവാഹികൾക്കും പറ്റുന്നില്ലെന്നതാണ് യു ഡി എഫിന്റെ ഗതികേട്.

ഒരു ഡസനിലേറെ വൈസ് പ്രെസിഡന്റുമാരെയും മൂന്ന് ഡസനിലധികം ജനറൽ സെക്രട്ടറിമാരെയും അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇത്രയും വിവാദങ്ങൾ സർക്കാരിനെതിരെ ഉയർന്നിട്ടും ഒരു പ്രതിഷേധ സ്വരം ഉയർത്താൻ ഇവരിലാർക്കും കഴിയുന്നില്ലെന്നതാണ് ആരോപണം.

publive-image

പാർട്ടി നേതൃത്വത്തിൽ നേതാക്കൾ തമ്മിൽ പോലും ഏകോപനം ഇല്ലാത്തതാണ് കോൺഗ്രസിന്റെ സ്ഥിതിയെന്ന ആരോപണം കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതിയിൽ തന്നെ ഉയർത്തുന്നതാണ്. പക്ഷെ കൂട്ടായ ചർച്ചയോ നീക്കങ്ങളോ പിന്നീട് ഉണ്ടായിട്ടില്ല.

കെ പി സി സി പ്രസിഡന്റിനെ ഫോണിൽ വിളിച്ചാൽ പോലും കിട്ടില്ലെന്ന പരാതി അണികൾക്ക് മാത്രമല്ല, ഉന്നത നേതാക്കൾക്ക് വരെയുണ്ട്. അദ്ദേഹത്തിൻറെ വൈസ് പ്രെസിഡന്റ് വരെ ആ ആരോപണം ഉന്നയിച്ചു.

ഓടിത്തളർന്ന കാളയുമായി ഒരു വണ്ടി മുന്നോട്ടു കൊണ്ടുപോകുക പ്രയാസം തന്നെയാണ്. മുല്ലപ്പള്ളിയെ സംബന്ധിച്ചുള്ളത് പ്രായത്തിന്റെ പരിമിതികൾ തന്നെയാണ്. അതറിഞ്ഞു തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്‌.

പകരം സ്വീകാര്യനായ നേതാവിനെ പകരക്കാരനാക്കിയാൽ പാർട്ടിക്ക് ഗുണം ചെയ്യും. ഞാൻ മാത്രമാണ് യോഗ്യനെന്നു പറയുന്നവരെ മാറ്റി ഒതുക്കി നിർത്തുകയും വേണം. അവരാണ് നേതാക്കളെയെല്ലാം മോശക്കാരാക്കുന്നത്. അതേസമയം എതിർപക്ഷമാണെങ്കിൽ ഓരോ ദുരന്തങ്ങളിൽ നിന്നുപോലും ഓരോ ജനകീയ നേതാക്കളെ പി ആർ പ്രമോഷൻ നൽകി സൃഷ്ടിക്കുകയാണ്.

പ്രളയത്തിൽ നിന്നൊരു മേയർബ്രോ, ഇപ്പോൾ കൊറോണയിൽ നിന്നൊരു ടീച്ചറമ്മ ... അതാണ് രാഷ്ട്രീയം എന്ന് തിരിച്ചറിയാൻ കോൺഗ്രസിന് കഴിയുന്നില്ല !

Advertisment