‘നിങ്ങള്‍ മാലിന്യം പുഴയിലേക്കെറിഞ്ഞാല്‍ അത് ഞങ്ങളിറങ്ങി പെറുക്കിയെടുക്കണമല്ലോ’ എന്ന് പറഞ്ഞപ്പോള്‍ കോഴിക്കച്ചവടക്കാര്‍ ഉള്‍പ്പെടെ അനുസരിച്ചു ! പുഴയെ പുണ്യമായി കണ്ട ജില്‍സിന്റെ ദൗത്യം ഒരു നാടിന് സുകൃതമായപ്പോള്‍ !

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, July 14, 2018

കൊച്ചി:  പുഴയെ പുണ്യമായി കണ്ട ഒരു നഗരസഭാ കൌണ്‍സിലറും കുറെ ചെറുപ്പക്കാരും ചേര്‍ന്നൊരുക്കിയ പ്രവര്‍ത്തനങ്ങള്‍ ഒരു നാടിന് മുഴുവന്‍ സുകൃതമായി മാറിയതിന്റെ സംതൃപ്തിയിലാണ് ഇന്ന് പിറവം നിവാസികള്‍.

മധ്യ കേരളത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസായ 12 ലക്ഷം കുടുംബങ്ങള്‍ക്ക് സുകൃതമായ കുടിവെള്ള പദ്ധതികളുടെ ഉറവിടമായ പിറവം പുഴയെ മാലിന്യ വിമുക്തമാക്കാന്‍ തുനിഞ്ഞിറങ്ങിയ പിറവം നഗരസഭാ കൌണ്‍സിലര്‍ ജില്‍സ് പെരിയപുറവും സുഹൃത്തുക്കളും ഇപ്പോള്‍ ഒരു നാടിനു മുഴുവന്‍ വഴികാട്ടികളാണ്.

മികച്ച ജലസൗഹൃദ പദ്ധതികള്‍ നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കാന്‍ മലയാള മനോരമയും നബാര്‍ഡും ചേര്‍ന്നൊരുക്കിയ പലതുള്ളി – നബാര്‍ഡ് പുരസ്കാരങ്ങളില്‍ ജില്ലാ തലത്തില്‍ പിറവം നഗരസഭയെ ഒന്നാമതും സംസ്ഥാനാടിസ്ഥാനത്തില്‍ രണ്ടാമതും എത്തിച്ചത് ഇവര്‍ ചേര്‍ന്നൊരുക്കിയ ‘സേവ് പിറവം പുഴ’ പദ്ധതിയാണ്.

2 വര്‍ഷം മുമ്പ് ജില്‍സ് പെരിയപുറത്തിന്റെ നേതൃത്വത്തില്‍ കുറെ ചെറുപ്പക്കാര്‍ ചേര്‍ന്നൊരുക്കിയതാണ് ‘സേവ് പിറവം പുഴ’ പദ്ധതി. തന്റെ നാട്ടുകാര്‍ കുടിക്കുന്ന വെള്ളത്തില്‍ മാലിന്യം കലര്‍ത്തുന്നവരെ ബോധവത്കരിച്ച് പിന്തിരിപ്പിക്കാനും ഇട്ട മാലിന്യങ്ങള്‍ കാലാകാലാങ്ങളില്‍ ശേഖരിച്ച് പിഴയെ ശുദ്ധീകരിക്കാനും ഉദ്ദേശിച്ചായിരുന്നു ജില്‍സ് പെരിയപുറം ആ ദൌത്യം ഏറ്റെടുത്തത്.

വെറുമൊരു നഗരസഭാ വാര്‍ഡിനെ മാത്രം പ്രതിനിധീകരിക്കുന്ന കൌണ്‍സിലറായിട്ടും താന്‍ കൂടി ഉള്‍പ്പടുന്ന ഭൂപ്രദേശത്തെ 12 ലക്ഷത്തോളം കുടുംബങ്ങളുടെ ഏക ആശ്രയമായ പുഴയെ ഏറ്റെടുക്കാന്‍ ജില്‍സ് തുനിഞ്ഞിറങ്ങുകയായിരുന്നു. അതിന് ആദ്യം വേണ്ടത് പ്രസംഗവും ബോധവത്കരണവുമല്ല. പ്രവര്‍ത്തിയാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. അങ്ങനെ ഒരു ബനിയനും പാന്റ്സുമണിഞ്ഞ്‌ സുഹൃത്തുക്കളെയും കൂട്ടി വള്ളവുമായി ഇദ്ദേഹം പുഴയിലേക്കിറങ്ങി.

പ്രദേശത്തെ കോഴിക്കച്ചവടക്കാര്‍ ഉള്‍പ്പെടെ ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍, പുഴാതീരത്തിരുന്ന്‍ മദ്യപിച്ച് വലിച്ചെറിയുന്ന കാലിക്കുപ്പികള്‍, ചപ്പുചവറുകള്‍.. എല്ലാം വാരിക്കൂട്ടി കരയിലെത്തിച്ച് നശിപ്പിച്ചുകളഞ്ഞു. എന്നിട്ടാണ് നാട്ടുകാരെ ബോധവത്കരിക്കാന്‍ ജില്‍സ് തയാറായത്.

“നിങ്ങളിട്ട മാലിന്യങ്ങള്‍ ഞങ്ങള്‍ പുഴയിലിറങ്ങി വാരിയെടുത്ത് നശിപ്പിച്ചുകളഞ്ഞത് കണ്ടല്ലോ ? ദയവ് ചെയ്ത് ഇനിയെങ്കിലും അത് പുഴയിലേക്കെറിയരുതെന്ന്‍” പറയാന്‍ നഗരസഭയെ കൂട്ടുപിടിച്ച് ഇദ്ദേഹം നഗര പ്രദേശത്തെ കോഴിക്കച്ചവടക്കാരുടെ യോഗം വിളിച്ചുകൂട്ടി. “നിങ്ങളിനി കോഴി മാലിന്യങ്ങള്‍ പുഴയിലെറിഞ്ഞാലും ഞങ്ങള്‍ പരാതി നല്‍കില്ല, ഞാന്‍ തന്നെ അത് പുഴയിലിറങ്ങി പെറുക്കിയെടുക്കും” എന്ന് ജില്‍സ് പറഞ്ഞപ്പോള്‍ ഇനി അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്ന് കോഴി കച്ചവടക്കാരും നിലപാടെടുത്തു.

അതോടെ പിറവം പുഴയിലെ അത്തരം മാലിന്യങ്ങള്‍ക്ക് ശമനമായി. സ്കൂള്‍ കുട്ടികള്‍ക്കിടയിലും ബോധവത്കരണം നടത്തി. എന്‍ സി സി, എസ് പി സി കുട്ടികളെക്കൂട്ടി വീടുതോറും കയറിയിറങ്ങിയും ബോധവത്കരണം നടന്നു.

എന്നിട്ടും ആഴ്ചകള്‍ കൂടുമ്പോള്‍ ജില്‍സും കൂട്ടുകാരും ചേര്‍ന്ന് വള്ളവുമായി പുഴയിലിറങ്ങി മാലിന്യങ്ങള്‍ പെറുക്കിയെടുക്കും. ഇത് പലതവണയായപ്പോള്‍ സഹകരിക്കാന്‍ നിരവധി പേരായി. ജോസ് കെ മാണി എം പി ഒരു ദിവസം രാവിലെ മുതല്‍ ഉച്ചകഴിയു൦ വരെ ജില്‍സിനൊപ്പം ചേര്‍ന്ന് പുഴയില്‍ നിന്നും മാലിന്യങ്ങള്‍ പെറുക്കി എടുത്തു. മറ്റൊരവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ നിഷയും ഈ ദൌത്യത്തില്‍ പങ്കാളികളായി.

പിറവത്തെ സ്വിമ്മിംഗ് ക്ലബ്ബും വലിയ പള്ളി യൂത്ത് അസോസിയേഷനും ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷനുമെല്ലാം ‘സേവ് പിറവംപുഴ’ ദൌത്യത്തിന്റെ ഭാഗമായി മാറി. ലയണ്‍സ് ക്ലബ്ബും ഒപ്പം കൂടി.

മനോരമയുടെ പലതുള്ളി – നബാര്‍ഡ് പുരസ്കാരം വന്നപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന ജലസൌഹൃദ പദ്ധതികളെയാണ് അതിലേക്ക് ക്ഷണിച്ചത്. അപ്പോള്‍ പുരസ്കാരത്തിന്റെ ഭാഗമാകണമെങ്കില്‍ പിറവം നഗരസഭ വേണം അതിനായി അപേക്ഷിക്കാന്‍. ജില്‍സ് പെരിയപുറം കൌണ്‍സിലറായതിനാല്‍ ഈ പദ്ധതി നഗരസഭയുടെ പദ്ധതിയാക്കി പിറവം നഗരസഭ ഇത് പുരസ്കാരത്തിനായി സമര്‍പ്പിച്ചു. അങ്ങനെയാണ് ആദരവ് സേവ് പിറവം പുഴയെ തേടിയെത്തിയത്. സേവ് പിറവംപുഴയുടെ പ്രസിഡന്റാണ് ജില്‍സ് പെരിയപുറം.

നാട്ടില്‍ തെരുവ് നായ്ക്കളുടെ ശല്യം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാപമായി മാറിയപ്പോള്‍ സുഹൃത്തുക്കളെയും കൂട്ടി തെരുവിലെക്കിറങ്ങി അലഞ്ഞു തിരിഞ്ഞു നടന്ന നായ്ക്കളെ പിടിച്ച് കൊന്ന് അത് പരസ്യമായി പ്രദര്‍ശിപ്പിച്ചായിരുന്നു ജില്‍സിന്റെ പ്രതികരണം. അതിന് പിന്തുണച്ച് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി കൂടി രംഗത്തെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി മേനകാ ഗാന്ധി ഇടപെടുകയും ഇരുവര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തത്.

പക്ഷേ, ജില്‍സ് ദൌത്യം ഉപേക്ഷിക്കാന്‍ തയാറായില്ല. അതിന് പ്രത്യുപകാരമായി ജില്‍സിന്റെ പ്രദേശത്തെ 50 വീടുകള്‍ നവീകരിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതിക്ക് ചിറ്റിലപ്പള്ളി ഫൌണ്ടേഷന്‍ അനുമതി നല്‍കി. അതിലുള്‍പ്പെട്ട വീടുകളുടെ നവീകരണമാണ് ജില്‍സിന്റെ പുതിയ ദൌത്യം.

×