Advertisment

അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പി ജെ ജോസഫിന് പാസ് അനുവദിച്ചില്ല. പകരം പിന്നീട് കൂടിക്കാഴ്ച അനുവദിച്ചു. എ എ പി - കേരളാ കോൺഗ്രസ് സഹകരണം ചർച്ച ചെയ്തതായും കിംവദന്തികൾ !

author-image
ജെ സി ജോസഫ്
New Update

ഡൽഹി: മുൻമന്ത്രിയും കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം നേതാവുമായ പി ജെ ജോസഫിനു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞ കാണാൻ പാസ് അനുവദിച്ചില്ലെന്ന് റിപ്പോർട്ട്.

Advertisment

പി ജെ ജോസഫ്  കെജ്‌രിവാളിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനുള്ള താല്പര്യം മുൻകൂട്ടി ഡൽഹി സർക്കാരിനെ അറിയിച്ചിരുന്നതായാണ് സൂചന.

publive-image

എന്നാൽ ഡൽഹിയിലെ ജനങ്ങളും ഇവിടെയുള്ള നേതാക്കളുമാണ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ മുഖ്യാതിഥികളെന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് ചടങ്ങിൽ പ്രാതിനിധ്യം അനുവദിക്കേണ്ടെന്നും മുഖ്യമന്ത്രി കെജ്‍രിവാൾ മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ അത് ഗൗനിക്കാതെ പി ജെ ജോസഫ് ഞായറാഴ്ച തന്നെ ഡൽഹിക്ക് തിരിക്കുകയായിരുന്നു. അതേസമയം, തിങ്കളാഴ്ച പി ജെ ജോസഫിന് കെജ്‍രിവാൾ സന്ദർശനാനുമതി നൽകാനും മടിച്ചില്ല.

ഈ കൂടിക്കാഴ്ചയിൽ കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് മാസത്തിൽ നടക്കുന്ന ലോങ്ങ് മാർച്ചിന്റെ കോട്ടയത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ജോസഫ് കെജ്രിവാളിനെ ക്ഷണിക്കുകയും ചെയ്തു.

പരിപാടി ഏറ്റെടുക്കാനാകുമോ എന്നത് പിന്നീട് അറിയിക്കാമെന്ന് കെജ്രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുമായി സഹകരിക്കാൻ ജോസഫ് താല്പര്യം അറിയിച്ചതായും സൂചനയുണ്ട്.

എ എ പിയുടെ കേരളാ ഘടകവുമായി ചേർന്ന് പ്രവർത്തിക്കാൻ ജോസഫ് താല്പര്യം അറിയിച്ചതായാണ് ചില എ എ പി കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ പി ജെ ജോസഫ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Advertisment