Advertisment

തെരഞ്ഞെടുപ്പിലും പാർട്ടിയിലും അവസരങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായത് നിരവധി തവണ ! എന്നിട്ടും പരിഭവിച്ചില്ല ! പാർട്ടിയോട് കലഹിച്ചില്ല ! രാഷ്ട്രീയം തൊഴിലല്ല, രാഷ്ട്രീയക്കാരന് ഒരു തൊഴിൽ വേറെ വേണമെന്ന് പരസ്യമായി പറയുന്ന യുവ നേതാവ് ! ഒടുവിൽ മാന്യതയ്ക്കുള്ള അംഗീകാരമായി പാർട്ടി പദവി ലഭിച്ച ഡോ. മാത്യു കുഴൽനാടന്റെ യോഗ്യതയും അയോഗ്യതയും ഇങ്ങനെ !

New Update

കൊച്ചി: തനിക്കൊപ്പവും പിന്നാലെയും വന്ന ഒരു തലമുറ ഗ്രൂപ്പ് മാനേജർമാരെയും തലതൊട്ടപ്പന്മാരെയും പ്രീതിപ്പെടുത്തി അവസരങ്ങൾ കൈയെത്തി പിടിച്ചിട്ടും ലഭിക്കാതെ പോയതും നഷ്ടപ്പെട്ടതുമായ അവസരങ്ങളെക്കുറിച്ച് പരിതപിക്കാതെ മാന്യത കാട്ടിയ യുവ നേതാവ് അഡ്വ. മാത്യു എം കുഴൽനാടന് പാർട്ടിയിൽ അർഹമായ ഒരു പരിഗണന ലഭിക്കുന്നത് ഇതാദ്യമായിരിക്കും.

Advertisment

മാത്യുവിന് ഇത് അർഹതയ്ക്കുള്ള അംഗീകാരം മാത്രമല്ല മാന്യതയ്ക്കുള്ള അംഗീകാരം കൂടിയാണ്. പാർട്ടി പുനഃസംഘടനയിലും പാർലമെന്ററി രംഗത്തും കപ്പിനും ചുണ്ടിനുമിടയിൽ അവസരങ്ങൾ നിരവധി തവണ നഷ്ടമായിട്ടുള്ള നേതാവാണ് ഡോ. മാത്യു കുഴൽനാടൻ.

publive-image

രാഷ്ട്രീയത്തിൽ കഴിവും സാമർഥ്യവും ഉള്ള നേതാക്കള്‍ക്ക് ആവശ്യമുള്ളതിലധികം യോഗ്യതകൾ ഉണ്ടെന്നതായിരിക്കാം കുഴൽനാടന് ചിലപ്പോഴെങ്കിലും ഒരു ന്യൂനതയായി മാറിയത്. ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന രാജ്യത്തെ പ്രമുഖ ക്യാംപസായ ജെ എൻ യുവിലാണ് കുഴൽനാടന്റെയും അങ്കത്തട്ട്. എൽ എൽ ബിയും പിന്നെ നിയമത്തിൽ ഡോക്ടറേറ്റും.

സുപ്രീം കോടതിയിലേയും കേരള ഹൈക്കോടതിയിലെയും ഏറ്റവും വിലയേറിയ യുവ അഭിഭാഷകരിൽ പ്രമുഖൻ.

രാഷ്ട്രീയ൦ ധനസമ്പാദനത്തിനുള്ള മാർഗ്ഗമായി മാറരുത്, രാഷ്ട്രീയക്കാരൻ വരുമാനമുണ്ടാക്കാൻ വേറൊരു തൊഴിൽ ഒപ്പം കൊണ്ടുനടക്കണം എന്നതാണ് കുഴൽനാടന്റെ നയം.

അങ്ങനെയാണ് പ്രൊഫഷണലുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ ആരംഭിച്ച പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി രാഹുൽ ഗാന്ധി നേരിട്ട് കുഴൽനാടനെ നിയമിച്ചത്. രാഷ്ട്രീയത്തിനും അഭിഭാഷക വൃത്തിക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന നേതാവാണ് മാത്യു.

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായിരുന്ന കുഴൽനാടന് പ്രൊഫഷണൽ കോൺഗ്രസിനുശേഷം പാർട്ടിയിൽ കിട്ടുന്ന മറ്റൊരവസരമാണ് കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം.

ഒരു കോൺഗ്രസുകാരനെ സംബന്ധിച്ച് പോഷക സംഘടനയിൽ എന്തൊക്കെ പദവികൾ ലഭിച്ചാലും അതിനേക്കാൾ പ്രധാനമാണ് പാർട്ടിയിൽ ലഭിക്കുന്ന പദവി. അതാണ് അംഗീകാരം !

ഡോ. മാത്യു എം കുഴൽനാടന്റെ പ്രത്യേകത നഷ്ടപ്പെട്ട അവസരങ്ങളെയോർത്ത് പരിഭവം പറയാനും പ്രതിഷേധിക്കാനും പിണങ്ങി മാറി നിൽക്കാനും തയാറായിട്ടില്ലെന്നതാണ്. മുമ്പ് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും അവസാനഘട്ടംവരെ മാത്യു കുഴൽനാടന്റെ പേരും പരിഗണനയിലുണ്ടായിരുന്നു.

അന്ന് അത് നഷ്ടമായത് സംരക്ഷിക്കാൻ ഗ്രൂപ്പ് മാനേജർമാരില്ലാതെ പോയതിനാലായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ കുഴൽനാടൻ മത്സരിക്കുമെന്നുറപ്പിച്ചതാണ്.

പക്ഷെ, അവസാന നിമിഷം സീറ്റ് ഡീൻ കുര്യാക്കോസിന് ലഭിച്ചു. ഒരു പരിഭവവും പറയാതെ പിറ്റേദിവസം മുതൽ ഡീനിന്റെ പ്രചരണത്തിന് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു കുഴൽ നാടനും; സ്വന്തം ചിലവിൽ തന്നെ !

ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിൽ പട്ടികയിൽ ഇടംപിടിച്ചു. പക്ഷെ, സംരക്ഷിക്കാൻ ഗ്രൂപ്പ് തമ്പുരാക്കന്മാരെത്താതെ വന്നതോടെ പുറത്തായി. എന്നിട്ടും പരിഭവിച്ചില്ല, പാർട്ടിയ്ക്ക് വേണ്ടി പണിയെടുത്തു.

ഇതൊക്കെയാണെങ്കിലും കോൺഗ്രസാണ്‌ വലുത്, ഗ്രൂപ്പല്ല .. എന്ന് പരസ്യമായി പറയാൻ മടിയില്ലെന്നതാണ് കോൺഗ്രസിൽ മാത്യു കുഴൽനാടൻ എന്ന നേതാവിന്റെ യോഗ്യതയും അയോഗ്യതയും ! അതിനൊരു കരളുറപ്പ് വേണം, വളയാത്ത നട്ടെല്ലും !

അതൊക്കെയുള്ള കോൺഗ്രസിന്റെ ചുണക്കുട്ടിയാണ് ഈ കുഴൽനാടൻ. ഒരു കുഴലിലും ഒതുങ്ങാത്ത നേതാവ് !!

Advertisment