ഉമ്മന്‍ചാണ്ടിയുടെ കഠിനാധ്വാന ഫലമായി അര്‍ഹിക്കുന്നതിലേറെ സ്ഥാനമാനങ്ങള്‍ നേടിയ ആന്റണി ഇനി മകന്‍ പദവി ഏറ്റെടുക്കും മുമ്പ് അദ്ദേഹം പാര്‍ട്ടിക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വ്യക്തമാക്കണം – അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപക്കൊടി ?

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 10, 2019

തിരുവനന്തപുരം:  കെ പി സി സി അധ്യക്ഷ സ്ഥാനം എന്ന തന്റെ സ്വപ്നം സഫലീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്നേഹോപഹാരമാണ് അനില്‍ ആന്റണിയുടെ പുതിയ ഭാരവാഹിത്വം.

തിരുവനന്തപുരത്തെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ മറ്റ്‌ കെ എസ് യുക്കാരൊക്കെ പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്യുകയും തല്ലുകൊള്ളുകയും ചെയ്തപ്പോഴും അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ മകനായിരുന്ന അനില്‍ ആന്റണി എഞ്ചിനീയറിംഗ് പഠനത്തിനൊപ്പം ബിസിനസിലേക്ക് കൂടി പ്രവേശിച്ച് പണം സമ്പാദിക്കുകയായിരുന്നു.

ഇപ്പോള്‍ ഒരധ്വാനവുമില്ലാതെ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി നിയമിതനായപ്പോള്‍ ആന്റണിയുടെ പഴയ ചരിത്രവും മകന്റെ പൂര്‍വ്വകാലവും ചികഞ്ഞെടുത്തിരിക്കുകയാണ് കെ എസ് യു – യൂത്ത് കോണ്‍ഗ്രസുകാര്‍.

ആന്റണിയുടെ മകനെ കുറുക്കുവഴികളിലൂടെ രാഷ്ട്രീയത്തിലെത്തിക്കാനുള്ള പുതിയ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആന്റണിക്ക് പഴയ സ്വീകാര്യതയില്ലെന്ന അവസ്ഥ വന്നിട്ട് അഞ്ച് വര്‍ഷത്തിലേറെയായി.  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന ആന്റണിയെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് 80 ശതമാനവും നെഗറ്റീവ് കമന്റുകളാണ്.

അതേസമയം, എ ഐ സി സി നേത്രുത്വത്തില്‍ അദ്ദേഹം അതി ശക്തനായി തുടരുകയാണ്.  എ ഐ സി സിയിലുള്ള സ്വാധീനം ഉപയോഗിച്ച് കേരളത്തിലെ കോണ്‍ഗ്രസിന് എന്നൊക്കെ ‘പണി’ കൊടുക്കാമോ അതൊക്കെയാണ്‌ ആന്റണി ചെയ്യുന്നതെന്ന നിലയിലാണ് യുവ നേതാക്കളുടെ വിമര്‍ശനം.

അനില്‍ ആന്റണിയുടെ പുതിയ ഭാരവാഹിത്വത്തിനെതിരെ ഏറ്റവും ശക്തമായ വിമര്‍ശനം ഉന്നയിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ ഗ്രൂപ്പുകാരനുമായ രാജേഷ് ചന്ദ്രദാസാണ്.

കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുപോലും വ്യക്തിപരമായി ഒരു സഹായവും ചെയ്യാതെ ഉമ്മന്‍ചാണ്ടിയെപ്പോലുള്ള കഠിനാധ്വാനികളുടെ പ്രയത്നങ്ങളുടെ പ്രതിഫലം പറ്റി മാത്രം ഉയര്‍ന്നുവന്നവര്‍ക്ക് പ്രവര്‍ത്തകരുടെ വികാരം മനസിലാകില്ലെന്നായിരുന്നു ആന്റണിക്കെതിരെ രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

പാര്‍ട്ടിക്ക് വേണ്ടി ലാത്തിയടിയും ജയില്‍ വാസവും തുടരുന്ന കെ എസ് യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍ – എന്ന് പറഞ്ഞാണ് അനില്‍ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെ രാജേഷ് വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് പ്രസ്ഥാനം അര്‍ഹിക്കുന്നതിലേറെ സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടും ഒന്നുപോലും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി മാറ്റി വയ്ക്കാത്ത ആന്റണി ഇപ്പോള്‍ മകന്‍ ചുമതല ഏല്‍ക്കും മുമ്പ് അനില്‍ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ എന്തെന്ന് വ്യക്തമാക്കണമെന്നാണ് രാജേഷ് ആവശ്യപ്പെട്ടത്.

കേരളത്തിലെ സാധാരണ പ്രവര്‍ത്തകരോട് ‘ഡിജിറ്റല്‍ മീഡിയ’ എന്തെന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാകില്ല.  പക്ഷേ, അവരാണ് കോണ്‍ഗ്രസിന്റെ ശക്തി എന്ന് തിരിച്ചറിയുന്നവര്‍ അനിലിന്റെ ഭാരവാഹിത്വം പുനപരിശോധിക്കണമെന്നും രാജേഷ് ചന്ദ്രദാസ് ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്കില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൂറുകണക്കിന് ആളുകളാണ് അനിലിന്റെ ഭാരവാഹിത്വത്തിനെതിരെ രംഗത്ത് വന്നത്.  ‘ഒടുവില്‍ അവനും എത്തി, പക്ഷേ .. ആര് മൂത്രമൊഴിക്കാന്‍ പോയ ഗ്യാപ്പിലാണ് എന്ന് പിടുത്തം കിട്ടണില്ല’ എന്നാണ് സുബാഷ്‌ ചന്ദ്രന്റെ ഫെയ്സ്ബുക്ക് ട്രോള്‍.

മറ്റ്‌ ചില യുവ നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആന്റണി പണ്ട് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത സംഭവങ്ങളും ചൂണ്ടിക്കാട്ടുന്നു. “അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നും വിളിക്കട്ടെ നിന്നെ ഞാന്‍” എന്നാണ് മറ്റൊരു കമന്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഇത്തരത്തില്‍ ആന്റണിക്കും മകനുമെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇതോടെ പുതിയ സ്ഥാനലബ്ദിയില്‍ അനിലിനെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും തുനിഞ്ഞിറങ്ങിയ നേതാക്കളൊക്കെ പതിയെ പിന്‍വാങ്ങിയിരിക്കുകയാണ്.  കണ്ടറിഞ്ഞുമാത്രം പ്രതികരിച്ചാല്‍ മതിയെന്ന നിലയിലാണ് നേതാക്കളുടെ നിലപാട്.

ഇതോടെ മകനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ താരമാക്കാനുള്ള ആന്റണിയുടെ തന്ത്രം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.  ആന്റണിയുടെ രാഷ്ട്രീയ അപ്രമാദിത്വത്തിന്റെ നിഴലില്‍ മകനെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കുടിയിരുത്താം എന്ന മോഹമാണ് ഇപ്പോള്‍ സംസ്ഥാനത്തുണ്ടാകുന്നത്.

ഇതിനിടെ അനില്‍ ആന്റണിക്കെതിരായ പ്രതികരണങ്ങള്‍ ഒതുക്കാന്‍ കെ പി സി സി നേതൃത്വം രംഗത്തിറങ്ങി.  സോഷ്യല്‍ മീഡിയയില്‍ വന്ന എതിര്‍ പ്രതികരണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി അത്തരം പോസ്റ്റിട്ടവരെ ഫോണില്‍ വിളിച്ച് ശാസിക്കുന്ന തിരക്കിലാണ് നേതൃത്വം. പലരും അച്ചടക്ക നടപടി ഭയന്ന് പോസ്റ്റ്‌ പിന്‍വലിക്കുന്ന തിരക്കിലാണ്.

സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി വിരുദ്ധ പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ഡിജിറ്റല്‍ മീഡിയ ക്യാംപെയ്ന്‍ തലവനെതിരെ തന്നെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പോരാളികള്‍ രംഗത്തെത്തിയെന്നത് മറ്റൊരു വിരോധാഭാസവുമാണ്.

×