Advertisment

അബ്ദുള്ളക്കുട്ടി പാര്‍ട്ടി മാറാന്‍ ചോദിച്ചത് രാജ്യസഭ ! എന്നാല്‍ കാലുമാറ്റത്തിന്‍റെ രാജാവിനെ ബിജെപി വരവേറ്റത് നിരുപാധികം. കേരളത്തില്‍ ഇനി 'കുട്ടിക്കളി' വിലപ്പോവില്ലെന്നറിയാവുന്നതിനാല്‍ തട്ടകം ഡല്‍ഹിയോ യുപിയോ ആക്കിയേക്കും !

New Update

കണ്ണൂര്‍:  കേരളത്തില്‍ ആദ്യമായി എല്ലാ പാര്‍ട്ടികളിലും ഒരേപോലെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച റിക്കോര്‍ഡ് സൃഷ്ടിക്കാനാണ് എ പി അബ്ദുള്ളക്കുട്ടിയുടെ നീക്കം.  ബി ജെ പി പ്രവേശനം സാധ്യമായതോടെ മുഖ്യധാരാ നേതാക്കളില്‍ 3 പാര്‍ട്ടികളിലുമെത്തുന്ന  ആദ്യ നേതാവായി മാറിയിരിക്കുകയാണ് അബ്ദുള്ളക്കുട്ടി എക്സ് എം പി.

Advertisment

അരുവാനപ്പള്ളി പുതിയപുരയ്ക്കല്‍ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയം കുട്ടിക്കളിയാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഇന്ന് ബി ജെ പി അംഗത്വമെടുത്തത്.  അംഗമാകുന്ന മൂന്നാമത്തെ പാര്‍ട്ടി.

publive-image

അധികാര രാഷ്ട്രീയത്തിന്റെ ഭാഗമല്ല പാര്‍ട്ടി മാറ്റമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും  സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അധികാര പദവികള്‍ നഷ്ടപ്പെടുന്നതിന്റെ സൂചന കിട്ടിയപ്പോഴേ അദ്ദേഹം പുറത്തുചാടിയിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ സീറ്റിനായി അവസാന നിമിഷം വരെ അബ്ദുള്ളക്കുട്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അബ്ദുള്ളക്കുട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ പേര് വെട്ടിയിരുന്നു.

എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് 1999 ല്‍ കണ്ണൂരില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭയിലെത്തിയത്. 2004 ലും ഇരുവരും തന്നെ വീണ്ടും ഏറ്റുമുട്ടി അബ്ദുള്ളക്കുട്ടി വിജയിച്ചു.  എന്നാല്‍ ഇതിനിടെ ഇടതുപക്ഷ രീതികളില്‍ നിന്നും വ്യതിചലിച്ചുകൊണ്ടുള്ള അബ്ദുള്ളക്കുട്ടിയുടെ സമീപനം വ്യക്തമായി വന്നതോടെ സി പി എമ്മിന് അദ്ദേഹം കണ്ണിലെ കരടായി.

publive-image

അതിനിടെയാണ് കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്നും അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും ബന്ദുകളുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പ്രസംഗിച്ചത്.

ഇതോടെ 2009 ല്‍ ഇടതുപക്ഷം ലോക്സഭയില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുമെന്നു വന്നതോടെ അദ്ദേഹം സി പി എം വിട്ട് കോണ്‍ഗ്രസില്‍ അഭയം തേടി. ആ വര്‍ഷം തന്നെ കണ്ണൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. രാഷ്ട്രീയ ഗുരു എം വി ജയരാജനെയാണ് പരാജയപ്പെടുത്തിയത്. 2011 ലും വിജയം ആവര്‍ത്തിച്ചു.

2016 ള്‍ കണ്ണൂരിനുപകരം തലശ്ശേരിയിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. തോല്‍വിയായിരുന്നു ഫലം. ഇതോടെ കോണ്‍ഗ്രസുമായി അദ്ദേഹം അകന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുമോ എന്നറിയാന്‍ അവസാന നിമിഷം വരെ ശ്രമം നടത്തി. കിട്ടാതെ വന്നപ്പോള്‍ ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്ന് കരുതിയാണ് പുതിയ പാര്‍ട്ടിയിലെത്തിയിരിക്കുന്നത്.

publive-image

തുടക്കത്തില്‍ രാജ്യസഭയൊക്കെ ചോദിച്ചാണ് അപ്പുറത്തെത്തിയതെങ്കിലും ചാട്ടം പതിവാക്കിയ അബ്ദുള്ളക്കുട്ടിയെ അത്രയങ്ങ് വിശ്വസിക്കാന്‍ ബി ജെ പിയും തയാറല്ല. അതിനാല്‍ പാര്‍ലമെന്ററി പദവികളിലേക്ക് തല്‍ക്കാലം അബ്ദുള്ളക്കുട്ടിയെ പരിഗണിക്കില്ല.

തുടര്‍ച്ചയായി പാര്‍ട്ടി മാറുന്ന നേതാവെന്ന നിലയില്‍ കേരളത്തില്‍ അബ്ദുള്ളക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. അതിനാല്‍ ദേശീയ തലത്തില്‍ ന്യൂനപക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കാനാകും അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തുക.

മുസ്ലീം സമുദായത്തില്‍ നിന്നുള്ള മുന്‍ എം പി എന്നത് ദേശീയ തലത്തില്‍ അബ്ദുള്ളക്കുട്ടിയെ പ്രയോജനപ്പെടുത്താന്‍ ഉപകരിക്കുമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.

 

ap abdullakkutty
Advertisment