രാജ്യസഭാ സീറ്റ് കൈവിട്ടപ്പോള്‍ ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി പ്രാഥമികാംഗത്വം ഇല്ലാത്തയാള്‍ എഐസിസി സെക്രട്ടറിയായത് കേട്ടപ്പോള്‍ മിണ്ടാട്ടംമുട്ടി ? ആഘാതത്തില്‍ മോചിതരാകാതെ നേതാക്കള്‍ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 26, 2018

തിരുവനന്തപുരം:  അപ്രതീക്ഷിതമായി സംസ്ഥാനത്ത് നിന്ന് ഒരു എ ഐ സി സി സെക്രട്ടറിയെ ലഭിച്ചതിന്റെ ആഘാതത്തില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ മുക്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് കൊടുത്തപ്പോള്‍ അണപൊട്ടിയ പ്രതിഷേധവുമായിറങ്ങിയവര്‍ക്ക് ഒടുവില്‍ ഹൈക്കമാന്റ് കൊടുത്ത പണി തൊണ്ടയില്‍ കുടുങ്ങാതെ ഇറക്കണോ തുപ്പണോ എന്നറിയാത്ത അവസ്ഥയിലാണ്. ആകെ പ്രതികരിച്ചത് എന്തും വിളിച്ച് കൂവാന്‍ റെഡിയായി നില്‍ക്കുന്ന വി എം സുധീരന്‍ മാത്രം.

രാജ്യസഭാ സീറ്റ് തനിക്ക് കിട്ടാതിരുന്നതിലല്ല അത് കോണ്‍ഗ്രസ് ഏറ്റെടുക്കാതിരുന്നതാണ് തന്റെ പ്രതിഷേധത്തിന് കാരണമെന്ന് പറഞ്ഞ പി ജെ കുര്യന്, പാര്‍ട്ടി അംഗത്വം പോലും ഇല്ലാതിരുന്ന കെ ശ്രീനിവാസന്‍ എങ്ങനെ എ ഐ സി സി സെക്രട്ടറിയായെന്ന കാര്യം അന്വേഷിക്കാന്‍ പോലും താല്പര്യമില്ല.

തീരുമാനം രാഹുല്‍ ഗാന്ധിയുടെതാണെങ്കിലും സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഇത് തീരെ ഇഷ്ടമായില്ലെന്നുറപ്പാണ്. കേരളവുമായി ശ്രീനിവാസനുള്ള രാഷ്ട്രീയ ബന്ധം അദ്ദേഹം മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നത് മാത്രമാണ്. പിന്നീടദ്ദേഹം നെഹ്‌റു കുടുംബവുമായി ബന്ധപ്പെട്ട് അടുത്തു പ്രവര്‍ത്തിക്കുകയായിരുന്നെന്നു പറയുന്നു.

പക്ഷേ, കേരളത്തിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന നേതാക്കളൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ശ്രീനിവാസനെ പരിചയപ്പെട്ടിട്ടില്ല. പൊടുന്നനെ തെലുങ്കാനയുടെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയായി നിയമിതനായപ്പോഴാണ് അദ്ദേഹം ‘കെ പി സി സി’യ്ക്ക് സുപരിചിതനായത്.

ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലും പോലും എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായത് അംഗീകരിക്കാന്‍ കഴിയാത്ത വിവിധ കോണ്‍ഗ്രസുകാരൊക്കെ ശ്രീനിവാസന്റെ നിയമനം കടിച്ചിറക്കുകയാണ്.

×