മുഖ്യമന്ത്രിയാകാനുള്ള തന്‍റെയും വയലാര്‍ രവിയുടെയും ആഗ്രഹം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തട്ടിത്തെറിപ്പിച്ചെന്ന്‍ കെ ശങ്കരനാരായണന്‍. മുന്‍ ഗവര്‍ണര്‍ ഉന്നംവച്ചത് എ കെ ആന്റണിയേയോ ? പകരം ശങ്കര്‍ജി ഗവര്‍ണറായ വഴി ഇങ്ങനെ

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, September 5, 2018

പാലക്കാട്:  മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ ശങ്കരനാരായണന്‍. വയലാര്‍ രവിക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും തന്‍റെയും വയലാര്‍ രവിയുടെയും മുഖ്യമന്ത്രിയാകാനുള്ള അവസരം കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് തട്ടിത്തെറിപ്പിക്കുകയായിരുന്നെന്ന് കെ ശങ്കരനാരായണന്‍ പറഞ്ഞു.

ആ നേതാവിന്റെ പേര് പറഞ്ഞാല്‍ കോണ്‍ഗ്രസില്‍ തുടരാനാകില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. പ്രായത്തിന്റെ പേരില്‍ ആളുകളെ മാറ്റി നിര്‍ത്തുന്ന ശൈലി ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ശങ്കരനാരായണന്റെ ആരോപണം മുതിര്‍ന്ന നേതാവ് എ കെ ആന്റണിക്കെതിരെയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ശങ്കരനാരായണന്‍. പിന്നീട് 2005 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ സാഹചര്യത്തില്‍ ആന്റണി രാജിവച്ചു. അന്ന് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ശങ്കരനാരായണന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ആന്റണി അന്ന് ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടിയും ആന്റണിയും തമ്മില്‍ അത്ര നല്ല ബന്ധമല്ലായിരുന്ന സാഹചര്യത്തില്‍ ശങ്കരനാരായണനും വയലാര്‍ രവിയും ഈ പദവി അന്ന് ആഗ്രഹിച്ചിരുന്നു. വക്കം പുരുഷോത്തമനും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞ ആന്റണി സോണിയാ ഗാന്ധിയ്ക്ക് മുമ്പില്‍ പകരക്കാരനായി ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.

ശങ്കരനാരായണനും വയലാര്‍ രവിയും വക്കം പുരുഷോത്തമനും സോണിയാ ഗാന്ധിയുടെ പക്കല്‍ ആഗ്രഹം ഉന്നയിച്ചപ്പോള്‍ ‘ആന്റണിയോട് സംസാരിക്കൂ’ എന്നായിരുന്നത്രേ മറുപടി. ഇവര്‍ ആന്റണിയെ കണ്ടപ്പോള്‍ ‘ഞാന്‍ ആ പേര് പറഞ്ഞു കഴിഞ്ഞല്ലോ’ എന്നായിരുന്നു ആന്റണിയുടെ പ്രതികരണം. അതോടെ ശങ്കരനാരായണന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തായി.

നിലവിലെ മന്ത്രിമാരെ മുഴുവന്‍ മാറ്റി പുതിയ ടീം എന്ന ഉമ്മന്‍ചാണ്ടിയുടെ തീരുമാന പ്രകാരമായിരുന്നു ശങ്കരനാരായണനും മന്ത്രിസ്ഥാനം തെറിച്ചത്‌. എന്നാല്‍ ആന്റണി സര്‍ക്കാരില്‍ സ്പീക്കറായിരുന്ന വക്കം ഉമ്മന്‍ചാണ്ടിയുടെ ധനമന്ത്രിയായി ചുമതലയേറ്റു. വയലാര്‍ രവി പിന്നീട് രാജ്യസഭ വഴി 10 വര്‍ഷം കേന്ദ്രമന്ത്രിയായി.

ശങ്കരനാരായണനെ പഴയ കടപ്പാട് തീര്‍ക്കാനാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചേര്‍ന്ന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. അന്ന് ശങ്കരനാരായണന്റെ പേര് പരിഗണനയില്‍ വന്നപ്പോള്‍ അന്ന് കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചില യുവ വനിതാ നേതാക്കള്‍ അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടിലിനെ സ്വാധീനിച്ച് ഒരു മുന്‍ ജസ്റ്റീസിനെ ഈ സ്ഥാനത്തേക്ക് നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നു.

ഇതറിഞ്ഞ ശങ്കരനാരായണന്‍ ഉടന്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും വിവരം അറിയിക്കുകയും ഇരുവരും ഉടന്‍ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കണ്ട് ശങ്കരനാരായണന്റെ പേര് അംഗീകരിക്കുകയുമായിരുന്നു.

×