മന്ത്രിസ്ഥാനത്തെച്ചൊല്ലി ജനതാദളിലെ കലാപം മന്ത്രി മാത്യു ടി തോമസിന്‍റെ രാജിയില്‍ കലാശിച്ചേക്കും. രാജിയില്ലെങ്കില്‍ വീരേന്ദ്രകുമാറിനൊപ്പം പോകാന്‍ റെഡിയായി 2 എംഎല്‍എമാര്‍. മാര്‍ത്തോമാ സഭയെ രംഗത്തിറക്കി പദവി സംരക്ഷിക്കാന്‍ മാത്യു ടിയും 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 13, 2018

തിരുവനന്തപുരം:  ജലവിഭവ മന്ത്രി മാത്യു ടി തോമസിന്റെ രാജി സംബന്ധിച്ച് ജനതാദളില്‍ ഉയര്‍ന്നിരിക്കുന്ന കലാപം മന്ത്രിയുടെ രാജിയില്‍ കലാശിക്കുമെന്ന് സൂചന. മാത്യു ടി തോമസ്‌ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടിയുടെ മറ്റ്‌ രണ്ട് എം എല്‍ എമാരായ കെ കൃഷ്ണന്‍കുട്ടിയും സി കെ നാണുവും പാര്‍ട്ടി വിട്ട് എം പി വീരേന്ദ്രകുമാര്‍ വിഭാഗത്തോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ചേരുന്ന ജനതാദള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഈ എം എല്‍ എമാര്‍ മന്ത്രിയുടെ രാജി ആവശ്യം വീണ്ടും ഉന്നയിക്കും. രണ്ടു വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം കെ കൃഷ്ണന്‍കുട്ടിക്ക് കൈമാറാമെന്ന മുന്‍ ധാരണ മാത്യു ടി തോമസ്‌ ലംഘിച്ചെന്നാണ് നാണുവിന്റെയും കൃഷ്ണന്‍കുട്ടിയുടെയും പരാതി.

അതേസമയം, സി പി എമ്മിനെ കൂട്ടുപിടിച്ച് ഏത് വിധേനയും മന്ത്രിസ്ഥാനം നിലനിര്‍ത്താനാണ് മാത്യു ടി തോമസിന്റെ നീക്കം. ഇതിനായി മാര്‍ത്തോമാ സഭയെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുത്താന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മാര്‍ത്തോമാ സഭയുടെ ഏക പ്രതിനിധിയെ മന്ത്രിസഭയില്‍ നിന്നും രാജിവയ്പ്പിക്കുകയെന്നത് സി പി എമ്മിനും പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ പാര്‍ട്ടിയുടെ മൂന്ന്‍ എം എല്‍ എമാരില്‍ രണ്ടു പേരും ചേര്‍ന്നുയര്‍ത്തുന്ന കലാപം കണ്ടില്ലെന്നു നടിക്കാനും സാധ്യമല്ല.

2 എം എല്‍ എമാര്‍ വീരേന്ദ്രകുമാറിനൊപ്പം ചേര്‍ന്നാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ഇടത് മുന്നണി അംഗത്വവും ആവശ്യപ്പെടാന്‍ കഴിയും. നിലവില്‍ യു ഡി എഫില്‍ നിന്നും വിട്ടുവന്നിട്ട് ഇടത് മുന്നണിയുടെ ഇറയത്ത്‌ കാത്തുകിടക്കേണ്ട അവസ്ഥയിലാണ് വീരേന്ദ്രകുമാര്‍. രാജ്യസഭാംഗത്വം നല്‍കിയെങ്കിലും അത് യു ഡി എഫിനെ പറ്റിച്ച് അദ്ദേഹം അടിച്ചുകൊണ്ടുവന്നത് അദ്ദേഹത്തിന് തന്നെ തിരികെ നല്‍കിയെന്ന് മാത്രം.

എന്നാല്‍ രണ്ടു ജനതാദള്‍ എന്നത് ഇടത് മുന്നണി അംഗീകരിക്കില്ല. രണ്ട് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടാല്‍ ഏകാംഗമായി മാറുന്ന മാത്യു ടി തോമസിനെ മന്ത്രിസഭയില്‍ അധികകാലം തുടരാനും സാധ്യതയില്ല. അങ്ങനെ വന്നാല്‍ മന്ത്രിസ്ഥാനം ആര്‍ക്കു൦ വേണ്ടെന്ന നിലപാട് സ്വീകരിക്കാനും സി പി എം മടിക്കില്ല.

×