Advertisment

സുരേന്ദ്രനെതിരെ കേട്ടറിവില്ലാത്ത കേസുകളും വാറണ്ടുകളും റിമാന്‍ഡും തുടര്‍ക്കഥയായിട്ടും ബിജെപിയുടെ മൗനത്തില്‍ അപകടം മണത്ത് യുഡിഎഫ് ! ബിജെപിയെ വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമെന്ന് തുറന്നടിച്ച് ചെന്നിത്തല. ശബരിമല വിഷയത്തില്‍ തിരിച്ചടിക്കൊരുങ്ങി യുഡിഎഫ് !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റില്‍ യു ഡി എഫിനും സംശയം മണക്കുന്നു; അപകടവും.  ജയിലില്‍ നിന്നും കോടതിയിലേക്കും വീണ്ടും കോടതിയില്‍ നിന്നും ജയിലിലേക്കുമുള്ള സുരേന്ദ്രന്റെ യാത്രകള്‍ക്ക് കൂട്ടായി ഓരോ ദിവസവും പുതിയ വാറണ്ടുകള്‍ പിറക്കുകയാണ്.

Advertisment

സംസ്ഥാന നേതൃത്വത്തിലെ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമായ നേതാവിനെതിരെ തുടരെ തുടരെ കേസുകള്‍ ചാര്‍ത്തിയിട്ടും പ്രവര്‍ത്തകരെ ബോധിപ്പിക്കാന്‍ പോലുമുള്ള പ്രതിഷേധം പുറത്തുകാണിക്കാതെയാണ് ബി ജെ പിയുടെ നിസംഗത.

publive-image

സുരേന്ദ്രനെ ഓരോ തവണ പുറത്ത് കൊണ്ടുവരുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാനും കസ്റ്റഡിയിലെ പോലീസ് പീഡനത്തെക്കുറിച്ച് വാചാലനാകാനും വേണ്ടുവോളം അവസരം പോലീസ് തന്നെ ഒരുക്കി കൊടുക്കുന്നു. ഇതൊക്കെ സ്വാഭാവികം എന്ന് ആദ്യം കരുതിയിരുന്ന യു ഡി എഫിന് ഇപ്പോള്‍ അതിലെ അപകടം മണത്തു തുടങ്ങിയതായാണ് ഇന്ന് നിയമസഭയിലെ പ്രകടനം സൂചിപ്പിക്കുന്നത്.

ശബരിമല വിഷയത്തില്‍ വര്‍ഗീയ കക്ഷികള്‍ക്ക് വളരാന്‍ സര്‍ക്കാര്‍ സൌകര്യമൊരുക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവിന്റെ ഇന്നത്തെ ആരോപണം.

publive-image

മാത്രമല്ല, ബി ജെ പിയ്ക്കും സി പി എമ്മിനുമെതിരെ ചെന്നിത്തല തുറന്നടിക്കുകയും ചെയ്തു. ഇല്ലാത്ത കേസുകള്‍ ചാര്‍ത്തി സുരേന്ദ്രന് സഹതാപ തരംഗം ചാര്‍ത്തി നല്‍കാനുള്ള തത്രപ്പാടാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ചെന്നിത്തല തുറന്നടിച്ചത്.

ബി ജെ പിയെ വളര്‍ത്താനുള്ള സി പി എം തന്ത്രമാണ് ശബരിമലയില്‍ നടപ്പിലാക്കുന്നതെന്ന് തുറന്നടിക്കാന്‍ കോണ്‍ഗ്രസ് തയാറായി എന്നതാണ് പ്രത്യേകത. ബി ജെ പി വളരുമ്പോള്‍ യു ഡി എഫ് ദുര്‍ബലമാകുകയും അതുവഴി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ഉണ്ടാകുമെന്നും സി പി എം കണക്കുകൂട്ടുന്നു.

publive-image

അതിനായി ബി ജെ പിയെ സഹായിക്കലാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അത് മനസിലാക്കിയാണ് കേട്ടറിവില്ലാത്ത കേസുകള്‍ ചാര്‍ത്തിയിട്ടും സുരേന്ദ്രന്റെ ജയില്‍ മോചനത്തിനായി ബി ജെ പി പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ഇറങ്ങാത്തതെന്നും വിലയിരുത്തലുണ്ട്.

publive-image

ഈ കള്ളക്കളി ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടണമെന്നാണ് യു ഡി എഫിലെ പൊതുവികാരം. അത് പറഞ്ഞു തന്നെ ഇന്ന് നിയമസഭയില്‍ യു ഡി എഫ് രംഗത്ത് വന്നതോടെ സര്‍ക്കാരും ബി ജെ പിയും ഒരടി പിന്നോട്ടും യു ഡി എഫ് അരയടി മുന്നോട്ടും വലിച്ചിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍.

തങ്ങളെ ഇല്ലാതാക്കാനുള്ള രഹസ്യ അജണ്ടയുടെ നടപ്പാക്കലാണ് ശബരിമലയിലൂടെ നടന്നുകൊണ്ടിരിക്കുന്നതെന്നു തുറന്നടിച്ചതോടെ രമേശ്‌ ചെന്നിത്തല ഇരു പാര്‍ട്ടികളെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

publive-image

ആസന്നമായ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്നുറപ്പുള്ള സുരേന്ദ്രന് സഹതാപ തരംഗം ഉണ്ടാക്കി കൊടുക്കുന്നത് യു ഡി എഫിന്റെ സിറ്റിംഗ് സീറ്റില്‍ ബി ജെ പി വിഷയം ഉറപ്പിക്കാനുള്ള തന്ത്രമായി യു ഡി എഫ് വിലയിരുത്തുന്നു.

അതോടെ യു ഡി എഫ് ദുര്‍ബലമായെന്നും ബി ജെ പി ശക്തമായെന്നും പ്രചരണം അഴിച്ചുവിടാന്‍ കഴിയും.  ഈ അപകടം തിരിച്ചറിഞ്ഞാണ്‌ ചെന്നിത്തലയും കൂട്ടരും ആഞ്ഞടിക്കാനൊരുങ്ങുന്നത് !

Advertisment