Advertisment

ഇനിയുമൊരു മുന്നണി മാറ്റം സാധ്യമല്ല. കത്തോലിക്കാ രൂപതകള്‍ വിളിച്ചുകൂട്ടിയ ഐക്യ കേരളാ കോണ്‍ഗ്രസ് രൂപീകരണ യോഗത്തിലെ പ്രമേയം തിരുത്തിച്ച് പി ജെ ജോസഫ്. പിന്തുണച്ച് മാണിയും !

New Update

publive-image

Advertisment

കോട്ടയം:  ഐക്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് സഭയെ സഹായിക്കുന്ന മുന്നണിയുടെ ഭാഗമായി മാറണമെന്ന് രൂപീകരണ ചര്‍ച്ചയിലവതരിപ്പിച്ച പ്രമേയത്തിലെ പരാമര്‍ശം പി ജെ ജോസഫിന്റെ എതിര്‍പ്പ് മൂലം തിരുത്തിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഭിന്നിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കാനായി കാഞ്ഞിരപ്പള്ളി രൂപതയുടെ കേന്ദ്രത്തില്‍ ചേര്‍ന്ന വിവിധ കേരളാ കോണ്‍ഗ്രസ് നേതാക്കളും വൈദികരും പങ്കെടുത്ത യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

publive-image

ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ വി വി അഗസ്റ്റിനാണ് പ്രമേയം അവതരിപ്പിച്ചത്. ഇതിലെ സഭയെ സഹായിക്കുന്ന മുന്നണിയുടെ ഭാഗമായി മാറണം എന്ന പരാമര്‍ശം പി ജെ ജോസഫ് എതിര്‍ത്തു. കെ എം മാണിയും അത് പാടില്ലെന്ന്‍ പറഞ്ഞു. ഒടുവില്‍ ഈ ഭാഗം ഒഴിവാക്കിയാണ് പ്രമേയം പാസാക്കിയത്.

മാണിക്കും ജോസഫിനും ജോസ് കെ മാണിക്കും പുറമേ റോഷി അഗസ്റ്റിന്‍ ഒഴികെയുള്ള കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരും ജോണി നെല്ലൂര്‍, സ്കറിയാ തോമസ്‌, ആദ്യകാല കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് ജെ മാത്യു, കാഞ്ഞിരപ്പള്ളി - കോതമംഗലം - പാലാ രൂപതകളുടെ പ്രതിനിധികള്‍ എന്നിവരായിരുന്നു യോഗത്തില്‍ സംബന്ധിച്ചത്.

publive-image

ഓരോ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളില്‍ നിന്നും നിശ്ചിത എണ്ണം നേതാക്കളെ വീതമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പാണ് സഭയുടെ നേതൃത്വത്തില്‍ ഇത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചത്. അതിനുശേഷം ചേരുന്ന മൂന്നാമത് യോഗമായിരുന്നു തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയില്‍ ചേര്‍ന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി വിവിധ കേരളാ കോണ്‍ഗ്രസുകളും വിട്ടുപോയ മുന്‍കാല കേരളാ കോണ്‍ഗ്രസുകളും ഒന്നിച്ച് കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാനത്തെ മൂന്ന്‍ മുന്നണികളിലുമായി ഭിന്നിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകളെ ഒരു കുടക്കീഴില്‍ അണിനിരത്തുകയെന്നതായിരുന്നു യോഗത്തിന്റെ ലക്‌ഷ്യം.

publive-image

ഇങ്ങനെ ശക്തിപ്പെടുന്ന ഐക്യ കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളില്‍ ശക്തരായ നേതാക്കളെ മത്സരിപ്പിച്ച് 15 സീട്ടുകളിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന അഭിപ്രായമാണു ചര്‍ച്ചകളില്‍ ഉയര്‍ന്നത്. യു ഡി എഫില്‍ കേരളാ കോണ്‍ഗ്രസിന് നിലവിലുള്ള 15 സീറ്റുകള്‍ക്ക് പുറമേ 3 അധിക സീറ്റുകള്‍ കൂടി ലഭിക്കുമെന്നാണ് ധാരണ.

ആ 18 സീറ്റുകളിലേക്ക് സ്കറിയാ തോമസ്‌, ജോണി നെല്ലൂര്‍, ജോര്‍ജ്ജ് ജെ മാത്യു, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ഡോ. കെ സി ജോസഫ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്.

publive-image

എന്നാല്‍ കെ എം മാണി മനസുവയ്ക്കാതെ ഈ നീക്കം വിജയത്തിലെത്തില്ലെന്നതാണ് സ്ഥിതി. ഐക്യ കേരള കോണ്‍ഗ്രസ് നീക്കത്തോട് നിലവിലെ സാഹചര്യത്തില്‍ പി ജെ ജോസഫിനും അനുകൂല നിലപാടല്ല. മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും രണ്ടാം നിര നേതൃത്വത്തിന് ഈ നീക്കത്തോട് തീരെ താല്പര്യമില്ല.

അവശ്യ ഘട്ടത്തില്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി വീണ്ടും ഐക്യ നീക്കമുണ്ടായാല്‍ നിലവിലെ സംവിധാനം തകരുമെന്ന മുന്നറിയിപ്പാണ് ഇന്നലെ വൈകിട്ടും ഇന്നുമായി കെ എം മാണിയെ കണ്ട കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവച്ചത്. ഇതോടെ കത്തോലിക്കാ രൂപതകളുടെ പുതിയ രാഷ്ട്രീയ നീക്കം എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.

Advertisment