ആര്‍ ബാലകൃഷ്ണപിള്ള, സ്കറിയാ തോമസ്‌ വിഭാഗങ്ങളുടെ കേരളാ കോണ്‍ഗ്രസുകള്‍ ലയിക്കുന്നു. പ്രഖ്യാപനം നാളെ 

സുഭാഷ് ടി ആര്‍
Monday, July 23, 2018

കൊല്ലം:  ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരളാ കോണ്‍ഗ്രസും സ്കറിയാ തോമസ്‌ നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസും തമ്മില്‍ ലയിക്കാന്‍ ധാരണ. ഇരു നേതാക്കളും ഇന്ന് കൊല്ലം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പ്രഖ്യാപനം സംയുക്ത വാര്‍ത്താസമ്മേളനം നടത്തി നാളെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

സ്കറിയാ തോമസിന്റെ പാര്‍ട്ടിക്ക് നിലവില്‍ എം എല്‍ എമാര്‍ ഇല്ലെങ്കിലും ഇവര്‍ ഇടത് മുന്നണിയുടെ ഘടകകക്ഷിയാണ്. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി ഇടതുമുന്നണിയില്‍ അംഗമല്ല. കൊച്ചി ഗണേഷ് കുമാര്‍ ആണ് പിള്ള ഗ്രൂപ്പിന്റെ ഏക എം എല്‍ എ. ഇരു പാര്‍ട്ടികളും ലയിച്ചാല്‍ ഇവര്‍ക്ക് സഭയിലെ ഏക പ്രാതിനിധ്യവും ഗണേഷ് കുമാര്‍ വഴിയാകും.

ഇടത് മുന്നണിയുടെ ഭാഗമായാല്‍ സംയുക്ത കേരളാ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം അവകാശപ്പെടാനാകും. എന്നാല്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് നിലവില്‍ ഭൂരിപക്ഷ സമുദായ കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം നല്‍കിയിരിക്കുന്നത് ക്യാബിനറ്റ് റാങ്കോടെയാണ്.

അതിനാല്‍ രണ്ടാമതൊരു ക്യാബിനറ്റ് റാങ്ക് ഈ പാര്‍ട്ടിക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയുമുണ്ട്‌. എങ്കിലും ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് സാധ്യത.

നേരത്തെ ഇരു കേരളാ കോണ്‍ഗ്രസുകള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്താന്‍ സി പി എം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ്ജ് ഈ നീക്കത്തില്‍ നിന്നും പിന്മാറിയതായാണ് റിപ്പോര്‍ട്ട്.

ഇവരെ പ്രത്യേക പാര്‍ട്ടിയായി മുന്നണിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇടത് മുന്നണിയിലെ കേരളാ കോണ്‍ഗ്രസുകളുടെ എണ്ണം 2 ആകും.

 

×