കേരളാ കോണ്‍ഗ്രസിന്റെ ലോക്സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. അപു ജോസഫിന്‍റെ പാര്‍ലമെന്ററി വ്യാമോഹം വൃഥാവിലാകും. ആവശ്യം വന്നപ്പോള്‍ മാണിയെ തള്ളിപ്പറഞ്ഞ ജോസഫിന് ഇനി പഴയ പരിഗണന നല്‍കേണ്ടതില്ലെന്ന് മാണി വിഭാഗം

സുഭാഷ് ടി ആര്‍
Friday, June 29, 2018

കൊച്ചി:   കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്ന ലോക്സഭാ സീറ്റില്‍ കെ എം മാണിയുടെ നോമിനി തന്നെ മത്സരിക്കാന്‍ സാധ്യത.  ജോസ് കെ മാണി രാജ്യസഭാംഗമായ സാഹചര്യത്തില്‍ ലോക്സഭാ സീറ്റിലേക്ക് പി ജെ ജോസഫിന്റെ മകന്‍ അപു ജോസഫിനെ പരിഗണിക്കുന്നുവെന്ന പ്രചരണങ്ങള്‍ അപ്പാടെ തള്ളിക്കൊണ്ടാണ് സീറ്റ് മാണിയുടെ നോമിനിക്ക് തന്നെയെന്ന് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാണിയും ജോസഫും ലയിച്ച ശേഷവും രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും മാണി വിഭാഗത്തിന് തന്നെയായിരുന്നു. അതിനിടെയാണ് ഓരോ ദിവസം ഓരോ പത്രങ്ങളില്‍ വീതം ഇടുക്കി ലോക്സഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അപു ജോസഫ് മത്സരിക്കുമെന്ന പ്രചരണം നടക്കുന്നത്.

പി ജെ ജോസഫിന്റെ വീടുമായി അടുത്ത ബന്ധമുള്ള ചിലര്‍ ഈ നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി വ്യാപകമായി മാധ്യമങ്ങളെ സമീപിക്കുന്നുവെന്ന വിവരം പുറത്ത് വന്നതോടെയാണ് അത്തരം സാധ്യതകള്‍ പൂര്‍ണ്ണമായി മാണി വിഭാഗം തള്ളിയിരിക്കുന്നത്.

ആവശ്യം വന്നപ്പോള്‍ ജോസഫ് മാണിയെ പിന്തുണച്ചില്ല. ഇനിയെന്തിന് ?

മാത്രമല്ല, കേരളാ കോണ്‍ഗ്രസ് യു ഡി എഫില്‍ തന്നെ തുടരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി പി ജെ ജോസഫിനെ അനുനയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യം കെ എം മാണിക്കില്ല.  മാണിക്ക് ആവശ്യമുണ്ടായിരുന്ന സന്ദര്‍ഭങ്ങളിലൊക്കെ ജോസഫ് മാണിയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നെന്ന ആക്ഷേപം മാണിക്കുണ്ട്.

വിമാനയാത്ര വിവാദത്തില്‍ പ്രതിശ്ചായ നഷ്ടം സംഭവിച്ച് ഇടതുപക്ഷം സീറ്റ് പോലും നിഷേധിക്കുമെന്ന സാഹചര്യത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പി ജെ ജോസഫിനെയും കൂട്ടരെയും കെ എം മാണി ഇടപെട്ട് പാര്‍ട്ടിയില്‍ ലയിപ്പിച്ച് യു ഡി എഫിലേക്ക് കൊണ്ടുവന്നത്. അതിന്റെ പേരില്‍ യു ഡി എഫില്‍ നിന്നും മാണി ഏറെ പഴി കേള്‍ക്കുകയും ചെയ്തു.

ജോസഫിനെ തിരികെ കൊണ്ടുവന്നതിന്റെ പേരില്‍ മാണി യു ഡി എഫിനോട് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചതുമില്ല. ഒടുവില്‍ മാണിക്ക് കിട്ടിയ വിഹിതത്തില്‍ നിന്നായിരുന്നു ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്.

വിമാന യാത്ര, കൊയിലാണ്ടി സംഭവങ്ങളില്‍ നല്‍കിയ പിന്തുണ തിരിച്ചു കിട്ടിയില്ലെന്ന് !

ജോസഫ് വിമാനയാത്ര പീഡന വിവാദത്തെ തുടര്‍ന്ന്‍ രാജിവച്ചപ്പോഴും പിന്നീട് അധികാരമേറ്റ മോന്‍സ് ജോസഫിനെതിരെ ‘കൊയിലാണ്ടി വിവാദം’ ഉണ്ടാകുകയും ചെയ്തപ്പോഴും രാഷ്ട്രീയമായി ഭിന്ന ചേരിയിലായിരുന്നിട്ടുപോലും മാണി വിഭാഗം അവരെ എതിര്‍ത്തില്ല. പിന്നീട് ആ ക്ഷീണത്തില്‍ നില്‍ക്കുകയായിരുന്ന ജോസഫിനെയും മോന്‍സിനെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു ലയനത്തോടെ സ്വീകരിച്ചത്.

എന്നാല്‍ അതിന്റെ പേരില്‍ മാണിയും പാര്‍ട്ടിയും ഏറെ നഷ്ടം സഹിച്ചിട്ടും മാണിക്ക് ആവശ്യം വന്നപ്പോള്‍ ജോസഫ് കൂടെ നിന്നില്ലെന്ന പരാതി മാണിക്കുണ്ട്.

ബാര്‍ കോഴ കേസില്‍ യുഡിഎഫിനെ വരച്ച വരയില്‍ നിര്‍ത്താനുള്ള നീക്കം പൊളിച്ചടുക്കിയത് ജോസഫ് ? 

ബാര്‍ കോഴ കേസ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ജേക്കബ്ബ് തോമസും പി സി ജോര്‍ജ്ജും ചേര്‍ന്ന് മാണിയുടെ തലയില്‍ ചാര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ എം എല്‍ എമാരെ ഒപ്പം നിര്‍ത്തി കേസ് തീര്‍ക്കാന്‍ യു ഡി എഫിന് അന്ത്യശാസനം നല്‍കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതാണ്.

6 എം എല്‍ എമാര്‍ ഒന്നിച്ചു നിന്ന് പ്രശ്നം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ രണ്ടു പേരുടെ ഭൂരിപക്ഷത്തില്‍ മാത്രം നിലനില്‍ക്കുകയായിരുന്ന യു ഡി എഫ് സര്‍ക്കാരിന് അത് അനുസരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ജോസഫും മോന്‍സും അതിന് തയാറായില്ല. പകരം അവരും ഐ’ ഗ്രൂപ്പുമായി കൈകോര്‍ത്തു.

കേരളാ കോണ്‍ഗ്രസുകാര്‍ അങ്ങനൊരു നിലപാട് സ്വീകരിക്കില്ലെന്ന് രമേശ്‌ ചെന്നിത്തല അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്നും ആ ഉറപ്പ് ആര് അവര്‍ക്ക് കൊടുത്തു എന്നതായിരുന്നു അന്ന് മാണിയുടെ ചോദ്യം.

മാണിക്കൊപ്പം രാജി വയ്ക്കാതെ മാറി നിന്നു !

വീണ്ടും മാണി രാജിവയ്ക്കേണ്ട സാഹചര്യം വന്നു. പാര്‍ട്ടിയുടെ ക്യാബിനറ്റ് റാങ്കുകാര്‍ ഒന്നിച്ചു രാജിവയ്ക്കാനായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ ആദ്യ നിര്‍ദ്ദേശം.

എന്നാല്‍ തനിക്കതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ജോസഫിന്റെ നിലപാട്. തോമസ്‌ ഉണ്ണിയാടന്‍ രാജിക്കത്ത് കൊടുത്തെങ്കിലും അതിന് പിന്നില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ തന്നെ വേണ്ടിവന്നു.

പിളര്‍ത്താന്‍ ശ്രമിച്ചതും ജോസഫിന് വിനയാകും

പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിടാന്‍ തീരുമാനിച്ചപ്പോഴായിരുന്നു മാണി ജോസഫിന്റെ സഹായം വീണ്ടും ആവശ്യപ്പെട്ടത്. ഇടതുപക്ഷത്തേക്ക് ചാടാന്‍ മാണി ആഗ്രഹിച്ചെങ്കിലും ജോസഫ് ഒപ്പം നില്‍ക്കില്ലെന്ന് തീര്‍ത്ത്‌ പറഞ്ഞു.

മാത്രമല്ല, മാണി ഇടതുപക്ഷത്തേക്ക് പോയാല്‍ പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് യു ഡി എഫില്‍ തുടരാനും ജോസഫ് ധാരണയുണ്ടാക്കിയെന്നാണ് മാണിയുടെ പരാതി. മാത്രമല്ല, ഉണ്ണിയാടന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ അടര്‍ത്തി മാറ്റാനും ജോസഫ് ശ്രമം നടത്തിയെന്ന ആക്ഷേപം മാണിക്കുണ്ട്.

ഇനി മാണിക്ക് വേണ്ടാ, ജോസഫിനെ !

ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി മുന്‍കൈയ്യെടുത്ത് കേരളാ കോണ്‍ഗ്രസിനെ യു ഡി എഫില്‍ തിരികെയെത്തിച്ചത്. ജോസഫിന്റെ നിലപാടും യു ഡി എഫ് തന്നെയാണ്.

ഒടുവില്‍ കേരളാ കോണ്‍ഗ്രസ് യു ഡി എഫിന്റെ ഭാഗമായി മാറിയതോടെ ഇനി ജോസഫിന്റെ ‘അസാധാരണമായ’ പിന്തുണയുടെ ആവശ്യം മാണിക്കില്ല.

അതിനുള്ള ആള്‍ ബലവും ജോസഫ് ഗ്രൂപ്പിനില്ല. ജോസഫിന്റെ കൂടെയുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം പുറത്തുപോയി.

അവരെ അനുഗ്രഹിച്ച് യാത്രയാക്കിയ ജോസഫ് അവര്‍ക്കൊപ്പം പോയ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചതുമില്ല. ഇപ്പോഴും ഫ്രാന്‍സിസ് ജോര്‍ജ്ജുമായി ജോസഫ് നല്ല ബന്ധത്തിലുമാണ്.

ഒപ്പമുള്ളവരും മകനെതിര് ?

ഈ സാഹചര്യത്തില്‍ പി ജെ ജോസഫിന് നിലവില്‍ കേരളാ കോണ്‍ഗ്രസില്‍ വിലപേശല്‍ ശേഷിയില്ലെന്നതാണ് വാസ്തവം. അതിനാല്‍ തന്നെ ലോക്സഭാ സീറ്റ് നല്‍കി ജോസഫിനെ ഒപ്പം നിര്‍ത്തേണ്ട ആവശ്യവും മാണിക്കില്ല.

ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ സീനിയറായ നേതാക്കളും ജോസഫിനൊപ്പമില്ല. വിദേശത്ത് ജോലി ചെയ്ത മകനെ മടക്കിക്കൊണ്ടുവന്ന്‍ മത്സരിപ്പിച്ച് വീണ്ടും മക്കള്‍ രാഷ്ട്രീയത്തിന്റെ പഴി കേള്‍പ്പിക്കാന്‍ കേരളാ കോണ്‍ഗ്രസ് ഒരുങ്ങുകയുമില്ല.

ജോസഫ് ഗ്രൂപ്പില്‍ മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ളവരും പുറത്തുള്ള ഫ്രാന്‍സിസ് ജോര്‍ജ്ജും അതിനെതിരാണ്. അതിനാല്‍ തന്നെ മകന്‍ അപു ജോസഫിനെ പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിപ്പിക്കാനുള്ള ജോസഫിന്റെ നീക്കം വിജയം കാണാനിടയില്ല.

ആവശ്യം വന്നപ്പോഴൊക്കെ മാണിക്കിട്ട് എട്ടിന്റെ പണി കൊടുത്തിട്ട് പിന്നെ വന്ന് മകന് സീറ്റ് ചോദിച്ചാല്‍ അനുവദിക്കാന്‍ മാണിയെ കിട്ടില്ലെന്നുറപ്പെന്നാണ് മാണി അനുകൂലികള്‍ പറയുന്നത് .

വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും കടുത്തുരുത്തിയ്ക്കും തൊടുപുഴയ്ക്കും പുറമേ  സീറ്റുകള്‍ ജോസഫ് ഗ്രൂപ്പിന് മാണി അനുവദിച്ചേക്കില്ല. കോതമംഗലം സീറ്റിന് പകരം മധ്യ കേരളത്തില്‍ മറ്റൊരു സീറ്റ് ഏറ്റെടുക്കാനാണ് മാണിയുടെ നീക്കം. ഒപ്പമുള്ള പ്രവര്‍ത്തകരെ ശിഷ്യന്റെ പാര്‍ട്ടിയിലേക്ക് പറഞ്ഞയച്ച ജോസഫിന് അവതരിപ്പിക്കാന്‍ സ്ഥാനാര്‍ഥികളും ഇല്ലെന്നതാണ് സ്ഥിതി.

ടി യു കുരുവിള ഇപ്പോള്‍ രാഷ്ട്രീയത്തില്‍ അത്ര സജീവമല്ല. അതിനാല്‍ കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫിന്റെ വിലപേശല്‍ ശേഷി ഇല്ലാതായിരിക്കുകയാണ്.

×