Advertisment

കേരളാ കോണ്‍ഗ്രസ് ഐക്യ നീക്കം സജീവമാക്കി കത്തോലിക്കാ രൂപതകള്‍. ഭിന്നിച്ചുനിന്ന നേതാക്കളെ മൂന്നാംവട്ടവും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി. നിയമസഭാ, ലോക്സഭാ നീക്കുപോക്കുകളും ചര്‍ച്ചയായി

New Update

കോട്ടയം:  ഭിന്നിച്ചു നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളെയും നേതാക്കളെയും ഒന്നിപ്പിക്കാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ സഭാ സ്ഥാപനത്തില്‍ നേതൃയോഗം . രഹസ്യമായി സംഘടിപ്പിച്ച യോഗത്തില്‍ നാല്പതോളം കേരളാ കോണ്‍ഗ്രസ് ബന്ധമുള്ള നേതാക്കളാണ് പങ്കെടുത്തത്.

Advertisment

publive-image

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും പി ജെ ജോസഫും ജോസ് കെ മാണിയും എം എല്‍ എമാരും ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരും മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോര്‍ജ്ജ് ജെ മാത്യുവും സ്കറിയാ തോമസും ഉള്‍പ്പടെ വിവിധ കേരള കോണ്‍ഗ്രസ് നേതാക്കളും കത്തോലിക്ക കോണ്‍ഗ്രസിന്റെയും ഇന്‍ഫാമിന്റെയും സഭയുടെയും വിവിധ പ്രതിനിധികളും പങ്കെടുത്തു.

പി സി ജോര്‍ജ്ജിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നതും ബുദ്ധിപരമായ മറ്റൊരു നീക്കത്തിന്റെ ഭാഗമായിരുന്നു. പകരം ഫ്രാന്‍സിസ് ജോര്‍ജ്ജുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന കോതമംഗലത്തെ മുന്‍ വികാരി ജനറാള്‍ മലേക്കുടി അച്ചന്‍ യോഗത്തിനെത്തിയിരുന്നു.

പാലാ, കോതമംഗലം, ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.  കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ വി വി അഗസ്റ്റിനും   യോഗത്തില്‍ പങ്കെടുത്തു .

publive-image

ഐക്യനീക്കത്തിന് പിന്നിലെ രഹസ്യ അജണ്ടകള്‍ !

സഭയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കത്തോലിക്കരായ നേതാക്കളും പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു യോഗമെങ്കിലും യോഗത്തിന് ചില രഹസ്യ അജണ്ടകളുണ്ടെന്ന ആക്ഷേപമാണ് ഈ യോഗത്തില്‍ പങ്കെടുത്ത കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാക്കള്‍ പങ്കുവച്ചത്.

കെ എം മാണിയ്ക്ക് ശേഷം കേരളാ കോണ്‍ഗ്രസ് എമ്മിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഐക്യ നീക്കത്തിന് പിന്നിലെന്ന ആരോപണം ഇവര്‍ ഉന്നയിച്ചുകഴിഞ്ഞു.  നേരത്തെ വിവാദം ഉണ്ടാക്കി പ്രതിസന്ധി ഘട്ടത്തില്‍ മാണി ഗ്രൂപ്പ് വിട്ടുപോയ ചിലര്‍ക്ക് തിരികെ വരാനുള്ള കളമൊരുക്കലായി ഐക്യ നീക്കം മാറുമെന്ന വികാരമാണ് ഇക്കൂട്ടര്‍ പങ്കുവച്ചത്.

ബാര്‍ കോഴ വിവാദത്തില്‍ മാണിയും കേരളാ കോണ്‍ഗ്രസും പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തില്‍ മാണിക്കെതിരെ ജഡ്ജിയെക്കൊണ്ട് വിധിയെഴുതിക്കാന്‍ ഓടി നടന്നവരാണ് ഇപ്പോള്‍ മാണിക്ക് ശേഷം പാര്‍ട്ടി കൈപ്പിടിയിലൊതുക്കാനായി തന്ത്രങ്ങള്‍ മെനയുന്നതെന്നാണ് ഇവരുടെ ആക്ഷേപം.

publive-image

ഐക്യത്തിന് മാണി മുന്‍കൈയ്യെടുക്കണം. അല്ലെങ്കില്‍ സഭ തീരുമാനിക്കും ? പാളിയതിങ്ങനെ !

ഇപ്പോള്‍ ക്രൈസ്തവ പാരമ്പര്യമുള്ള നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്നും എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് ഐക്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ചുമതല മുതിര്‍ന്ന നേതാവായ കെ എം മാണിയെ ഏല്‍പ്പിക്കുന്നുവെന്നുമായിരുന്നു യോഗത്തില്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ പ്രസംഗം.

അത് നടന്നില്ലെങ്കില്‍ പിന്നീട് എന്ത് ചെയ്യണമെന്ന് സഭ ആലോചിക്കാമെന്ന വാക്കുകള്‍കൂടി ബിഷപ്പില്‍ നിന്നും ഉണ്ടായതോടെ കെ എം മാണിയും കൂട്ടരും അപകടം മണത്തു.

ഐക്യമല്ല ആദ്യം ഐക്യത്തിനുള്ള മാനസിക ഐക്യം നേതാക്കള്‍ തമ്മിലാണ് ഉണ്ടാകേണ്ടതെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം. പി ജെ ജോസഫും ഐക്യ നീക്കത്തോട് അത്ര താല്പര്യം പ്രകടിപ്പിച്ചില്ല. പി ജെയുടെ മകന്‍ അപു ജോസഫ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗവുമായി അദ്ദേഹവും അത്ര നല്ല ബന്ധത്തിലല്ല.

publive-image

18 സീറ്റുകളിലെ നീക്കുപോക്കുകള്‍ ചര്‍ച്ചയായി

യു ഡി എഫിലേക്ക് മടങ്ങിവന്ന കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത് മൂന്ന്‍ അധിക സീറ്റുകളാണ്. അതോടൊപ്പം രണ്ടു സീറ്റുകളില്‍ നീക്കുപോക്കും. നിലവില്‍ 15 സീറ്റുകളാണ് മാണിക്കുള്ളത്.

അതില്‍ തളിപ്പറമ്പും ആലത്തൂരും വിട്ടുനല്‍കി കുറച്ചുകൂടി ജയസാധ്യതയുള്ള രണ്ടു സീറ്റുകളാണ് മാണി ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം പുതിയതായി മൂന്ന്‍ സീറ്റുകളും ലഭിക്കും. അതില്‍ ചാലക്കുടിയും മൂവാറ്റുപുഴയും മാണി പ്രതീക്ഷിക്കുന്നുണ്ട്.

മൂവാറ്റുപുഴ ലഭിച്ചാല്‍ ജോണി നെല്ലൂരിനെ അവിടെ മത്സരിപ്പിക്കണമെന്നാണ് യോഗത്തിലെ ആലോചന. ചാലക്കുടി ലഭിച്ചാല്‍ മുന്‍ എം എല്‍ എ ജോര്‍ജ്ജ് ജെ മാത്യുവിന് താല്പര്യമുണ്ട്. ഒപ്പം സ്കറിയാ തോമസിനും ജയസാധ്യതയുള്ള സീറ്റാണ് ആവശ്യപ്പെടുന്നത്.

നിലവില്‍ ഇടതുമുന്നണിയില്‍ കാര്യമായ പരിഗണന ലഭിക്കാത്ത ഫ്രാന്‍സിസ് ജോര്‍ജ്ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ മടക്കി കൊണ്ടുവരണമെന്നതാണ് കാഞ്ഞിരപ്പള്ളി രൂപത മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ആവശ്യം.

publive-image

ഫ്രാന്‍സിസ് ജോര്‍ജ്ജിന് 2 സീറ്റ്

അങ്ങനെ വരുമ്പോള്‍ കോതമംഗലം ഫ്രാന്‍സിസ് ജോര്‍ജ്ജിനും ചങ്ങനാശ്ശേരിയോ കുട്ടനാടോ ഡോ. കെ സി ജോസഫിനും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത്രയും നേതാക്കളെ മത്സരിപ്പിച്ചാല്‍ ജോസഫ് ഗ്രൂപ്പിനും നല്‍കിയ ശേഷം മാണി ഗ്രൂപ്പ് നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റില്ലാതെ വരുമെന്നതാണ് മാണി ഗ്രൂപ്പിലെ പ്രധാന തര്‍ക്കം.

ഇവര്‍ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് ഇത്രയും സീറ്റുണ്ടാകുമെന്നിരിക്കെ തങ്ങളായി എന്തിന് ത്യാഗം സഹിക്കണമെന്നാണ് കെ എം മാണിയുടെ നിലപാട്.

മുന്‍ അനുഭവങ്ങള്‍ മാണിക്ക് പാഠപുസ്തകം !

മുമ്പ് വിമാന പീഡന കേസില്‍ പ്രതിസന്ധിയില്‍ നില്‍ക്കെയായിരുന്നു സ്വന്തം സീറ്റുകള്‍ നല്‍കി മാണി പി ജെ ജോസഫിനെ ഒപ്പം കൂട്ടിയത്. ആ മാണി പിന്നീട് ബാര്‍ കോഴയില്‍ കുടുങ്ങിയപ്പോള്‍ പി ജെ ഒപ്പം നിന്നില്ല.

എന്ന് മാത്രമല്ല പി ജെയുടെ പല നിലപാടുകളും മാണി നടത്തിയ പല രാഷ്ട്രീയ നീക്കങ്ങളെയും പരാജയപ്പെടുത്തുന്നതുമായിരുന്നു.  വീണ്ടുമൊരു ഐക്യമുണ്ടാക്കി താന്‍ ത്യാഗം സഹിക്കുമ്പോള്‍ തനിക്കെന്ത് നേട്ടമെന്നാണ് മാണിയുടെ ചോദ്യം. അങ്ങനെ തങ്ങളുടെ അവസരങ്ങള്‍ ബലികൊടുക്കാന്‍ മാണിക്കൊപ്പമുള്ള നേതാക്കളും ഒരുക്കമല്ല.

publive-image

പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തിലും നീക്കുപോക്ക് 

ഐക്യം യാഥാര്‍ത്ഥ്യമായാല്‍ പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ 2 സാധ്യതകളാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ചര്‍ച്ചയായത്. ഒന്ന് കോട്ടയത്താണ് കേരളാ കോണ്‍ഗ്രസ് മത്സരിക്കുക എങ്കില്‍ എന്‍ ജയരാജ് എം എല്‍ എയെ സ്ഥാനാര്‍ഥിയാക്കി പകര൦ ജയരാജിന്റെ മണ്ഡലമായ കാഞ്ഞിരപ്പള്ളി മുന്‍ എം എല്‍ എ ജോര്‍ജ്ജ് ജെ മാത്യുവിന് വിട്ടുനല്‍കുക.

രണ്ട്, കോട്ടയം ഉമ്മന്‍ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പകരം ഇടുക്കി വാങ്ങി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുക. കോതമംഗലം രൂപതയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ മാണി അതില്‍ സമ്മതം അറിയിച്ചിട്ടില്ല.

publive-image

മാണി എന്തിന് ത്യാഗം സഹിക്കണമെന്നതിന് സഭയ്ക്ക് ഉത്തരമുണ്ട് 

ഐക്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിന് ത്യാഗം സഹിക്കേണ്ടത് മാണിയാണ്.  ഞാനെന്തിന് ത്യാഗം സഹിക്കണമെന്ന മാണിയുടെ ചോദ്യത്തിനും സഭയ്ക്ക് ഉത്തരമുണ്ട്, സഭയ്ക്ക് വേണ്ടി ! പക്ഷേ അവിടെയും മാണിയെ പിന്നോട്ട് നയിക്കുന്ന പല ഘടകങ്ങളുണ്ട്.

പാര്‍ട്ടിയുടെ തുടക്കം മുതല്‍ മാണി സംസ്ഥാന സര്‍ക്കാരില്‍ സഭയുടെ സംരക്ഷകനായിരുന്നു. ഏറ്റവും ഒടുവില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് മുമ്പ് ജയിലില്‍ പോകേണ്ടിയിരുന്ന മലബാറിലെ ഒരു ബിഷപ്പിനെ ആ കേസില്‍ നിന്നും ഊരിവിട്ടതും മാണി ഇടപെട്ടായിരുന്നു.

അത് കഴിഞ്ഞ് 6 മാസം തികയും മുമ്പാണ് മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായത്. അന്ന് ആദ്യം മാണിക്കെതിരെ രംഗത്ത് വന്നതും അതേ ബിഷപ്പായിരുന്നു.

ബാര്‍ കേസില്‍ മാണി പ്രതിസന്ധിയിലായപ്പോള്‍ സഹായം അഭ്യര്‍ഥിച്ച മാണി ഗ്രൂപ്പ് നേതാക്കളോട് ബിഷപ്പുമാര്‍ പറഞ്ഞത് ക്രിമിനല്‍ കേസില്‍ അകപ്പെട്ട ഒരാളെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും എന്നായിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ മോശമായ സാഹചര്യത്തില്‍ ഒരു ബിഷപ്പ് ജയിലിലായപ്പോള്‍ അതേ ബിഷപ്പുമാര്‍ ന്യായീകരണവുമായി രംഗത്ത് വരികയും ചെയ്തു.

അതിനാല്‍ തന്നെ സഭയ്ക്ക് വേണ്ടി ത്യാഗം എന്നൊക്കെപ്പറഞ്ഞാല്‍ അതംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് മാണി വിഭാഗം.

publive-image

മഞ്ഞുരുക്കലിന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജോര്‍ജ്ജ് ജെ മാത്യു മാണിയുടെ വീട്ടില്‍

ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഐക്യ ചര്‍ച്ചയുടെ മൂന്നാമത്തെ യോഗമാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതയുടെ രഹസ്യ കേന്ദ്രത്തില്‍ നടന്നത്.

ഇതിന് മുന്നോടിയായി പതിറ്റാണ്ടുകള്‍ക്ക് ശേഷം മാണിയുടെ ബദ്ധ ശത്രുവായിരുന്ന ജോര്‍ജ്ജ് ജെ മാത്യു കഴിഞ്ഞ വെള്ളിയാഴ്ച പാലായിലെ വസതിയിലെത്തി മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം പി സി തോമസും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ പി സി തോമസിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കത്തിനാണ് ചര്‍ച്ചകള്‍ നടന്നത്.

പക്ഷേ, സാഹചര്യങ്ങള്‍ ഇതായിരിക്കെ സഭയുടെ ഐക്യ നീക്കത്തോട് കെ എം മാണി എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണണം. അതേസമയം, നിലവിലെ രാഷ്ട്രീയ നീക്കങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അറിവോടെയല്ലെന്നാണ് സൂചന.

Advertisment