Advertisment

പിളരാനുറച്ച് പി ജെ ജോസഫ്. പിളര്‍പ്പിനെ 'പിന്തുണച്ച്' കെ എം മാണിയും. അങ്കം കുറിച്ച ജോസഫിന് മുന്നിലെ സാധ്യതകള്‍ രണ്ട് ? ജോസ് കെ മാണിയുടെ കേരള യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ ആ പതിവ് സിദ്ധാന്തം യാഥാര്‍ത്ഥ്യമാകുമോ - പിളര്‍പ്പ് ?

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  പിളര്‍ന്ന് മാറുക എന്ന ലക്‌ഷ്യം വച്ചാണ് പി ജെ ജോസഫിന്റെ സമീപ കാല നീക്കങ്ങളെന്ന വിലയിരുത്തലില്‍ ജോസഫുമായി അനുനയനീക്കം വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് എം.  ഇടുക്കി സീറ്റ് ആയുധമാക്കി പാര്‍ട്ടിയുമായി തെറ്റിപ്പിരിയാനും വേറെ പാര്‍ട്ടിയായി നില്‍ക്കാനും പി ജെ ജോസഫ് നടത്തുന്ന നീക്കങ്ങള്‍ക്ക്‌ തടയിടേണ്ടതില്ലെന്നാണ് മാണിയുടെ തീരുമാനം.

Advertisment

publive-image

അതേസമയം, 2 സീറ്റുകള്‍ വേണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തിന് ചര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ കോണ്‍ഗ്രസ് വഴങ്ങുന്നില്ലെങ്കില്‍ ഉന്നതാധികാര സമിതി യോഗം വിളിച്ച് ഏക സീറ്റില്‍ മത്സരിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചേക്കും. യു ഡി എഫുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നതായിരിക്കും ഉന്നതാധികാര സമിതിയുടെ തീരുമാനം.

പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഈ തീരുമാനത്തെ എതിര്‍ത്താല്‍ പി ജെ ജോസഫിന് ഐക്യ കേരളാ കോണ്‍ഗ്രസിന് പുറത്തേക്കുള്ള വഴി തെളിയും. അതേസമയം പി ജെ ജോസഫിനെ പുറത്താക്കാന്‍ മാണി തയാറാകില്ല.

publive-image

ജോസഫിന് വിലങ്ങുതടി കൂറുമാറ്റത്തിന്റെ വാള്‍ ?

മാണി പുറത്താക്കിയില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത നേരിടേണ്ടി വരുമെന്നതിനാല്‍ എം എല്‍ എ സ്ഥാനം രാജിവച്ച് ജോസഫിന് വീണ്ടും മത്സരിക്കേണ്ടി വരും. അതിന് ജോസഫിനൊപ്പമുള്ള മോന്‍സ് ജോസഫ് തയാറാകുമോ എന്നാണ് മാണി വിഭാഗം ഉറ്റുനോക്കുന്നത്.

മാണിയുമായി തെറ്റിപ്പിരിഞ്ഞാല്‍ രണ്ടു സാധ്യതകളാണ് ജോസഫിന് മുന്നിലുള്ളത്. ഒന്ന്, യു ഡി എഫിന്റെ ഘടകകക്ഷിയായി മാറുക. പക്ഷേ, അതിനെ കേരളാ കോണ്‍ഗ്രസും, മുസ്ലീം ലീഗും കോണ്‍ഗ്രസിലെ എ ഗ്രൂപ്പും എതിര്‍ക്കും. ഐ ഗ്രൂപ്പിന്റെ പിന്തുണ ജോസഫിനുണ്ട്.

അങ്ങനെ വേറെ പാര്‍ട്ടിയായി മുന്നണിയുടെ ഭാഗമാകണമെങ്കില്‍ പോലും കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാന്‍ രാജിവച്ച് വീണ്ടും മത്സരിച്ച് വിജയിക്കണം. അത് പ്രായോഗികമായി എളുപ്പമായിരിക്കില്ല. അതിനെ രാഷ്ട്രീയമായി ന്യായീകരിക്കാന്‍ യു ഡി എഫിനും കഴിയില്ല. മാത്രമല്ല, യു ഡി എഫ് ഒന്നാകെ അത്തരം നാണംകെട്ട രാഷ്ട്രീയ നാടകങ്ങളുടെ പഴി കേള്‍ക്കേണ്ടി വരും.

publive-image

ഫ്രാന്‍സിസ് ജോര്‍ജ്ജിലാണ് പ്രതീക്ഷ !

അതേസമയം, ജോസഫ് അങ്ങനെ യു ഡി എഫില്‍ വേറെ പാര്‍ട്ടിയായാല്‍ പി സി ജോര്‍ജ്ജും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പാര്‍ട്ടിയും ജോസഫിനൊപ്പം അണി ചേരുമെന്നാണ് ജോസഫ് കരുതുന്നത്. എന്നാല്‍ ഇടത് മുന്നണി ഘടക കക്ഷിയായ സ്ഥിതിക്ക് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അതിന് തയാറാകുമോ എന്ന് കാത്തിരുന്നു കാണണം.

പി സി ജോര്‍ജ്ജിനെ അങ്ങനെയാണെങ്കില്‍ പോലും യു ഡി എഫിലെടുത്താല്‍ അത് മുന്നണിയില്‍ പൊട്ടിത്തെറി ഉണ്ടാക്കും എന്നതിന് പുറമേ യു ഡി എഫ് അണികളുടെ വ്യാപക പ്രതിഷേധവു൦ ക്ഷണിച്ചുവരുത്തും.

കേരളാ കോണ്‍ഗ്രസിലെ വിഘടിത വിഭാഗങ്ങള്‍ക്ക് വേണ്ടി വിഴുപ്പ് ചുമന്ന് അത്രയൊക്കെ പഴി കേള്‍ക്കാന്‍ നില്‍ക്കണമോ എന്നത് കോണ്‍ഗ്രസ് നേതാക്കളും ആലോചിക്കും. എന്നാല്‍ പി ജെ ജോസഫിനെ മാണി ഗ്രൂപ്പില്‍ നിന്നും പുറത്ത് ചാടിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പി സി ജോര്‍ജ്ജാണ്. ഏതാനും നാളുകളായി ഇരുവരും വലിയ സൗഹൃദത്തിലാണ്.

ജോസഫിനെ സംബന്ധിച്ച് അപ്രായോഗികവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ് ഈ ഒന്നാമത്തെ സാധ്യതയെങ്കില്‍ രണ്ടാം സാധ്യത ലാഭകരമാണ്. അത് ഇടതുമുന്നണിയിലേക്ക് എന്നതാണ്.

publive-image

ഇടതിലെത്തിയാല്‍ മന്ത്രിസ്ഥാനം ഉറപ്പെന്ന് ധാരണ ?

പി ജെ ജോസഫും മോന്‍സ് ജോസഫും ഒന്നിച്ചു ചെന്നാല്‍ സ്വീകരിക്കാന്‍ ഇടത് മുന്നണി തയാറാണ്. പക്ഷേ, ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ലയിച്ച് ഒന്നാകണം.  അങ്ങനെ 2 എം എല്‍ എമാരുമായി ചെന്നാല്‍ ഒരു മന്ത്രിസ്ഥാനവും ഉറപ്പാണ്.

അത്തരം ചില നീക്കങ്ങള്‍ക്ക്‌ ധാരണ ആയതായി ജോസഫ് ഗ്രൂപ്പ് കേന്ദ്രങ്ങളും സമ്മതിക്കുന്നുണ്ട്. ജോസഫ് മുമ്പ് കൈകാര്യം ചെയ്ത ഒരു വകുപ്പ് തന്നെ ലഭിക്കുമത്രേ. 2 സാധ്യതകളും ജോസഫ് ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

publive-image

പി സി ജോര്‍ജ്ജിന്റെ ആര്‍ക്കും വേണ്ട, മോന്‍സിന്‍റെ ലാഭം എന്ത് ?

അങ്ങനെ ജോസഫ് ഇടത് മുന്നണിയിലെത്തിയാലും അവിടെയും പി സി ജോര്‍ജ്ജിനെ അവര്‍ എഴയല്‍പക്കത്ത് പ്രവേശിപ്പിക്കില്ല. മാത്രമല്ല, ആ കളിയില്‍ മോന്‍സ് ജോസഫിന് എന്ത് ലാഭം എന്നത് മോന്‍സും ചിന്തിക്കും. ജനത്തിന് മുമ്പില്‍ മാന്യത കൈവിടാത്ത നേതാവാണ്‌ മോന്‍സ് ജോസഫ്,

നിലവില്‍ ജോസഫ് ഗ്രൂപ്പില്‍ രണ്ടാമനാണ് ജോസഫ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെത്തിയാല്‍ ചുരുങ്ങിയത് മൂന്നാമനെങ്കിലുമായി ഒതുങ്ങേണ്ടി വരും. ആദ്യം പി ജെ, പിന്നെ ഫ്രാന്‍സിസ് ജോര്‍ജ്ജ്, മൂന്നാമത് മോന്‍സ്, ഡോ. കെ സി ജോസഫിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അവിടെ വേറെയുമുണ്ട്.

അതേസമയം, മാണിയില്‍ തുടര്‍ന്നാല്‍ അവശിഷ്ടം ജോസഫ് ഗ്രൂപ്പിന്റെ നേതാവായി മോന്‍സിന് മാറാം.  മാത്രമല്ല രാഷ്ട്രീയത്തില്‍ ഇനിയുമേറെ സാധ്യതകളുള്ള മോന്‍സ് ഇത്തരം കളികള്‍ക്ക് നിന്നുകൊടുക്കാന്‍ തയാറല്ലെന്നും സൂചനയുണ്ട്.

publive-image

പിളരാന്‍ ജോസഫിനെ പിന്തുണച്ച് മാണി !

ഇതില്‍ ഏത് മാര്‍ഗ്ഗമാണെങ്കിലും പി ജെ ജോസഫ് പുറത്ത് പോകുന്നതിനെ കെ എം മാണി എതിര്‍ക്കില്ല. ജോസഫ് പൊയ്ക്കൊള്ളട്ടെ എന്ന നിലപാടാണ് ജോസ് കെ മാണിക്കും ജയരാജിനും റോഷി അഗസ്റ്റിനുമൊക്കെയുള്ളത്.

അസംതൃപ്തറായി തുടരുന്നവരെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നതാണ് ഇവരുടെ നയം. അതില്‍ ഭേദം അവര്‍ പുറത്ത് പോകുന്നതാണ് നല്ലതെന്ന് അവര്‍ കരുതുന്നു. പാര്‍ട്ടിയില്‍ ജോസ് കെ മാണിയുടെ വളര്‍ച്ചയ്ക്കും അതായിരിക്കും ഉചിതമെന്ന് മാണി അനുകൂലികളും വിലയിരുത്തുന്നു.

അതേസമയം, പി ജെ ജോസഫിന്റെ നീക്കങ്ങള്‍ക്ക്‌ പഴയ മാണി ഭക്തനായ ഒരു മുന്‍ എം എല്‍ എയും പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. അദ്ദേഹത്തിന് വേണ്ടിയാണ് ജോസഫ് ചാലക്കുടി സീറ്റ് ചോദിക്കുന്നതും.

എന്തായാലും ജോസ് കെ മാണിയുടെ കേരള യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും കേരളാ കോണ്‍ഗ്രസിലെ ഒരു പതിവ് പ്രതിഭാസത്തിന് കേരള രാഷ്ട്രീയം രാക്ഷ്യം വഹിക്കാനാണ് സാധ്യത. മാണിയുടെ തന്നെ ഭാഷയില്‍ വളരുംതോറും പിളരുന്ന പ്രതിഭാസം !

jose km loksabha ele
Advertisment